മനുഷ്യക്കടത്തിലെ ഇരകളുടെ അന്തസ് വീണ്ടെടുക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യം: വത്തിക്കാന്‍

മനുഷ്യക്കടത്തിലെ ഇരകളുടെ അന്തസ് വീണ്ടെടുക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യം: വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തില്‍ സംയുക്ത പരിശ്രമം ആവശ്യമെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് കോ-ഓപ്പറേഷന്‍ ഇന്‍ യൂറോപ്പ് (OSCE) സ്ഥിരം വത്തിക്കാന്‍ പ്രതിനിധി മോണ്‍സിഞ്ഞോര്‍ ജാനുസ് എസ് ഉര്‍ബാന്‍സിക്. മനുഷ്യക്കടത്തിന്റെയും സംഘര്‍ഷങ്ങളുടെയും മറ്റ് പ്രതിസന്ധികളുടെയും ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂറോപ്പിലെ സെക്യൂരിറ്റി ആന്‍ഡ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു മോണ്‍സിഞ്ഞോര്‍ ജാനുസ്. യുദ്ധങ്ങളുടെയും മാനുഷിക പ്രതിസന്ധികളുടെയും പേരില്‍ വ്യക്തികളെ കടത്തുന്ന ഹീനമായ കുറ്റകൃത്യത്തെക്കുറിച്ചുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ആശങ്ക അദ്ദേഹം ഊന്നിപ്പറഞ്ഞു.

മനുഷ്യക്കടത്ത് എന്നാല്‍ അതിന്റെ ഇരകളുടെ സ്വാതന്ത്ര്യത്തിന്റെയും അന്തസിന്റെയും ലംഘനത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ അനുസ്മരിച്ച് മോണ്‍സിഞ്ഞോര്‍ ജാനുസ് പറഞ്ഞു. അതിനാല്‍, ഇതിനെതിരെ പോരാടാനും ഇരകളുടെ അന്തസ് വീണ്ടെടുക്കാനും സംരക്ഷിക്കാനും എല്ലാ ശ്രമങ്ങളും നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘട്ടനങ്ങളും മറ്റു മാനുഷിക പ്രതിസന്ധികളും അസ്ഥിരമായ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷവും മുതലെടുത്ത് കുറ്റവാളികള്‍ ദുര്‍ബലരായവരെ അടിമകളാക്കുകയും കടത്തുകയും ചെയ്യുന്നു. ഉക്രെയ്‌നില്‍ നടക്കുന്ന യുദ്ധം ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

മനുഷ്യക്കടത്തുകാര്‍ വ്യാജ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ദുര്‍ബല ജനവിഭാഗങ്ങളെ അടിമകളാക്കി അവരെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നത് ഒരു പുതിയ പ്രശ്നമാണെന്ന് മാര്‍പാപ്പയുടെ പ്രത്യേക ദൂതനായി ഉക്രെയ്ന്‍ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ച വേളയില്‍ കര്‍ദ്ദിനാള്‍ മൈക്കല്‍ സെര്‍ണി പറഞ്ഞിരുന്നു.

എല്ലാ ദുരിതങ്ങള്‍ക്കിടയിലും യൂറോപ്പിലുടനീളം കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും സ്വാഗതം ചെയ്യുന്ന കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും തുറന്ന സമീപം പ്രോത്സാഹജനകമായ അടയാളങ്ങളാണെന്നും മോണ്‍സിഞ്ഞോര്‍ പറഞ്ഞു. ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് ഒരു അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26