ദോഹ: ബൈഡൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ താലിബാനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ജൂലൈ അവസാനം അൽ-ഖ്വയ്ദ നേതാവും ബിൻ ലാദന്റെ പിൻഗാമിയുമായിരുന്ന അയ്മാൻ അൽ സവാഹിരിയെ കാബൂളിലെ അപ്പാർട്ട്മെന്റിൽ വെച്ച് യുഎസ് കൊലപ്പെടുത്തിയതിന് ശേഷം ആദ്യമായാണ് ഇത്തരം ഒരു കൂടിക്കാഴ്ചയെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
സിഐഎയുടെ ഡെപ്യൂട്ടി ഡയറക്ടർ ഡേവിഡ് കോഹൻ, അഫ്ഗാനിസ്ഥാന്റെ ഉത്തരവാദിത്തമുള്ള സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥൻ ടോം വെസ്റ്റ്, ഇന്റലിജൻസ് മേധാവി അബ്ദുൾ ഹഖ് വാസിഖ് ഉൾപ്പെട്ട സംഘത്തെയാണ് യുഎസ് താലിബാൻ പ്രതിനിധി സംഘവുമായുള്ള ചർച്ചകൾക്കായി ഖത്തർ തലസ്ഥാനമായ ദോഹയിലേക്ക് ഭരണകൂടം അയച്ചത്. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ താലിബാനുമായുള്ള സഹകരണം പുരോഗമിക്കുകയാണെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ മാസം വിശേഷിപ്പിച്ചിരുന്നു.
ചർച്ചകൾ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രതീക്ഷ നല്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. താലിബാനിൽ രണ്ട് വർഷത്തിലേറെ തടവിലായിരുന്ന യുഎസ് പൗരനായ മാർക്ക് ഫ്രെറിക്‌സിന്റെ മോചനം ഉൾപ്പെടെയുള്ള ചർച്ചകൾ താലിബാനുമായി യുഎസ് നടത്തിയിരുന്നു. ഖത്തറിന്റെ സഹായത്തോടെ ഏകദേശം മൂന്നാഴ്ച മുമ്പാണ് ഫ്രെറിച്ച്‌സ് മോചിതനായത്. താലിബാനുമായുള്ള വിശ്വാസം പുനഃസ്ഥാപിക്കാനുള്ള ഏറ്റവും നല്ല മാർഗം മാർക്ക് ഫ്രെറിക്‌സിനെ വിട്ടയക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 29ന് ദോഹയിൽ താലിബാൻ നേതാവ് മുല്ല അബ്ദുൾ ഗനി ബരാദറുമായി യുഎസ് സമാധാന ദൂതൻ സൽമയ് ഖലീൽസാദ്
സവാഹിരി കൊല്ലപ്പെട്ട പ്രദേശം ചിത്രീകരിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട അഫ്ഗാൻ ചലച്ചിത്ര നിർമ്മാതാവ് ഫൈസുല്ല ഫൈസ്ബക്ഷിനൊപ്പം അമേരിക്കക്കാരനായ ഐവർ ഷിയറർ എന്ന ചലച്ചിത്ര നിർമ്മാതാവിനെ കൂടി താലിബാൻ തടവിലാക്കിയിട്ടുണ്ടെന്ന് കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് പറയുന്നു. ഷിയററിനെ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് ചോദ്യം ചെയ്യുന്നതിനായി താലിബാൻ പലതവണ വിളിപ്പിച്ചിരുന്നു. എന്നാൽ സിഐഎയും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും പ്രതികരിക്കാൻ വിസമ്മതിച്ചു.
സവാഹിരിയുടെ വധത്തിനുശേഷം ദോഹ കരാർ ലംഘിച്ചതായി പരസ്പരം പഴിചാരി കാബൂളും യുഎസും രംഗത്തെത്തിയിരുന്നു. താലിബാന്റെ ഭാഗത്ത് നിന്നും ഉണ്ടായത് ദോഹ ഉടമ്പടിയുടെ വ്യക്തവും നഗ്നവുമായ ലംഘനമാണെന്നാണ് യുഎസ് ആരോപിക്കുന്നത്. ജൂലൈ 30 ന് കാബൂളിലെ വില്ലയുടെ ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോഴാണ് തലയ്ക്ക് 25 മില്യണ്‍ ഡോളര്‍ വിലയുള്ള 71കാരനായ സവാഹിരിയെ യുഎസ് ആളില്ലാ വിമാനം അയച്ച് കൊലപ്പെടുത്തിയത്.
