വാഷിംഗ്ടൺ: അമേരിക്കയിലേക്ക് മാസങ്ങളായി ഒഴുകിയെത്തുന്ന വെനസ്വേലക്കാരുടെ കുടിയേറ്റത്തെ ലഘൂകരിക്കാനുള്ള പുതിയ കരാറിൽ അമേരിക്കയും മെക്സിക്കോയും ഒപ്പിട്ടു. ഉടനടി പ്രാബല്യത്തിൽ വരുന്ന പുതിയ കരാർ പ്രകാരം ചില വെനസ്വേലൻ കുടിയേറ്റക്കാരെ അമേരിക്കയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെങ്കിലും അനധികൃതമായി എത്തുന്നവരെ മെക്സിക്കോയിലേക്ക് തിരിച്ചയക്കും.
യോഗ്യരായ 24,000 കുടിയേറ്റക്കാർക്ക് അമേരിക്കയിൽ എത്താൻ വിമാനങ്ങൾ ഉടൻ തന്നെ ക്രമീകരിക്കും. ഇവർക്ക് രണ്ട് വർഷം വരെ അമേരിക്കയിൽ തുടരാൻ അനുവാദം ഉണ്ടാകും. എന്നാൽ കരാർ പ്രകാരം കുടിയേറ്റം ചെയ്യുന്നവർ അവർ ഇപ്പോഴും വെനസ്വേലയിൽ തന്നെ ജീവിക്കുന്നവരാകണം. അമേരിക്ക-മെക്സിക്കോ അതിർത്തിയിലേക്ക് അവർ പലായനം ചെയ്യാൻ എത്തിയവർ ആകരുതെന്നും അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.
പുതിയ കരാർ അമേരിക്ക-മെക്സിക്കോ അതിർത്തിയിലെ സമ്മർദ്ദം ലഘൂകരിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം പലായനം ചെയ്തവരിൽ വളരെ ചെറിയ ഒരു ഭാഗം ആളുകളെ മാത്രമാണ് കരാർ പ്രകാരം രാജ്യത്ത് തുടരാൻ അനുവദിക്കുക. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആറ് ദശലക്ഷം ആളുകൾ വെനസ്വേല വിട്ടതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കുടിയേറി എത്തുന്നവർക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനും പദ്ധതിയുടെ ഭാഗമാകാനുള്ള അവരുടെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിനും അമേരിക്ക ആസ്ഥാനമായുള്ള ഒരു വ്യക്തിയോ സംഘടനയോ വെനസ്വലക്കാർക്ക് ആവശ്യമാണ്. കരാറിന്റെ ആനുകൂല്യം നേടാൻ തയ്യാറെടുക്കുന്നവർക്ക് ഇത് വലിയ ആശ്വാസമാകുമെന്നും അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.
വാസ്തവത്തിൽ കരാർ നിലവിൽ വരുന്നതോടെ അമേരിക്കൻ അതിർത്തിയിലേക്കുള്ള ക്ഷീണകരവും അപകടകരവുമായ യാത്രയിൽ നിന്ന് കുടിയേറാൻ ശ്രമിക്കുന്നവർക്ക് രക്ഷപ്പെടാം. പകരം അവർക്ക് ആവശ്യമായ പിന്തുണാ നടപടികളിലൂടെ സുരക്ഷിതമായി അമേരിക്കയിലേക്ക് പറക്കാൻ കഴിയുകയും ചെയ്യുമെന്നും അധികൃതർ വിശദീകരിച്ചു.
അതേസമയം ഈ കരാർ പ്രാബല്യത്തിൽ വരുന്നതോടെ അമേരിക്കയുടെ തെക്കൻ അതിർത്തി വഴി അനധീകൃതമായി കടന്ന വെനിസ്വേലക്കാർ മെക്സിക്കോയിലേക്ക് തിരികെ പോകേണ്ടി വരും. മുമ്പ് വെനസ്വേലക്കാരെ പുറത്താക്കുന്നതിനുള്ള നടപടികൾ അധികാരികൾ സ്വീകരിച്ചിരുന്നില്ല.
