ശബ്ദസന്ദേശം റിക്കോര്‍ഡ് ചെയ്തത് എല്‍ഡിഎഫിനു തുടര്‍ഭരണം കിട്ടാന്‍; വിവാദ വെളിപ്പെടുത്തലുമായി സ്വപ്‌നയുടെ ആത്മകഥ

ശബ്ദസന്ദേശം റിക്കോര്‍ഡ് ചെയ്തത് എല്‍ഡിഎഫിനു തുടര്‍ഭരണം കിട്ടാന്‍; വിവാദ വെളിപ്പെടുത്തലുമായി സ്വപ്‌നയുടെ ആത്മകഥ

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ കഴിയവെ സര്‍ക്കാരിനോ സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം താന്‍ റിക്കോര്‍ഡ് ചെയ്തത് എല്‍ഡിഎഫിനു തുടര്‍ഭരണം കിട്ടാനായിരുന്നെന്ന് സ്വപ്ന സുരേഷ്.

ഭരണം മാറിയാല്‍ കേസന്വേഷണത്തിന്റെ രീതി മാറുമെന്നും തന്നെ രക്ഷിക്കാന്‍ ആരുമുണ്ടാകില്ല എന്നും തനിക്ക് ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓഡിയോ റിക്കോര്‍ഡ് ചെയ്തതെന്നും 'ചതിയുടെ പത്മവ്യൂഹം ' എന്ന ആത്മകഥയില്‍ സ്വപ്ന വെളിപ്പെടുത്തുന്നു.

തുടര്‍ഭരണം വരേണ്ടതു തന്റെ കൂടി ആവശ്യമാണെന്നാണ് അവര്‍ പറഞ്ഞ് വിശ്വസിപ്പിച്ചത്. 'അന്വേഷണം നീ വരെയേ എത്തൂ; അതുകൊണ്ട് ഇപ്പോള്‍ സന്ദീപ് പറയുന്നതുപോലെ ചെയ്യുക'. ഇതായിരുന്നു തനിക്കു ലഭിച്ച നിര്‍ദേശം. തങ്ങള്‍ക്കു രക്ഷപ്പെടാന്‍ ശിവശങ്കറിനെ പുറത്തുനിര്‍ത്തേണ്ടത് ആവശ്യമാണ് എന്ന ചിന്തയിലാണ് സന്ദീപിന്റെ ഫോണില്‍ ശബ്ദം റിക്കോര്‍ഡ് ചെയ്തതെന്നും സ്വപ്ന പറയുന്നു.

സ്പ്രിന്‍ക്ലര്‍ ഡേറ്റ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കോടികള്‍ സമ്പാദിച്ചെന്നും ആ വിഷയത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ശിവശങ്കറുമായി ഏറ്റുമുട്ടലുണ്ടായെന്നും സ്വപ്ന ആരോപിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, അദ്ദേഹത്തിന്റെ കുടുംബം, മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറി ആയിരുന്ന നളിനി നെറ്റോ, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രി കെ.ടി. ജലീല്‍ തുടങ്ങിയവരൊക്കെ പല തരത്തിലും യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ചരക്കു കൈമാറ്റങ്ങളുടെ ഭാഗമായിരുന്നുവെന്നും സ്വപ്ന ആരോപിക്കുന്നു.

ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍വച്ച് ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലികെട്ടി നിറുകയില്‍ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞുവെന്നും സ്വപ്ന പറയുന്നു. ഔദ്യോഗിക യാത്ര എന്ന നിലയിലാണ് ഇരുവരും ചെന്നൈക്ക് പോയത്.

വിവാദങ്ങള്‍ പുറത്തുവരികയും ഇരുവരും അറസ്റ്റിലാവുകയും ചെയ്തശേഷം ആദ്യമായി എന്‍ഐഎ ഓഫിസില്‍ ശിവശങ്കറിനെ കാണുമ്പോഴും കഴുത്തിലെ മഞ്ഞച്ചരടില്‍ താലി ഉണ്ടായിരുന്നു.

ആര്‍ക്കെതിരെയും ലൈംഗിക ആരോപണമൊന്നും ഇല്ലെന്നും സ്വപ്ന പറയുന്നു. മുന്‍ മന്ത്രിയും കോണ്‍സുലേറ്റിലെ സ്ഥിരം സന്ദര്‍ശകനുമായിരുന്ന നിയമസഭയിലെ പ്രമുഖ വ്യക്തി മാത്രമാണു തന്നോടു ലൈംഗിക താല്‍പര്യത്തോടെ ഇടപെട്ട് വാട്‌സാപ്പിലൂടെ ചാറ്റ് ചെയ്ത് ഹോട്ടലിലേക്കു ക്ഷണിച്ചത്. പല പ്രാവശ്യം ക്ഷണിച്ചെങ്കിലും വഴങ്ങിയില്ല. ഇതിന്റെ ഫോണ്‍ രേഖകളെല്ലാം തെളിവായി കൈവശമുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നു.

തൃശൂര്‍ കറന്റ് ബുക്‌സ് പുറത്തിറക്കുന്ന ആത്മകഥയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍, ജയില്‍ ഡിഐജി അജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണങ്ങളുള്ളത്. മജിസ്‌ട്രേട്ടിനു നല്‍കിയ മൊഴിയില്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.