ചെറിയ അളവിൽ കഞ്ചാവ് കൈവശം വെച്ചതിന് ആരും ജയിലിൽ കിടക്കേണ്ട; ആയിരക്കണക്കിന് കുറ്റവാളികൾക്ക് നിരുപാധികം മാപ്പ് നൽകി ജോ ബൈഡൻ

ചെറിയ അളവിൽ കഞ്ചാവ് കൈവശം വെച്ചതിന് ആരും ജയിലിൽ കിടക്കേണ്ട; ആയിരക്കണക്കിന് കുറ്റവാളികൾക്ക് നിരുപാധികം മാപ്പ് നൽകി ജോ ബൈഡൻ

വാഷിംഗ്ടൺ: ചെറിയ അളവിൽ കഞ്ചാവ് കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് അമേരിക്കൻ പൗരന്മാരുടെ കേസുകൾ പിൻവലിച്ച് പ്രസിഡന്റ് ജോ ബൈഡൻ. കഞ്ചാവ് കേസ് പ്രതികൾക്ക് മാപ്പു നൽകാൻ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് അദ്ദേഹം നിർദേശം നൽകുകയും ചെയ്തു. അതേസമയം കഞ്ചാവ് നിയമവിധേയമാക്കാനുള്ള നീക്കത്തിന്റെ പ്രധാന ചുവടുവെപ്പായാണ് പുതിയ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.

നിശ്ചിത അളവിന് താഴെ കഞ്ചാവ് ഉപയോഗിച്ചതിനോ കൈവശം വെച്ചതിനോ രാജ്യത്തെ പൗരൻമാർക്ക് നിയമനടപടിയും ജയിൽ വാസവും നേരിടണ്ടി വരില്ല എന്നാണ് അമേരിക്കൻ പ്രസിഡന്റിന്റെ പുതിയ ഉത്തരവ്. രേഖാമൂലവും വീഡിയോ സന്ദേശത്തിലൂടെയുമാണ് പുതിയ തീരുമാനം യുഎസ് പ്രസിഡന്റ് അറിയിച്ചത്.

നിശ്ചിത അളവിന് താഴെ കഞ്ചാവ് കൈവശം വച്ചതിന് ഇതുവരെ രജിസ്റ്റർ ചെയ്ത എല്ലാ ഫെഡറൽ കുറ്റകൃത്യങ്ങൾക്കും താൻ മാപ്പ് നൽകുന്നുവെന്നും ശിക്ഷ അനുഭവിക്കുന്നവർക്ക് ദയാഹർജി നൽകി വിട്ടയയ്‌ക്കുകയോ അവരുടെ ശിക്ഷ കുറയ്ക്കുകയോ ചെയ്യണമെന്ന് ഗവർണർമാരോട് അഭ്യർത്ഥിക്കുക്കുന്നുവെന്നും വീഡിയോ സന്ദേശത്തിലൂടെ ജോ ബൈഡൻ പറഞ്ഞു.

ചെറിയ അളവില്‍ കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്തതിനാല്‍ നിരവധിയാളുകള്‍ക്ക് തൊഴിലും വിദ്യാഭ്യാസവും നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബൈഡന്റെ പ്രഖ്യാപനം. കഞ്ചാവ് കൈവശംവെച്ചതിന് ആരും ജയിലില്‍ കിടക്കേണ്ടതില്ല. ഇതിന്റെ പേരില്‍ നിരവധി ജീവിതങ്ങള്‍ തകര്‍ന്നു പോയി. തെറ്റുകള്‍ തിരുത്തേണ്ട സമയമാണിതെന്നും ബൈഡന്‍ പറഞ്ഞു.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രചാരണ വേളയിൽ പറഞ്ഞത് പോലെ കഞ്ചാവ് ഉപയോഗിച്ചതിന്റെയോ കൈവശം വെച്ചതിന്റെയോ പേരിൽ ആരും ജയിലിൽ കിടക്കരുത്. കഞ്ചാവ് കൈവശം വച്ചതിന് ആളുകളെ ജയിലിലേക്ക് അയക്കുന്നത് നിർത്തണമെന്നാണ് ബൈഡൻ പറഞ്ഞത്. ഇടക്കാല തെഞ്ഞെടുപ്പിന് ഒരു മാസം മുമ്പാണ് പ്രസിഡന്റ് ജോ ബൈഡൻ വാഗ്ദാനം പാലിച്ചത്.

