വത്തിക്കാന്‍ സിറ്റി: തായ്ലന്‍ഡിലെ ഡേ കെയര്‍ സെന്ററില്‍ നടന്ന വെടിവെയ്പ്പില്‍ 22 പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 34 പേര്‍ കൊല്ലപ്പെട്ട ദാരുണ സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. കഴിഞ്ഞ ദിവസം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ ഒപ്പിട്ട അനുശോചന സന്ദേശത്തിലാണ് മാര്‍പാപ്പയുടെ ഹൃദയംഗമമായ അനുശോചനം അറിയിച്ചത്.
നിരപരാധികളായ കുഞ്ഞുങ്ങള്‍ക്കെതിരെ നടന്ന വിവരിക്കാന്‍ കഴിയാത്ത ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും തന്റെ ആത്മീയ സാമീപ്യം പാപ്പ ഉറപ്പുനല്‍കി. മുറിവേറ്റവര്‍ക്കും ദുഃഖിതരായ കുടുംബങ്ങള്‍ക്കും ദൈവീകമായ രോഗശാന്തിയും സാന്ത്വനവും യാചിച്ച പാപ്പ, സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും അനുശോചന കുറിപ്പില്‍ രേഖപ്പെടുത്തി.
ഇക്കഴിഞ്ഞ ദിവസമാണ് വടക്കു കിഴക്കന്‍ തായ്ലന്‍ഡിലെ ഡേ കെയര്‍ സെന്ററില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ വെടിവയ്പ്പ് നടത്തിയത്. ആക്രമണത്തില്‍ 22 കുട്ടികളുള്‍പ്പടെ 34 പേരാണ് കൊല്ലപ്പെട്ടത്. രണ്ട് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ഡേ കെയര്‍ സെന്ററിലായിരുന്നു ആക്രമണം. കുട്ടികള്‍ ഉറങ്ങുന്ന സമയത്താണ് അക്രമി ഇവിടെ അതിക്രമിച്ച് കയറിയത്. ആദ്യം ജീവനക്കാര്‍ക്ക് നേരെയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. എട്ട് മാസം ഗര്‍ഭിണിയായ അധ്യാപിക ഉള്‍പ്പടെ നാല് പേരെ ഇയാള്‍ വെടിവെച്ച് കൊലപ്പെടുത്തി. പിന്നീടാണ് അക്രമി ഉറങ്ങിക്കിടന്ന കുട്ടികള്‍ക്ക് നേരെ തിരിഞ്ഞത്. ആക്രമണത്തിന് ശേഷം ഇയാള്‍ തന്റെ ഭാര്യയെയും മകനെയും വധിച്ച ശേഷം ജീവനൊടുക്കിയെന്ന് തായ്ലന്‍ഡ് പോലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.