ഈ നടപടിയെ താലിബാൻ രോഷത്തോടെ അപലപിച്ചപ്പോൾ സവാഹിരി പിന്തുണയ്ക്കുന്ന ഹഖാനി ശൃംഖലയെക്കുറിച്ച് കുറച്ച് വർഷങ്ങളായി അമേരിക്കക്ക് അറിയാമായിരുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക പിൻവാങ്ങിയതിനു ശേഷവും രാജ്യത്തെ അൽ-ഖ്വയ്ദയുടെ സാന്നിധ്യം ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയായിരുന്നു.
2001 സെപ്റ്റംബർ 11ൽ ഏകദേശം 3,000ത്തോളം പേര്‍ കൊല്ലപ്പെട്ട യുഎസിലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിന്റെ സൂത്രധാരൻ കൂടിയാണ് സവാഹിരി. അയ്മൻ അൽ സവാഹിരിയെ വധിച്ചതോടെ നീതി നടപ്പായെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞിരുന്നു. അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയാണ് ഡ്രോൺ ആക്രമണം നടത്തിയത്. അതീവ രഹസ്യമായ പല ഘട്ടങ്ങളിലൂടെയാണ് സിഐഎ സവാഹിരിയുടെ താവളം കണ്ടെത്തിയതും ഓപ്പറേഷൻ ആസൂത്രണം ചെയ്തതും.
താലിബാൻ അൽ ഖ്വയ്ദയുമായി ബന്ധം പുലർത്തുന്നുണ്ടെങ്കിലും ഐഎസ്ഐഎസ്-കെ എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് അവർ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. അഫ്ഗാനിസ്ഥാനിലെ ഹസാര വംശീയ ന്യൂനപക്ഷത്തെയാണ് ഈ സംഘം പതിവായി ലക്ഷ്യമിടുന്നത്. കാബൂളിലെ ഹസാര പ്രദേശത്തെ വിദ്യാഭ്യാസ കേന്ദ്രത്തിൽ കഴിഞ്ഞയാഴ്ചയുണ്ടായ ചാവേർ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല.
അഫ്ഗാനിസ്ഥാനിലെ അൽ-ഖ്വയ്ദ അംഗങ്ങൾ യുഎസിനെയോ സഖ്യകക്ഷികളെയോ ഭീഷണിപ്പെടുത്തുന്ന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതായി കണ്ടെത്തിയാൽ സവാഹിരിക്കെതിരെ നടത്തിയതുപോലെ കൂടുതൽ സ്‌ട്രൈക്കുകൾ നടത്തുമെന്ന് ഉറച്ച സന്ദേശം അമേരിക്ക നൽകാൻ സാധ്യതയുണ്ടെന്ന് നാഷണൽ ഇന്റലിജൻസ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ബെത്ത് സാന്നർ പറഞ്ഞു.
സാമ്പത്തിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനായി മരവിപ്പിച്ച അഫ്ഗാൻ പണം ഉപയോഗിച്ച് 3.5 ബില്യൺ ഡോളർ "അഫ്ഗാൻ ഫണ്ട്" രൂപീകരിച്ചതായി കഴിഞ്ഞ മാസം ബിഡൻ ഭരണകൂടം പ്രഖ്യാപിച്ചു. എന്നാൽ ഈ ഫണ്ടുകൾ അഫ്ഗാൻ ജനതയ്ക്ക് ലഭ്യമാക്കുമെന്ന് ഉറപ്പുനൽകാൻ വിശ്വസനീയമായ ഒരു സ്ഥാപനമുണ്ടെന്ന് യുഎസ് വിശ്വസിക്കാത്തതിനാൽ ഫണ്ടുകൾ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. പകരം താലിബാനിൽ നിന്നും രാജ്യത്തിന്റെ സെൻട്രൽ ബാങ്കിൽ നിന്നും സ്വതന്ത്രമായ ഒരു ബാഹ്യ സംഘടനയാണ് ഇത് നിയന്ത്രിക്കുന്നത്.
