സിഡ്‌നി: ഉക്രെയ്ൻ സൈനികർക്ക് പരിശീലനം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസി. ഉക്രെയ്നിലെ ധീരരായ ജനങ്ങൾക്കൊപ്പമാണ് ഓസ്ട്രേലിയ നിൽക്കുന്നതെന്ന് വോളോഡിമർ സെലെൻസ്കിയോട് ആൽബനീസി പറഞ്ഞതിന് പിന്നാലെയാണ് ഈ പ്രസ്താവന.
ഉക്രെയ്ൻ മണ്ണിൽ ഓസ്‌ട്രേലിയൻ പ്രതിരോധ സേന പരിശീലനം നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉക്രെയ്‌നിന് പുറത്ത് സൈനികരെ പരിശീലിപ്പിക്കാൻ ഓസ്‌ട്രേലിയ്ക്ക് പിന്തുണ നൽകാൻ കഴിയുമോ എന്നതാണ് നോക്കുന്നത്. ന്യൂസിലാൻഡ്, സ്വീഡൻ, ഫിൻലാൻഡ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ യുകെയിലേക്ക് പരിശീലകരെ അയച്ചിട്ടുണ്ട്. അവിടെ പുതിയ ഉക്രെയ്ൻ സൈനികർക്ക് പരിശീലനം കൊടുക്കുന്നത് പരിഗണയിലുണ്ടെന്നും ആൽബനീസി വിശദീകരിച്ചു.
കഴിഞ്ഞ ദിവസമാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഉക്രെയ്‌ൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചത്. സംഭാഷണം വളരെ ഫലപ്രദമായിരുന്നുവെന്ന് സെലെൻസ്‌കി പറഞ്ഞിരുന്നു. റഷ്യയുടെ മിസൈൽ ആക്രമണത്തിന്റെ ഭീകരതയെക്കുറിച്ച് ആൽബനീസിയോട് വിശദീകരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ നാളിതുവരെയുള്ള സുരക്ഷാ സഹായത്തിന് നന്ദിയുണ്ടെന്നും അത് കൂടുതൽ ശക്തിപ്പെടുത്തുന്നതിന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ സൈന്യം അടുത്ത ദിവസങ്ങളിൽ സാധാരണക്കാരെ ലക്ഷ്യംവെച്ച് നടത്തിയ ഭീകരമായ നടപടികളിൽ ഓസ്‌ട്രേലിയൻ ജനതയുടെ അനുശോചനം സെലൻസ്‌കിയോട് അറിയിച്ചതായും ഉക്രെയ്‌നിന് തങ്ങളാൽ കഴിയുന്ന എല്ലാ പിന്തുണയും നൽകാനുള്ള പ്രതിബദ്ധത ഉറപ്പുനൽകിയതായും ആൽബനീസിയും പ്രതികരിച്ചു. ഉക്രെയ്നിയൻ സൈനികരെ പരിശീലിപ്പിക്കാനുള്ള ശ്രമത്തിൽ ചേരാനുള്ള അഭ്യർത്ഥന സർക്കാർ പരിഗണിക്കുകയാണെന്നും പ്രധാനമന്ത്രി സ്ഥിരീകരിച്ചു.
