മനുഷ്യരാശി ആദ്യമായി ആകാശഗോളത്തിന്റെ ചലനം മാറ്റിയെന്ന് നാസ; ഡാര്‍ട്ട് ദൗത്യം വിജയം

മനുഷ്യരാശി ആദ്യമായി ആകാശഗോളത്തിന്റെ ചലനം മാറ്റിയെന്ന് നാസ; ഡാര്‍ട്ട് ദൗത്യം വിജയം

വാഷിം​ഗ്ടൺ: ഭൂമിയെ ലക്ഷ്യമിട്ടെത്താൻ സാധ്യതയുള്ള ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടാനുള്ള ഡാർട്ട് ദൗത്യത്തിന്റെ ശ്രമം വിജയിച്ചതായി നാസ. 160 മീറ്റർ വീതിയുള്ള ഡിമോർഫോസ് എന്ന ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാത മാറിയതായി ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. ഇതോടെ മനുഷ്യരാശി ആദ്യമായി ഒരു ആകാശഗോളത്തിന്റെ ചലനം മാറ്റിയതായി നാസ പ്രഖ്യാപിച്ചു.

ഛിന്ന​ഗ്രഹത്തെ പ്രതിരോധിക്കാൻ ഡാർട്ടിന് കഴിഞ്ഞതോടെ ഭൗമ പ്രതിരോധരംഗത്തെ ഏറ്റവും നിർണായകമായ കാൽവയ്പായാണ് ഈ വിജയം കണക്കാക്കുന്നത്. ദൂരദർശിനികളുടെ സഹായത്തോടെ കഠിന പ്രയത്‌നത്തിലൂടെ കൃത്യമായ അളവുകളെടുത്താണ് ഗവേഷകർ ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാത മാറിയതായി സ്ഥിരീകരിച്ചത്.

പ്രപഞ്ചം ഭൂമിക്ക് നേരെ എറിയുന്ന എന്തിനെ നേരിടാനും നാസ സജ്ജമാണെന്ന് ഈ വിജയം തെളിയിക്കുന്നുണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. ഇത് ഭൂമിയുടെ സംരക്ഷണത്തിന്റെയും മനുഷ്യരാശിയുടെ തന്നെയും ഒരു നിർണായക നിമിഷമാണ്. തങ്ങൾ ഭൂമിയുടെ സംരക്ഷകരാണെന്ന് തെളിയിക്കാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിഡിമസ് എന്ന മാതൃഗ്രഹത്തെ അതിവേഗം ചുറ്റുന്ന ഡിമോർഫോസ് എന്ന മുട്ടയുടെ ആകൃതിയിലുള്ള ഉല്‍ക്കയായിരുന്നു ആകാശ ലക്ഷ്യം. 160 മീറ്റര്‍ മാത്രം വ്യാസമുള്ള ഡൈമോര്‍ഫസില്‍ ഇടിക്കാനുള്ള ശ്രമം ചെറിയൊരു പാളിച്ചകൊണ്ടുപോലും വിഫലമാകാം എന്നതായിരുന്നു വെല്ലുവിളി.

ഡാർട്ട് ഇടിച്ചിറക്കിയതോടെ ഡിമോർഫോസിന്റെ പരിക്രമണ പാതയെ 10 മിനിറ്റെങ്കിലും കുറയ്ക്കുമെന്ന് ശാസ്ത്രജ്ഞർ പ്രവചിച്ചിരുന്നു. എന്നാൽ 73 സെക്കൻഡിനുള്ളിൽ മാറ്റം പ്രകടമാക്കിയത് വിജയകരമാണെന്ന് നാസ പറഞ്ഞു. ആഘാതത്തിന് മുമ്പും ശേഷവുമുള്ള അളവുകളുടെ താരതമ്യം ഡിമോർഫോസിന്റെ പാതയുടെ 32 മിനിറ്റ് ചുരുക്കി കാണിക്കുന്നു.

