വാർസോ: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ നേരിടാൻ നിയമപരവും നീതിയുക്തവും പ്രായോഗികവുമായ നടപടികൾ സ്വീകരിക്കണമെന്ന് ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോഓപ്പറേഷൻ ഇൻ യൂറോപ്പ് (OSCE) സ്ഥിരം വത്തിക്കാൻ പ്രതിനിധി മോൺ. ജാനുസ് എസ് ഉർബാൻസിക്.
സ്ത്രീകളും പുരുഷന്മാരും ഒരേപോലെ സ്വതന്ത്രരും, അന്തസ്സിലും അവകാശങ്ങളിലും തുല്യരായി ജനിച്ചവരുമാണെന്ന് മറക്കരുത്. വിവിധ രാജ്യങ്ങൾ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ നിരവധി നടപടികൾ സ്വീകരിച്ചിട്ടും ഇവർക്ക് നേരെയുള്ള ശാരീരികമോ ലൈംഗികമോ മാനസികമോ ആയ അതിക്രമങ്ങൾ തുടരുന്നത് സമൂഹത്തിൽ ഒരു വിപത്താണ്. അതിനെ അവഗണിക്കാൻ കഴിയില്ല.
എല്ലാവരുടെയും തുല്യതയും അനിഷേധ്യമായ അവകാശങ്ങളും ലോകത്തിലെ സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും അടിത്തറയാണെന്നും പോളണ്ടിൽ നടക്കുന്ന വാർസോ ഹ്യൂമൻ ഡൈമൻഷൻ കോൺഫറൻസിന്റെ അഞ്ചാമത് പ്ലീനറി സെഷനിൽ മോൺ. ഉർബാൻസിക് എടുത്ത് പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയോടൊപ്പം മോൺ. ജാനുസ് എസ് ഉർബാൻസിക്
യുദ്ധമോ ലഹളയോ പോലെ സംഘർഷം നിറഞ്ഞ സാഹചര്യങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ അതിന്റെ ഉച്ചസ്ഥായിയിലാണ്. ഇപ്പോൾ ഉക്രെയിനിൽ ധാരാളം സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇത്തരം അതിക്രമങ്ങൾക്ക് ഒരു ഉദാഹരണമാണ്.
ഇതിന് പുറമെ സ്ത്രീകളുടെ ദൈനംദിന ജീവിതത്തിലും അക്രമ സംഭവങ്ങൾ സാധാരണമാകാം. ജോലിസ്ഥലത്തെ ദുരുപയോഗം, ലൈംഗിക പീഡനം, അശ്ലീലം, വേശ്യാവൃത്തി, നിർബന്ധിത വന്ധ്യംകരണം, ഗർഭച്ഛിദ്രത്തിനുള്ള നിർബന്ധം, സാഹചര്യസമ്മർദ്ദത്തെ തുടർന്നുള്ള ഗർഭഛിദ്രം എന്നിവ ചില ഉദാഹരണങ്ങളാണ്.
ഒരു സ്ത്രീയുടെ അന്തസ്സ് ബഹുമാനിക്കപ്പെടുകയോ സംരക്ഷിക്കപ്പെടുകയോ ചെയ്യപ്പെടാതിരിക്കുമ്പോൾ ഓരോ വ്യക്തിയും സമൂഹം മുഴുവനും നശിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങളെ പ്രതിരോധിക്കാൻ നമുക്ക് കഴിയണം.
സ്ത്രീകൾക്കെതിരായ അനീതികൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഈ വിഷയത്തിൽ നിയമപരവും പ്രായോഗികവുമായ നടപടികൾ കൈക്കൊള്ളണമെന്നും യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനും വേണ്ടിയുള്ള ഓർഗനൈസേഷന്റെ വത്തിക്കാൻ സ്ഥിരം പ്രതിനിധി മോൺ. ജാനുസ് എസ്. ഉർബാൻസിക് വിശദീകരിച്ചു.
2020 ജനുവരി 1 ന് ഫ്രാൻസിസ് മാർപാപ്പ സ്ത്രീകളുടെ സംരക്ഷണത്തിനായി പറഞ്ഞ വാക്കുകളും മോൺ. ഉർബാൻസിക് അനുസ്മരിച്ചു. ഒരു സ്ത്രീയുടെ ശരീരത്തോട് എങ്ങനെ പെരുമാറുന്നു എന്നതിലൂടെ നമുക്ക് നമ്മുടെ മാനവികതയുടെ അളവ് മനസ്സിലാക്കാൻ കഴിയുമെന്നാണ് മാർപാപ്പ അന്ന് വ്യക്തമാക്കിയത്.
ലാഭക്കൊതിയുടെയുള്ള പരസ്യങ്ങൾക്കും അശ്ലീലസാഹിത്യത്തിനും വേണ്ടി അശുദ്ധമായ ബലിപീഠങ്ങളിൽ എത്ര തവണ സ്ത്രീകളുടെ ശരീരം ബലിയർപ്പിക്കപ്പെടുന്നു. ഉപയോഗിക്കാൻ ഒരു ക്യാൻവാസ് പോലെ ചൂഷണം ചെയ്യപ്പെടുന്നു. ഇനിയെങ്കിലും സ്ത്രീകളുടെ ശരീരത്തെ ഉപഭോക്തൃത്വത്തിൽ നിന്ന് മോചിപ്പിക്കണം. അവരെ ബഹുമാനിക്കുകയും ആദരിക്കുകയും വേണമെന്നും മാർപാപ്പ പറഞ്ഞിരുന്നു.
സ്ത്രീകളുടെ പുരോഗതിക്ക് അവരുടെ അന്തസ്സിനെ അവഗണിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നവരുടെ മനോഭാവത്തിലും മാറ്റം ആവശ്യമാണെന്ന് മോൺ. ഉർബാൻസിക്ക് ഊന്നിപ്പറഞ്ഞു. സ്ത്രീകൾ പുരുഷന്മാരേക്കാൾ താഴ്ന്നവരാണെന്ന ചിന്ത സമൂഹത്തിൽ വേരോടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പല സാഹചര്യത്തിലും സ്ത്രീകൾ പുരുഷന്മാരെ സേവിക്കാനുള്ളവരും അവരുടെ സന്തോഷത്തിനുള്ള ഉപകരണങ്ങളുമായി മാറ്റപ്പെടുന്നു. ഇത്തരം ആശയങ്ങൾ തെറ്റായതും ഖേദകരവുമാണ്.
സ്ത്രീപുരുഷന്മാരുടെ തുല്യവുമായ അന്തസ്സിനെ അംഗീകരിക്കുകയും ഭാവി തലമുറകളെ ശരിയായ രീതിയിൽ പഠിപ്പിക്കുകയും ചെയ്തില്ലെങ്കിൽ ഇന്നത്തെ പ്രവണത സമൂഹത്തിൽ നിന്നും മാറുമെന്നതിൽ പ്രതീക്ഷ വെക്കേണ്ടതില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.