കീവില്‍ ആണവ വികിരണ പ്രതിരോധ ഗുളികകള്‍ വിതരണം തുടങ്ങി. അയല്‍ രാജ്യമായ പോളണ്ടിലും ഗുളികകള്‍ വിതരണം ചെയ്യുന്നുണ്ട്.
ന്യൂയോര്‍ക്ക്: ഉക്രെയ്‌നില്‍ റഷ്യ ആണവ ആക്രമണം നടത്തിയേക്കാമെന്ന് അന്താരാഷ്ട യുദ്ധ നിരീക്ഷകര്‍. ഇപ്രകാരം സംഭവിച്ചാല്‍ ആണവ വികിരണത്തെ പ്രതിരോധിക്കുന്നതും ചികിത്സയ്ക്ക് ഉപയോഗിക്കുന്നതുമായ മരുന്നുകള്‍ അമേരിക്ക വന്‍തോതില്‍ ശേഖരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
അമേരിക്കന്‍ ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് (എച്ച്.എച്ച്.എസ്) 290 മില്ല്യണ്‍ ഡോളര്‍ (2383 കോടി രൂപ) ഇത്തരം മരുന്നുകള്‍ വാങ്ങാനായി ചെലവഴിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതാണ് ആണവ ആക്രമണം ആസന്നമാണെന്ന സംശയം ബലപ്പെട്ടത്. കടുത്ത റേഡിയേഷനെ തുടര്‍ന്ന് രക്ത കോശങ്ങള്‍ക്ക് സംഭവിക്കുന്ന നാശം (അക്യൂട്ട് റേഡിയേഷന്‍ സിന്‍ഡ്രോം-എ.ആര്‍.എസ്) പരിഹരിക്കുന്നതിനായി നല്‍കുന്ന എന്‍പ്ലേറ്റ് മരുന്നുകളാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ശേഖരിക്കുന്നത്.

എത്ര അളവ് മരുന്നുകളാണ് ശേഖരിക്കുന്നതെന്ന വിവരം പുറത്ത് വിട്ടിട്ടില്ല. കടുത്ത വികിരണം മൂലം കോശങ്ങള്‍ക്കുണ്ടാകുന്ന ക്ഷതത്തെ തുടര്‍ന്ന് പ്ലേറ്റ്‌ലെറ്റുകളുടെ കുറവ് മൂലം സംഭവിക്കുന്ന ആന്തരിക രക്തസ്രാവം, രക്തം കട്ടിപിടിക്കില്ലെന്നതിനാല്‍ പരിക്കേറ്റാല്‍ രക്തം വാര്‍ന്ന് മരണം സംഭവിക്കല്‍ തുടങ്ങിയവ തടയുന്നതിനാണ് എ.ആര്‍.എസ് ഗുളികകള്‍ ഉപയോഗിക്കുന്നത്.
എന്തുകൊണ്ട് ഗുളികള്‍ ശേഖരിക്കുന്നുവെന്നതിന് അമേരിക്കന്‍ ഹെല്‍ത്ത് അതോറിറ്റി വിശദീകരണം നല്‍കുന്നില്ല. അതേസമയം, ഉക്രെയ്‌നെ പാശ്ചാത്യ രാജ്യങ്ങള്‍ പിന്തുണയ്ക്കുന്നത് വിനാശകരമായ പ്രതികാരത്തിന് വഴിയൊരുക്കുമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇത്തരം തയ്യാറെടുപ്പുകളെന്നത് ശ്രദ്ധേയമാണ്.
പുട്ടിന്റെ പ്രസ്താവന കാര്യമാക്കേണ്ടതില്ലെന്നും മാനവരാശിയുടെ അന്ത്യം കുറിക്കുന്ന അത്തരം കടുത്ത നടപടികളിലേക്ക് പുട്ടിന്‍ കടക്കാനിടയില്ലെന്നുമുള്ള അഭിപ്രായവും നിലനില്‍ക്കുന്നുണ്ട്. എന്നിരിക്കിലും പുട്ടിന്റെ പ്രസ്താവനയെ നിസാരമായി കാണേണ്ടതില്ലെന്നും ഗുരുതരമായ വിഷയമായാണ് വൈറ്റ് ഹൗസ് ഇതിനെ കണക്കിലെടുത്തെന്നതിനും തെളിവാണ് ഗുളികകള്‍ ശേഖരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികളിലേക്ക് നീങ്ങുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ റഷ്യ ആണവ ആക്രമണം നടത്തിയേക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ആണവ വികിരണ പ്രതിരോധ ഗുളികകള്‍ ഉക്രെയ്‌നില്‍ വ്യാപകമായി വിതരണം ചെയ്തു തുടങ്ങിയതായി എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വികിരണത്തെ തുടര്‍ന്ന് രശ്മികള്‍ ആഴ്ന്നിറങ്ങുന്നത് തടയാന്‍ സഹായിക്കുന്ന പൊട്ടാസ്യം അയഡിന്‍ ഗുളികകളാണ് കീവ് സിറ്റി കൗണ്‍സില്‍ വിതരണം ചെയ്യുന്നത്.
തൈറോയ്ഡ് ഗ്രന്ഥികളിലൂടെയും മറ്റും രശ്മികള്‍ ശരീരത്തില്‍ കടന്ന് കേടുപാടുണ്ടാക്കുന്നത് തടയുന്നതാണ് ഇത്തരം ഗുളികകള്‍. സാഫോറേഷ്യ ആണവ കേന്ദ്രത്തിന് സമീപം റഷ്യ ഷെല്ലിംഗ് നടത്തിയതോടെ ഉക്രെയ്‌ന്റെ സമീപ രാജ്യമായ പോളണ്ടിലും അയഡിന്‍ ഗുളികകള്‍ വിതരണം ചെയ്യുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.