ലഹരിക്കേസില്‍ കേന്ദ്ര നിയമം കൂടുതല്‍ കര്‍ശനമാക്കണം; ഭേദഗതി സമ്മര്‍ദവുമായി കേരളം

ലഹരിക്കേസില്‍ കേന്ദ്ര നിയമം കൂടുതല്‍ കര്‍ശനമാക്കണം; ഭേദഗതി സമ്മര്‍ദവുമായി കേരളം

തിരുവനന്തപുരം: ലഹരിക്കേസുകളിലെ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുതകുന്ന പഴുതുകള്‍ ഒഴിവാക്കി എന്‍.ഡി.പി.എസ് (നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനോട് കേരളം വീണ്ടും സമ്മര്‍ദം ചെലുത്തും. നേരത്തേ ഇതേ ആവശ്യം ഉന്നയിച്ച് സംസ്ഥാനത്തിന്റെ പ്രതിനിധികള്‍ കേന്ദ്ര മന്ത്രിമാരെ കണ്ടിരുന്നു.

എം.പി.മാര്‍ മുഖേന ഇക്കാര്യം ലോക്‌സഭയില്‍ ഉന്നയിക്കുന്നതിനൊപ്പം മറ്റു തരത്തിലുള്ള സമ്മര്‍ദവും തുടരാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. ലഹരിക്കെതിരേ നിലവിലുള്ള കേന്ദ്ര നിയമമാണ് സംസ്ഥാനത്തിനും തുടരാനാകുക. ഇതിന് പകരമായി സംസ്ഥാനത്തിന് മറ്റൊരു നിയമ നിര്‍മാണം സാധ്യമാകില്ല. ഇതാണ് പ്രതിസന്ധിയും.

പിടിക്കപ്പെടുന്ന ലഹരി മരുന്നിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കുന്നത് അടക്കമുള്ള നടപടികള്‍. പലപ്പോഴും നിയമത്തിലുള്ള പഴുതുകള്‍മൂലം ചെറിയ ശിക്ഷ മാത്രമായോ പ്രതികള്‍ രക്ഷപ്പെടാനോ കാരണമാകുന്നുണ്ട്. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാകും ലഹരി വ്യാപനം തടയാനും കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും കഴിയുന്ന വിധത്തില്‍ നിയമഭേദഗതിക്ക് കേരളത്തിന്റെ ഇടപെടല്‍.

ലഹരിക്കെതിരേ നവംബര്‍ ഒന്നുവരെ വ്യാപക ബോധവത്കരണ പരിപാടികളാണ് സംസ്ഥാനത്ത് തുടരുന്നത്. ഇതിനൊപ്പം എക്സൈസിന്റെ പരിശോധനകളും ശക്തമാക്കും. ഇപ്പോള്‍ നടക്കുന്ന സ്പെഷ്യല്‍ ഡ്രൈവ് നവംബര്‍ ഒന്നിനു ശേഷവും തുടരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.