അതേസമയം വന്‍തോതിലുള്ള കഞ്ചാവ് കടത്ത്, വിപണനം, പ്രായപൂർത്തിയാകാത്തവരുടെ ഉപയോ​ഗം തുടങ്ങിയ കേസുകളില്‍ ഇളവ് നല്‍കില്ലെന്ന് ബൈഡന്‍ പറഞ്ഞു. വാഷിംഗ്ടണിൽ മാത്രം നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് മാപ്പ് നൽകപ്പെടും. നിസാരമായ അളവില്‍ കഞ്ചാവ് കൈവശം വെച്ചതിന് ഫെഡറല്‍ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട 6,500 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് യു.എസ് ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്.

കഞ്ചാവ് അത്യന്തം ​ഗുരുതരമായ മയക്കുമരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ എന്ന് പുന:പരിശോധിക്കണമെന്ന് നീതിന്യായ, ആരോഗ്യ വകുപ്പുകൾക്ക് ബൈഡൻ നിർദ്ദേശം നൽകി. വിനോദത്തിനോ മെഡിക്കൽ ആവശ്യങ്ങൾക്കോ കഞ്ചാവ് കൈവശം വെക്കുന്നതിന് ചില സ്റ്റേറ്റുകൾ അനുമതി നൽകിയിട്ടുണ്ട്.

അമേരിക്കയിൽ കഞ്ചാവ് ഭാഗികമായി നിയമവിധേയമാക്കുന്നതിനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നു. ഇതിന്റെ ചുവടുപിടിച്ച് പുതിയ നിയമം എല്ലാ സംസ്ഥാനങ്ങളിലും ഉടനെ നടപ്പിലാക്കാനാണ് നീക്കം. കഞ്ചാവ് കൈവശം വച്ചതിന് മാത്രം നിലവില്‍ ആരും യു.എസിലെ ഫെഡറല്‍ ജയിലില്‍ ഇല്ല. മിക്ക ശിക്ഷകളും സ്റ്റേറ്റ് ലെവലിലാണ് നല്‍കുന്നത്.

2019ല്‍ ജനസംഖ്യയുടെ 18 ശതമാനമെങ്കിലും കഞ്ചാവ് ഉപയോഗിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഏകദേശം 40 യുഎസ് സംസ്ഥാനങ്ങൾ കഞ്ചാവ് ഉപയോ​ഗിക്കുന്നതും കൈവശം വെയ്‌ക്കുന്നതും നിയമവിധേയമാക്കിയിട്ടുണ്ട്. എന്നാൽ ചില സംസ്ഥാനങ്ങളിൽ ക‍ഞ്ചാവ് ഉപയോ​ഗിക്കുന്നത് നിയമവിരുദ്ധമാണ്.

അതേസമയം, ജോ ബൈഡന്റെ അഭിപ്രായത്തിന് പിന്നാലെ കഞ്ചാവ് കർഷകരുടെയും വിൽപ്പനക്കാരുടെയും ഓഹരികൾ കുതിച്ചുയർന്നു എന്നാണ് റിപ്പോർട്ടുകൾ. 2026-ഓടെ ആഗോള കഞ്ചാവ് വ്യവസായം 55 ബില്യൺ ഡോളർ വില്പന നേടുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

യുഎസ് വിപണി 40 ബില്യൺ ഡോളറായി വളരുവെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം 25 ബില്യൺ ഡോളറിൽ അധികം വില്പന അമേരിക്കയിലെ കഞ്ചാവ് വ്യവസായത്തിന് ലഭിച്ചുവെന്ന് കഞ്ചാവ് കേന്ദ്രീകൃത ഗവേഷണ സ്ഥാപനമായ ബി‌ഡി‌എസ്‌എ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.