സ്‌കൂളുകളില്‍ നിന്നുള്ള രാത്രികാല വിനോദയാത്ര വേണ്ട; നിര്‍ദ്ദേശങ്ങള്‍ കടുപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്

സ്‌കൂളുകളില്‍ നിന്നുള്ള രാത്രികാല വിനോദയാത്ര വേണ്ട; നിര്‍ദ്ദേശങ്ങള്‍ കടുപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്‌കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം നിര്‍ബന്ധമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. ഇതു സംബന്ധിച്ച് മുന്‍പ് ഇറക്കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറു വരെയാണു യാത്ര പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഇത് കൃത്യമായി പാലിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറാകണമെന്നും പ്രശ്‌നങ്ങളുണ്ടായാല്‍ സ്ഥാപനത്തിന്റെ തലവന്മാര്‍ ഉത്തരവാദിത്വം പറയേണ്ടി വരുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയിട്ടുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയിലുള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂവെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിക്കുന്നു.

പഠനയാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണം. വിദ്യാര്‍ഥികള്‍ക്കും ഇത് സംബന്ധിച്ച് മുന്‍കൂട്ടി അറിവ് നല്‍കണം. അപകടകരമായ സ്ഥലങ്ങളില്‍ യാത്ര പോകരുതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ഉല്ലാസ യാത്രകളോ, പഠനയാത്രകളോ പോകുന്ന ഘട്ടത്തില്‍ അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാര്‍ത്ഥങ്ങള്‍ യാതൊരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ല. സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.