സിയോള്‍: രണ്ടാഴ്ചക്കിടെ ആറാമത്തെ മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ. കിഴക്കന്‍ സമുദ്രത്തെ ലക്ഷ്യമാക്കിയാണ് ഞായറാഴ്ച പുലര്‍ച്ചെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയത്. ദക്ഷിണകൊറിയുടെ സംയുക്ത സൈനിക ഉദ്യോഗസ്ഥനാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയ വിവരം അറിയിച്ചത്. എന്നാല്‍, മിസൈല്‍ എത്ര ദൂരം പറന്നു എന്നത് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
രണ്ടാഴ്ചക്കിടെ ഉത്തരകൊറിയ നടത്തുന്ന ആറാമത്തെ മിസൈല്‍ പരീക്ഷണമാണിത്. കൊറിയന്‍ ഉപദ്വീപില്‍ യു.എസും ദക്ഷിണ കൊറിയയും നാവിക അഭ്യാസം പൂര്‍ത്തിയാക്കി ഒരു ദിവസത്തിന് ശേഷമാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം. ഗാങ്വോണ്‍ പ്രവിശ്യയിലെ മഞ്ചോണില്‍ നിന്നാണ് വിക്ഷേപണം കണ്ടെത്തിയതെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു.
മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ അടിയന്തര മുന്നറിയിപ്പ് നല്‍കി. മിസൈല്‍ പരീക്ഷണത്തെ കുറിച്ച് ലഭ്യമായ മുഴുവന്‍ വിവരങ്ങളും ഉടന്‍ ശേഖരിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. എയര്‍ക്രാഫ്റ്റുകള്‍ക്കും കപ്പലുകള്‍ക്കും അധികസുരക്ഷ ഏര്‍പ്പെടുത്താനും ജപ്പാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശമുണ്ട്.
സംഭവത്തെ യു.എസ് അപലപിച്ചു. ഉത്തരകൊറിയ പ്രകോപനം തുടരുകയാണെങ്കില്‍ അത് അപലപനീയമാണെന്നും ഇതിനു മറുപടിയായി നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ മുന്നറിയിപ്പ് നല്‍കി.
ജപ്പാന്റെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് പുറത്താണ് മിസൈല്‍ പതിച്ചതെന്ന് കരുതുന്നതായി ജാപ്പനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍.എച്ച്.കെ വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ജപ്പാന്റെ കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ജപ്പാന്‍ അധികൃതര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.