അവസാന അഞ്ചുമണിക്കൂര്‍ ഭൂമിയില്‍ നിന്നുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതെയായിരുന്നു ഡാര്‍ട്ടിന്റെ സഞ്ചാരം. ഒടുവില്‍ ലക്ഷ്യം കാണുകയും ചെയ്തു. സെക്കൻഡിൽ 6.6 കിലോമീറ്റർ എന്ന വേഗത്തിലാണ് ഡാർട്ട് ഛിന്നഗ്രഹത്തിനു നേരെ പാഞ്ഞടുത്തത്. ഡാർട്ടിന്റെ ഇടി വെടിയുണ്ടയേക്കാൾ വേഗത്തിലാകുമെന്ന് ശാസ്ത്രലോകം കണക്കാക്കിയിരുന്നു.

ഇടിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പുള്ള ഡൈമോര്‍ഫസിന്റെ ചിത്രങ്ങളും പേടകം പകര്‍ത്തി അയച്ചിരുന്നു. ഡിഡിമസിന്റെ നിഴലില്‍ ആയിരുന്ന ഡൈമോര്‍ഫസിന്റെ ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങളാണ് ലഭിച്ചത്. ഇടിക്കുന്നതിനു മുന്‍പ് 11 മണിക്കൂര്‍ 55 മിനിറ്റ് എടുത്താണ് ഡിഡിമസ്‌ എന്ന മാതൃഗ്രഹത്തെ ഡൈമോര്‍ഫസ് ചുറ്റിയിരുന്നത്. ആ ഭ്രമണ സമയം കുറയ്ക്കാനും സഞ്ചാര പാത മാറ്റാനും ദൗത്യത്തിന് കഴിഞ്ഞു.

ഉൽക്കാശിലയുമായുള്ള കൂട്ടിയിടി തടഞ്ഞു ഭൂമിയെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള ഒരു ഗ്രഹ പ്രതിരോധ സംവിധാനത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ പരീക്ഷണമാണ് ഡാർട്ട്. നാസയുടെ ഏറ്റവും വലിയ ത്രില്ലർ ദൗത്യങ്ങളിലൊന്ന് കൂടിയാണ് ഡാർട്ട് അഥവാ ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ്.

സെപ്തംബർ 26-ന് ഡാർട്ട് ബഹിരാകാശ പേടകത്തിന്റെ പരീക്ഷണ പറക്കൽ ഒരു ഛിന്നഗ്രഹത്തിന്റെ ദിശയെ കേവലമായ ചലനശക്തിയിലൂടെ മാറ്റിയതായി ദൂരദർശിനിയിലൂടെയുള്ള നിരീക്ഷണങ്ങളിൽ വ്യക്തമായിരുന്നു. 330 മില്യൺ യുഎസ് ഡോളർ ആണ് ഈ ദൗത്യത്തിനായി അമേരിക്ക ചിലവഴിച്ചിരിക്കുന്നത്.

ഡാർട്ട് ഇംപാക്ടർ വാഹനം ഒരു വെൻഡിംഗ് മെഷീനേക്കാൾ വലുതല്ല. മണിക്കൂറിൽ 22,500 കിലോമീറ്റർ വേഗതയിൽ നേരിട്ട് ഡിമോർഫോസിലേക്ക് പറന്ന് ഇടിച്ചിറക്കുക എന്നതായിരുന്നു ലക്ഷ്യം. പരീക്ഷണത്തിൽ ഉൾപ്പെട്ട ഛിന്നഗ്രഹങ്ങളായ ഡിഡിമോസ്, ഡൈമോർഫസ് എന്നിവയോ ഡാർട്ടോ ഭൂമിക്ക് ഒരു ഭീഷണിയും ഉയർത്തിയിട്ടില്ലെന്ന് നാസ ശാസ്ത്രജ്ഞർ പറഞ്ഞു.

കൂടുതൽ വായനയ്ക്ക്

https://cnewslive.com/news/35355/nasa-spacecraft-dart-successfully-collides-with-asteroid-ami



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.