പകരം അവരെ താൽക്കാലികമായി പ്രവേശനം അനുവദിക്കുകയും അമേരിക്കയിൽ അഭയം തേടുന്നതിനുള്ള അപേക്ഷ സമർപ്പിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ അനേകായിരം വെനസ്വേലക്കാർ നിയമവിരുദ്ധമായി അമേരിക്കയിൽ പ്രവേശിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും അവരെ മെക്സിക്കോയിലേക്ക് അയയ്ക്കാമെന്നും അധികൃതർ വ്യക്തമാക്കി.
വിവാദമായ ടൈറ്റിൽ 42 എന്ന ട്രംപ് യുഗത്തിലെ നയത്തിന്റെ ഭാഗമാണ് പുതിയ കരാർ. ഇത് രേഖകളില്ലാത്ത കുടിയേറ്റക്കാരെ വേഗത്തിൽ പുറത്താക്കാൻ യുഎസിനെ സഹായിക്കുന്നു. കോവിഡ് -19 ന്റെ വ്യാപനം തടയാൻ സഹായിക്കുന്നതിന് പകർച്ചവ്യാധിയുടെ സമയത്താണ് ഇത്തരം ഒരു കരാർ കൊണ്ടുവന്നതെന്നും അധികൃതർ പറഞ്ഞു.
വെനസ്വേലയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്ഥിതി വഷളായതിനാൽ കഴിഞ്ഞ ഒരു വർഷമായി തെക്കേ അമേരിക്കയിലും മെക്സിക്കോയിലുടനീളം അപകടകരമായ രീതിയിൽ അതിർത്തി കടക്കുന്നതിൽ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തി മുമ്പെങ്ങും ഇല്ലാത്തവിധം ഉണ്ടായികൊണ്ടിരിക്കുന്ന കൂട്ടപ്പലായനം തടയുന്നതിനാണ് ഈ നയം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അമേരിക്കൻ, മെക്സിക്കൻ സർക്കാരുകൾ പറഞ്ഞു.
ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ദൗർലഭ്യവും പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ അടിച്ചമർത്തലും ഒപ്പം രാജ്യത്തെ അരക്ഷിതാവസ്ഥയും അക്രമവുമാണ് വെനസ്വലക്കാരുടെ കൂട്ടപ്പലായനത്തിന് കാരണം. ലോകത്തെ ഏറ്റവും വലിയ കുടിയേറ്റങ്ങളിൽ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്.
രാജ്യത്തെ അരക്ഷിതാവസ്ഥയെ തുടർന്ന് ജനങ്ങൾ അവരുടെ കുടുംബത്തോടൊപ്പം അമേരിക്ക-മെക്സിക്കോ അതിർത്തിയിലെത്താൻ അപകടകരമായ വഴികളിലൂടെ ആയിരക്കണക്കിന് മൈലുകൾ കാൽനടയായി സഞ്ചരിക്കും. പിന്നീട് അതിർത്തികളിൽ നിന്നും അവർ അനധികൃതമായി പ്രവേശിക്കാനോ അഭയം തേടാനോ ശ്രമിക്കുകയാണ് ചെയ്യുന്നത്.
അതേസമയം വെനസ്വേലക്കാരെ സഹായിക്കുക എന്ന പുതിയ ആശയം രാഷ്ട്രീയമായി തനിക് ഗുണം ചെയ്യുമെന്ന് ബൈഡൻ ഭരണകൂടം നിസ്സംശയം പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് തെക്കൻ അതിർത്തി ലംഘിച്ച ആയിരക്കണക്കിന് ആളുകളെ നിയമവിരുദ്ധമായി പുറത്താക്കുക കൂടി ചെയ്യന്നതോടെ കരാർ അടുത്ത വോട്ടെടുപ്പിൽ ബൈഡന് ഒരു തുറുപ്പ് ചീട്ട് തന്നെയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.