ന്യൂ സൗത്ത് വെയില്‍സില്‍ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്; ഫോര്‍ബ്സില്‍ ജനങ്ങളോട് വീടുകള്‍ ഒഴിയാന്‍ നിര്‍ദേശം

ന്യൂ സൗത്ത് വെയില്‍സില്‍ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്; ഫോര്‍ബ്സില്‍ ജനങ്ങളോട് വീടുകള്‍ ഒഴിയാന്‍ നിര്‍ദേശം

ഫോര്‍ബ്‌സ് ടൂറിസ്റ്റ് പാര്‍ക്കില്‍ ജലനിരപ്പ് ഉയരുന്നു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സില്‍ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്. ഫോര്‍ബ്സ് നഗരത്തിലെ നൂറുകണക്കിന് ആളുകളോടാണ് വീടുകള്‍ ഒഴിഞ്ഞ് സുരക്ഷിത സ്ഥാനത്തേക്കു മാറാന്‍ നിര്‍ദേശം നല്‍കിയത്.

നാളെ ഈ മേഖലയില്‍ വലിയ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ലച്‌ലാന്‍ നദി ഇന്നു രാത്രിയോടെ 10.55 മീറ്റര്‍ കവിയുമെന്നും നാളെ 10.60 മീറ്ററിനടുത്ത് എത്തുമെന്നുമാണ് മുന്നറിയിപ്പ്. ഇത് വെള്ളപ്പൊക്കത്തിനു കാരണമാകും. അതിനു മുന്‍പായി സുരക്ഷിത സ്ഥാനം തേടണമെന്നാണ് ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് ജനങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഫോര്‍ബ്‌സ് സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റ്, കിഴക്കന്‍ ഫോര്‍ബ്‌സ്, സൗത്ത് ഫോര്‍ബ്‌സ് എന്നിവിടങ്ങളിലാണ് വലിയ വെള്ളപ്പൊക്കത്തിനു സാധ്യതയുള്ളത്. നഗരത്തിന്റെ ഭൂരിഭാഗവും വെള്ളപ്പൊക്ക മുന്നറിയിപ്പില്‍ ഉള്‍പ്പെടും.

ഇന്നും ശക്തമായ കാറ്റ് തുടരുന്നതിനാല്‍ സംസ്ഥാനത്തിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വ്യാപകമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

അഞ്ഞൂറോളം താമസക്കാരെ വെള്ളപ്പൊക്കം ബാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. നാളെയോടെ റോഡുകളില്‍ വെള്ളപ്പൊക്കമുണ്ടായാല്‍ ആളുകള്‍ക്ക് സുരക്ഷാ മാര്‍ഗം തേടാനുള്ള സാധ്യതകള്‍ കുറയും.

മുറുംബിഡ്ജി നദിയിലെ ജലനിരപ്പ് ഒറ്റരാത്രികൊണ്ട് 9.2 മീറ്ററിലെത്തിയതോടെ വാഗ വാഗ നഗരവും വെള്ളപ്പൊക്ക ഭീഷണിയിലാണ്. നദിയുടെ തീരത്തുള്ള വാഗ ബീച്ച് കളിസ്ഥലം വെള്ളത്തിനടിയിലായി.

സംസ്ഥാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഹില്‍സ്റ്റണില്‍ കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തില്‍ കാണാതായ 63 വയസുകാരനു വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

പോലീസ്, പോള്‍എയര്‍, എന്‍എസ്ഡബ്ല്യു ആംബുലന്‍സ്, സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് എന്നിവ ഉള്‍പ്പെട്ട വിപുലമായ സംഘമാണ് തിരച്ചില്‍ നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.