കര്‍ണാടകയില്‍ ദസറ ഘോഷയാത്രയ്ക്കിടെ മദ്രസയില്‍ അതിക്രമിച്ച് കയറി പൂജ നടത്തി; ഒന്‍പത് പേര്‍ക്കെതിരെ കേസ്

കര്‍ണാടകയില്‍ ദസറ ഘോഷയാത്രയ്ക്കിടെ മദ്രസയില്‍ അതിക്രമിച്ച് കയറി പൂജ നടത്തി; ഒന്‍പത് പേര്‍ക്കെതിരെ കേസ്

ബംഗളൂരു: കര്‍ണാടകയില്‍ ദസറ ഘോഷയാത്രയ്ക്കിടെ മദ്രസയില്‍ അതിക്രമിച്ച് കയറി പൂജ നടത്തിയ സംഭവത്തില്‍ ഒന്‍പത് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കര്‍ണാടകയിലെ ബിദാര്‍ ജില്ലയിലുള്ള മഹ്‌മൂദ് ഗവാന്‍ മദ്രസയിലാണ് സംഭവം. ദസറ ഘോഷയാത്രയില്‍ പങ്കെടുത്ത ആള്‍ക്കൂട്ടമാണ് മദ്രസയുടെ പൂട്ട് പൊളിച്ച് അകത്തു കയറിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

550 വര്‍ഷം പഴക്കമുള്ള മദ്രസയുടെ കോണിപ്പടിയില്‍നിന്ന് ആളുകള്‍ മതമുദ്രാവാക്യങ്ങളും ഉച്ചത്തില്‍ വിളിക്കുന്നുണ്ട്. തുടര്‍ന്ന് ഇവര്‍ പൂജ നടത്താന്‍ പള്ളിയുടെ ഒരു ഭാഗത്തേക്ക് പോകുന്നതും വീഡിയോയില്‍ കാണാം. ഒന്‍പത് പേരാണ് പൂജ നടത്തിയതെന്നാണ് സാക്ഷികള്‍ പറയുന്നത്. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു അതിക്രമമെന്നും ഇവര്‍ ആരോപിച്ചു. അതേസമയം സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെതിരെ നടപടി ആവശ്യപ്പെട്ട് പ്രദേശത്തെ മുസ്ലീം സമുദായാംഗങ്ങള്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്‍പില്‍ പ്രതിഷേധം നടത്തി.

തുടര്‍ന്നാണ് ഒന്‍പത് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിയും മുന്‍പ് അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി.

1460-ല്‍ നിര്‍മ്മിച്ച ബിദാറിലെ മഹമൂദ് ഗവാന്‍ മദ്രസ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി ഉള്‍പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.