വിഷയത്തിൽ ഉചിതമായ സമയത്ത് പ്രഖ്യാപനം നടത്തുകയും ചെയ്യുമെന്ന് ആൽബനീസി വ്യക്തമാക്കി. സെലെൻസ്കിയുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള ഈ സമയത്ത് അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയായി കണക്കാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം ആദ്യം യുകെ സന്ദർശിച്ചപ്പോൾ ഓസ്‌ട്രേലിയ പരിശീലന ദൗത്യത്തിൽ പങ്ക്ചേരാനുള്ള സാധ്യത പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് വ്യക്തമാക്കിയിരുന്നു. ഉക്രെയ്‌നിയൻ സൈനിക റിക്രൂട്ട്‌മെന്റിനെ പരിശീലിപ്പിക്കുന്നതിനുള്ള യുകെ ഓപ്പറേഷനെ കാനഡ, ന്യൂസിലാൻഡ്, സ്വീഡൻ, ഫിൻലാൻഡ്, ഡെൻമാർക്ക്, ലിത്വാനിയ, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങൾ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഓസ്‌ട്രേലിയൻ പരിശീലകർ ഉക്രെയ്‌ന്റെ അടുത്തുള്ള രാജ്യങ്ങളിലേക്കോ അല്ലെങ്കിൽ മൂന്നാം രാജ്യങ്ങളിലേക്കോ പോകുന്നതിനെ സഖ്യം പിന്തുണയ്ക്കുമെന്ന് ഓസ്‌ട്രേലിയയുടെ പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ പറഞ്ഞിരുന്നു. ഉക്രെയ്‌ൻ ജനതയെ സുരക്ഷിതരാക്കാൻ ഓസ്‌ട്രേലിയ വിതരണം ചെയ്യുന്ന ഉപകരണങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ഉക്രെയ്ൻ സൈനികർക്ക് പരിശീലനം നല്കാൻ അനുവദിക്കുമെന്നും ഡട്ടൺ കൂട്ടിച്ചേർത്തു.
ഉക്രെയ്നിയൻ സൈനികരെ പരിശീലിപ്പിക്കുന്ന റോളിലേക്ക് ഓസ്‌ട്രേലിയ ചുവടുവെക്കുന്നതിനെ യുഎസ് സ്വാഗതം ചെയ്യുമെന്ന് മുൻ യുഎസ് വിദേശ നയ ഉദ്യോഗസ്ഥനായ റിച്ചാർഡ് ഫോണ്ടെയ്ൻ പറഞ്ഞു. കൂടുതൽ ഓസ്‌ട്രേലിയൻ സംഭാവനകൾ സ്വാഗതം ചെയ്യപ്പെടുമെന്നും വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ എ ന്യൂ അമേരിക്കൻ സെക്യൂരിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവായ ഫോണ്ടെയ്ൻ പറഞ്ഞു.
വാസ്തവത്തിൽ ഈ യുദ്ധം എല്ലാ രാജ്യങ്ങൾക്കും ഭീഷണിയാണെന്നും ഫോണ്ടെയ്ൻ പറഞ്ഞു. ബലപ്രയോഗത്തിലൂടെ മറ്റ് രാജ്യങ്ങൾ കീഴടക്കുന്നതിനുള്ള നിരോധനം അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന നിയമമാണ്. ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് ആ നിയമത്തിന്റെ ലംഘനത്തെകുറിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉക്രെയ്നിലെ യുദ്ധത്തിൽ വിജയിക്കാൻ വ്ലാഡിമിർ പുടിൻ തന്ത്രപരമായ ആണവായുധം ഉപയോഗിച്ചാൽ ലോകം "അർമഗെദ്ദോനെ" നേരിടുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അഭിപ്രായത്തെയും ഫോണ്ടെയ്ൻ വിലയിരുത്തി. തന്ത്രപരമായ ആണവായുധങ്ങളോ ജൈവ അല്ലെങ്കിൽ രാസായുധങ്ങളോ ഉപയോഗിക്കാൻ സാധ്യതയുള്ളതിനെക്കുറിച്ച് സംസാരിക്കുമ്പോൾ റഷ്യൻ പ്രസിഡന്റ് തമാശ പറയുകയല്ലെന്ന് ബൈഡൻ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
കാരണം അദ്ദേഹത്തിന്റെ സൈന്യം മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതുകൊണ്ടുതന്നെ അതിനെ മറികടക്കാൻ മറ്റൊരു രീതിയിലുള്ള ആക്രമണം പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. റഷ്യ യുദ്ധ തന്ത്രമെന്ന നിലയിൽ അണുബോംബ് ഉപയോഗിക്കാനുള്ള സാധ്യത തന്റെ അഭിപ്രായത്തിൽ വളരെ ചെറുതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുടിന്റെ ഈ ആണവ ഭീഷണിയെക്കുറിച്ച് അങ്ങേയറ്റം ഉത്കണ്ഠയുണ്ടെന്നും ഫോണ്ടെയ്ൻ കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.