താലിബാനുമായുള്ള ചർച്ചകളിൽ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ദുരവസ്ഥ അമേരിക്കയുടെ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ ആവർത്തിച്ച് ഉന്നയിച്ചിട്ടുണ്ട്. രാജ്യത്ത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുണ്ടായ തിരിച്ചടി ഞെട്ടിപ്പിക്കുന്നതാണെന്ന് കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടർ അഭിപ്രായപ്പെട്ടിരുന്നു.
എന്താണ് ദോഹ കരാര്‍?
2020 ഫെബ്രുവരി 29ന് ഖത്തറിൽ താലിബാനും അമേരിക്കയും ഒപ്പിട്ട കരാറാണ് ദോഹ കരാര്‍. 17 വര്‍ഷത്തെ രക്തരൂക്ഷിതമായ യുദ്ധത്തിനും വിവിധ നയതന്ത്ര ശ്രമങ്ങള്‍ക്കും ശേഷമാണ് ദോഹയില്‍വച്ച് യുഎസിന്റെ പ്രത്യേക ദൂതന്‍ സല്‍മയ് ഖലീല്‍സാദും താലിബാന്‍ രാഷ്ട്രീയ മേധാവി മുല്ല അബ്ദുല്‍ ഗനി ബരാദറും മുന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെ സാക്ഷിയാക്കി കരാറില്‍ ഒപ്പുവച്ചത്.
കരാറിന്റെ അടിസ്ഥാനത്തിൽ അമേരിക്കയുടെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന ആക്രമണങ്ങള്‍ നടത്താന്‍ അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്‌റ്റേറ്റ് ഇന്‍ ഖൊറാസന്‍ അല്ലെങ്കില്‍ മറ്റ് സായുധ ഗ്രൂപ്പുകള്‍ തുടങ്ങിയവയെ അഫ്ഗാനിസ്താന്റെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ സമ്മതിച്ചിരുന്നു. നാറ്റോ പിന്തുണയുള്ള അഫ്ഗാന്‍ ഗവണ്‍മെന്റുമായി സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കാനും താലിബാന്‍ സമ്മതിച്ചു. പകരമായി, അഫ്ഗാനിസ്താനിലെ സൈനികരുടെ എണ്ണം കുറയ്ക്കുമെന്ന് യുഎസ് പ്രതിജ്ഞയെടുത്തു. കൂടാതെ പൂര്‍ണ്ണ നാറ്റോ സൈനിക പിന്‍മാറ്റവും യുഎസ് വാഗ്ദാനം ചെയ്തിരുന്നു.
ബൈഡന്‍ അധികാരമേറ്റെടുത്ത ശേഷം യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നതിന്റെ അവസാന തീയതി വൈറ്റ് ഹൗസ് 2021 സെപ്റ്റംബര്‍ 11 വരെ നീട്ടി. എന്നാല്‍, സൈന്യത്തെ പിന്‍വലിച്ച് ദിവസങ്ങള്‍ക്കുള്ളില്‍, അഫ്ഗാന്‍ സര്‍ക്കാര്‍ തകരുകയും മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിടുകയും ചെയ്തു. തുടര്‍ന്ന് താലിബാന്‍ മിന്നലാക്രമണത്തിലൂടെ രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തു. പതിറ്റാണ്ടുകളായി യുദ്ധം ചെയ്തിരുന്ന താലിബാനും യുഎസും തമ്മില്‍ ചര്‍ച്ചകളിലൂടെ ഒരു ഒത്തുതീര്‍പ്പിലെത്തിച്ചതിലെ വലിയ നേട്ടമായാണ് ദോഹ കരാര്‍ വിലയിരുത്തപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.