കൊച്ചി: വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മതം പരിഗണിക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ സ്വദേശികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കൊച്ചി നഗര സഭ വിസമ്മതിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. മാതാപിതാക്കള്‍ രണ്ട് മതത്തിലുള്‍പ്പെട്ടവരാണെന്നത് വിവാഹം രജിസ്റ്റര്‍ ചെയ്യാതിരിക്കാനുള്ള കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദയംപേരൂര്‍ സ്വദേസികളായ പി.ആര്‍ ലാലനും ഭാര്യ ഐഷയും കൊച്ചി കോര്‍പറേഷനിലെ മാര്യേജ് ഓഫിസറായ സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയാണ് നിരസിച്ചത്. 2001 ഡിസംബര്‍ രണ്ടിനാണ് ഹിന്ദു ആചാര പ്രകാരം വിവാഹം നടന്നത്. യുവതിയുടെ മാതാവ് മുസ്ലീം ആയതിന്റെ പേരില്‍ ഹിന്ദു യുവാവുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാട് ചോദ്യം ചെയ്ത ഹര്‍ജി അനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം. യുവതിയുടെ അമ്മ മുസ്ലീം ആയതിനാല്‍ സ്പെഷല്‍ മാരേജ് ആക്ട് പ്രകാരമേ വിവാഹം രജിസ്റ്റര്‍ ചെയ്യാനാകൂ എന്ന നിലപാടായിരുന്നു അധികൃതര്‍ക്ക്.
ഇതോടെ അപേക്ഷകര്‍ ഹൈക്കോടതിയെ സമീപിച്ചു. മാതാപിതാക്കളുടെ മതം വിവാഹം രജിസ്ട്രേഷന് തടസമല്ലെന്ന് കോടതി വ്യക്തമാക്കി. സാമൂഹിക പരിഷ്‌കര്‍ത്താക്കളായ ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും ജിവിച്ചിരുന്ന മണ്ണാണിത്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ പിന്തുടരാനും സ്വതന്ത്ര്യമുള്ള മത നിരപേക്ഷ രാജ്യമാണിതെന്ന് ഓര്‍മ്മ വേണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ഇവരുടെ അപേക്ഷ പരിഗണിച്ച് രണ്ടാഴ്ചയ്ക്കകം വിവാഹം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കോടതി ഉത്തരവിട്ടു.
ഉത്തരവിന്റെ പകര്‍പ്പ് തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് കൈമാറാനും ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കാനും കോടതി നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.