അധ്യക്ഷ തിരഞ്ഞെടുപ്പ് മത്സരം കടുത്തു: ജയപ്രതീക്ഷയില്‍ ഖാര്‍ഗെ; കൂടുതല്‍ സ്വീകാര്യനായി തരൂര്‍

അധ്യക്ഷ തിരഞ്ഞെടുപ്പ് മത്സരം കടുത്തു: ജയപ്രതീക്ഷയില്‍ ഖാര്‍ഗെ; കൂടുതല്‍ സ്വീകാര്യനായി തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലേക്കുള്ള മത്സരം ശക്തമാക്കി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂര്‍ എംപിയും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചെങ്കിലും ഇരുവരും മത്സരത്തില്‍ ഉറച്ച് നില്‍ക്കാനുള്ള തീരുമാനത്തിലാണ്. ശശി തരൂര്‍ മുംബൈയിലും ഖാര്‍ഗെ ശ്രീനഗര്‍, ഡല്‍ഹി എന്നിവിടങ്ങളിലും ഇന്ന് പ്രചാരണത്തിനെത്തും.

മാറ്റം വാഗ്ദാനം ചെയ്താണ് തരൂരിന്റെ പ്രചരണം. പാര്‍ട്ടി യുവനേതൃത്വത്തിനിടയിലും വനിതാ പ്രവര്‍ത്തകര്‍ക്കിടയിലും അദ്ദേഹത്തിന്റെ സ്വീകാര്യത ഉയരുകയാണ്. 1000 വോട്ടിന് മുകളില്‍ ലഭിച്ചാല്‍ തരൂരിന്റേത് വലിയ നേട്ടമാകും. മുന്നൂറോളം വോട്ടുള്ള കേരളത്തില്‍നിന്ന് പകുതിയോളം വോട്ട് തരൂര്‍ പക്ഷം പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്കൊപ്പമെന്ന് പ്രഖ്യാപിച്ച സംസ്ഥാന നേതൃത്വത്തിന് കനത്ത പ്രഹരമാകും.

വിജയം മാത്രം മുന്നില്‍ കണ്ടാണ് ഖാര്‍ഗെയുടെ പ്രചാരണം. ഹൈക്കാമാന്‍ഡിന്റെയും മുതിര്‍ന്ന നേതാക്കളുടെയും പിന്തുണ ഉറപ്പാക്കാനായതില്‍ ജയം എറെക്കുറെ ഉറപ്പാണ്. എന്നാല്‍ തരൂരിന്റെ സ്വീകാര്യത വര്‍ധിക്കുന്നത് ഔദ്യോഗിക പക്ഷത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. പരാമവധി വോട്ടുകള്‍ പിടിച്ച് തരൂരിന്റെ തോല്‍വി ഉറപ്പാക്കാന്‍ കൂടിയാണ് ഖാര്‍ഗെ പക്ഷത്തിന്റെ ശ്രമം. തനിക്ക് 80 വയസ്സായെങ്കിലും അധ്യക്ഷനായാല്‍ ഉദയ്പുര്‍ പ്രഖ്യാപനം പാലിക്കുമെന്നും 50 ശതമാനം പാര്‍ട്ടി പദവികള്‍ യുവാക്കള്‍ക്കായിരിക്കുമെന്നും ഖാര്‍ഗെ പറയുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടിക അപൂര്‍ണമാണെന്ന പരാതിയുമായി തരൂര്‍ ക്യാമ്പ് രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ തിരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്‍കി. 9000 ത്തിലധികം പേരുടെ വോട്ടര്‍ പട്ടികയില്‍ 3000ത്തിലേറെ പേരുടെ വിലാസമോ ഫോണ്‍ നമ്പറോ ലഭ്യമല്ലെന്നതാണ് പരാതി. ഇത് തിരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താനുള്ള നീക്കമെന്നാണ് തരൂര്‍ ക്യാമ്പ് ആരോപിക്കുന്നത്.

അതേസമയം താഴേത്തട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശശി തരൂര്‍ അധ്യക്ഷനാകണമെന്ന ആഗ്രഹം തുറന്ന് പറയുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നാടായ കോട്ടയം പുതുപ്പള്ളില്‍ ശശി തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കി. തോട്ടയ്ക്കാട് 140, 141 നമ്പര്‍ ബൂത്ത് കമ്മിറ്റികളാണ് തരൂരിനെ അനുകൂലിക്കുന്നത്. ഇവര്‍ കോട്ടയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും പ്രമേയം അയച്ചു. കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് തരൂര്‍ അധ്യക്ഷനാകണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.