ബഫര്‍ സോണ്‍: സുപ്രീം കോടതി വിധിയില്‍ കേരളത്തിന്റെ പുനപരിശോധനാ ഹര്‍ജി നാളെ പരിഗണിക്കും

 ബഫര്‍ സോണ്‍: സുപ്രീം കോടതി വിധിയില്‍ കേരളത്തിന്റെ പുനപരിശോധനാ ഹര്‍ജി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നടപ്പാക്കാനുള്ള സുപ്രീം കോടതി വിധിയില്‍ കേരളത്തിന്റെ പുനപരിശോധനാ ഹര്‍ജി നാളെ പരിഗണിക്കും. ഹര്‍ജി ഫയല്‍ ചെയ്തിട്ടും ഇത് ലിസ്റ്റില്‍ വരാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ഇന്ന് പുനപരിശോധനാ ഹര്‍ജി സംബന്ധിച്ച് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ പരാമര്‍ശിച്ചത്.

ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്നും ബഫര്‍ സോണ്‍ വിധി, സംസ്ഥാനത്തെ ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ജയ്ദീപ് ഗുപ്ത കോടതിയെ ധരിപ്പിച്ചു. ഇതോടെയാണ് കോടതി സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും ഹര്‍ജികള്‍ നാളെ തന്നെ പരിഗണിക്കാന്‍ തീരുമാനിച്ചത്. ഇതോടെ ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാനത്തിന്റെ ആശങ്കകള്‍ കോടതിയെ അറിയിക്കാന്‍ മാര്‍ഗം തെളിഞ്ഞിരിക്കുകയാണ്.

പുനപരിശോധനാ അപേക്ഷയില്‍ സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ട് ബഫര്‍സോണ്‍ നടപ്പാക്കുന്നതും പിന്നീട് ജനങ്ങളെ പുനരധിവസിപ്പിക്കുന്നതും സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് കേരളം വ്യക്തമാക്കിയിരുന്നു.

വിധി നടപ്പാക്കുന്നത് ഭരണഘടന നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തെ ബാധിക്കും. വിധി വന്നതോടെ വയനാട്, ഇടുക്കി, കുമളി, മൂന്നാര്‍, നെയ്യാര്‍, റാന്നി അടക്കമുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ ആശങ്കയിലാണ്. കേരളത്തിലെ സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ദശാബ്ദങ്ങളായി വികസിച്ചു വന്ന ജനവാസ മേഖലയാണ് ഉള്ളത്. വിധി നടപ്പാക്കുന്നത് ആദിവാസി മേഖലകളെ അടക്കം ബാധിക്കുമെന്നും ഹര്‍ജിയില്‍ കേരളം വ്യക്തമാക്കുന്നു.

പതിനേഴ് വന്യജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വന- പരിസ്ഥിതി മന്ത്രാലയത്തിന് കേരളം നേരത്തെ കൈമാറിയിരുന്നു. എന്നാല്‍ സുപ്രീംകോടതി ഇത് കണക്കിലെടുത്തില്ലെന്നും കേരളം പുനപരിശോധനാ ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാനത്തിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിഷേ ശങ്കര്‍ രാജന്‍ മുഖേനയാണ് കേരളം ഹര്‍ജി ഫയല്‍ ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.