ബെംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി പ്രവര്‍ത്തകനെതിരെ ഗുരുതര ആരോപണവുമായി ദളിത് സ്ത്രീകള്‍ രംഗത്ത്. സ്വന്തം ഉടമസ്ഥതയിലുള്ള കോഫി പ്ലാന്റേഷനില്‍ പൂട്ടിയിട്ടതായി ആരോപിച്ച് 16 ദളിത് സ്ത്രീകളാണ് ബി.ജെ.പി അനുയായ ജഗദീശ്വ ഗൗഡക്കെതിരെ രംഗത്തു വന്നത്.
ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും സ്ത്രീകള്‍ സാക്ഷ്യപ്പെടുത്തുന്നു. ക്രൂരമായ പീഡനത്തിനൊടുവില്‍ ഗര്‍ഭിണിക്ക് കുഞ്ഞിനെ നഷ്ടമാവുകയും ചെയ്തു. ഈ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതികളുടെ പരാതിയില്‍ ജഗദീശ്വ ഗൗഡക്കും മകന്‍ തിലക് ഗൗഡക്കും എതിരെ ബെംഗളൂരു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുവരും ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.
അതേസമയം ജഗദീശ്വ പാര്‍ട്ടി നേതാവാണെന്ന റിപ്പോര്‍ട്ട് ബി.ജെ.പി തള്ളി. ജഗദീശ്വ പാര്‍ട്ടി അംഗം പോലുമല്ലെന്നും കേവലമൊരു അനുയായി മാത്രമാണെന്നുമാണ് ബി.ജെ.പി വാദം. ബി.ജെ.പിയെ അനുകൂലിക്കുന്ന ഒരു വോട്ടര്‍ മാത്രമാണ് ജഗദീശ്വ എന്നും ജില്ല വക്താവിന്റെ വിശദീകരണത്തില്‍ പറയുന്നു.
ജഗദീശ്വ ഗൗഡ തങ്ങളുടെ ബന്ധുക്കളെ പീഡിപ്പിച്ചുവെന്നാരോപിച്ച് ഒക്ടോബര്‍ എട്ടിനാണ് ഒരുകൂട്ടം ആളുകള്‍ ബലെഹൊന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ ഉടന്‍ തന്നെ അവര്‍ പരാതി പിന്‍വലിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഗര്‍ഭിണിയായ യുവതിയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതോടെയാണ് പീഡന കഥകള്‍ പുറം ലോകം അറിയുന്നത്.
പത്തോളം സ്ത്രീകളെ ഒരു മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് ഉടമയെ ചോദ്യം ചെയ്തതിനു ശേഷമാണ് ഇവരെ മോചിപ്പിച്ചത്. 15 ദിവസമായി ഈ യുവതികള്‍ വീട്ടുതടങ്കലിലായിരുന്നു. ഒരു ദിവസം തന്നെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചുവെന്നും ക്രൂരമായി മര്‍ദ്ദനമേറ്റ് ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായതായും സ്ത്രീ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.