സഭയെ നോക്കിക്കാണാൻ പഠിപ്പിച്ചത് രണ്ടാം വത്തിക്കാൻ കൗൺസിൽ: ഫ്രാൻസിസ് മാർപ്പാപ്പ

സഭയെ നോക്കിക്കാണാൻ പഠിപ്പിച്ചത് രണ്ടാം വത്തിക്കാൻ കൗൺസിൽ: ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: സഭയെ എങ്ങനെ നോക്കികാണണമെന്ന് രണ്ടാം വത്തിക്കാൻ കൗൺസിലിൽ നിന്നും പഠിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ചുള്ള കുർബാനയിലെ പ്രസംഗത്തിലാണ് പാപ്പയുടെ പ്രസ്താവന.

നീ എന്നെ സ്നേഹിക്കുന്നുണ്ടോ? എങ്കിൽ എന്റെ ആടുകളെ മേയ്ക്കുക എന്ന് വിശുദ്ധ പത്രോസിനോട് യേശു പറഞ്ഞ വാക്കുകൾ ഉദ്ദരിച്ചുകൊണ്ടായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ പ്രസംഗം. യേശുവിന്റെ ചോദ്യത്തെയും, പിന്നീട് അവിടുന്ന് നൽകിയ കല്പ്പനയെയും അധികരിച്ചു നൽകിയ സുവിശേഷസന്ദേശത്തിൽ സഭ എന്ന അർത്ഥത്തിൽ ഇന്ന് ക്രിസ്തു നമ്മോടും ഇതേ കാര്യങ്ങൾ പറയുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു.

കർത്താവിന്റെ ഈ ചോദ്യത്തിനും കൽപ്പനയ്ക്കുമുള്ള ഒരു മികച്ച ഉത്തരമായിരുന്നു രണ്ടാം വത്തിക്കാൻ കൗൺസിലെന്നും ഫ്രാൻസിസ് മാർപാപ്പ ഓർമ്മിപ്പിച്ചു. കർത്താവിനോടുള്ള സഭയുടെ സ്നേഹം ശക്തിപ്പെടുത്തുവാൻ അവൾ ചരിത്രത്തിൽ ആദ്യമായി സ്വയം പരിശോധിക്കുന്നതിനും അവളുടെ സ്വഭാവത്തെയും ദൗത്യത്തെയും കുറിച്ച് ചിന്തിക്കുന്നതിന് ഒരു കൗൺസിൽ രൂപികരിച്ചുവെന്ന് മാർപാപ്പ പറഞ്ഞു.

ദൈവത്തിലൂടെ മറ്റുള്ളവരെ നോക്കി കാണുക

സഭയെ നോക്കിക്കാണാൻ കൗൺസിലിൽ നിന്ന് നമുക്ക് പഠിക്കാൻ കഴിയുന്ന മൂന്ന് വഴികൾ ഫ്രാൻസിസ് മാർപാപ്പ നിർദ്ദേശിച്ചു. സഭയെ നോക്കിക്കാണേണ്ടത് ദൈവത്തിന്റെ കണ്ണുകളോടെയാണെന്ന് മാർപാപ്പാ പറഞ്ഞു. സഭയെ ഉയരത്തിൽനിന്നാണ് നോക്കേണ്ടത്. പിതാവിന്റെ സ്‌നേഹനിർഭരമായ കണ്ണുകളോടെ വേണം സഭയെ നോക്കേണ്ടത്.

നമ്മുടെ സ്വന്തം വീക്ഷണകോണിൽ നിന്ന് സഭയെ നോക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു. ദൈവത്തിനു പകരം നമ്മിൽനിന്നുതന്നെയാണ് നാം സഭയെ വിശകലനം ചെയ്യാൻ ആരംഭിക്കുന്നതെങ്കിൽ അത് തികച്ചും തെറ്റായ ഒരു മാർഗ്ഗമാണെന്ന് പാപ്പാ വ്യക്തമാക്കി.

സുവിശേഷത്തിന്റെ നിയോഗങ്ങളെക്കാൾ കാലത്തിന്റെ പ്രചോദനങ്ങൾക്കനുസരിച്ച് ലൗകികമായ ഉദ്ദേശങ്ങൾ മുന്നിൽ വയ്ക്കുന്നത് ശരിയായ പ്രവൃത്തിയല്ല. പാരമ്പര്യവാദവും, പിന്നോക്കം പോകാനുള്ള ചിന്തയുമൊക്കെ അവിശ്വസ്തതയുടെ അടയാളങ്ങളാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പ്രഥമസ്ഥാനം ദൈവത്തിന് വീണ്ടും നൽകുക എന്ന ഉദ്ദേശത്തോടെ വേണം നാം രണ്ടാം വത്തിക്കാൻ കൗൺസിലിനെ നോക്കിക്കാണാൻ.

ദൈവത്തിന് പ്രഥമസ്ഥാനം കൊടുക്കുകയും സഭയുടെ ഏറ്റവും പ്രധാനപ്പെട്ട നിയോഗത്തിലേക്ക് തിരികെപ്പോവുകയും വേണം. ദൈവത്തോടും, ദൈവജനത്തോടുമുള്ള സ്നേഹത്തിൽ സഭ മുന്നോട്ട് ജീവിക്കണം. സാമ്പത്തികമായ ഉന്നമതിയെക്കാൾ യേശുവിനാൽ സമ്പന്നയായ ഒരു സഭയായി നാം മാറണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

മരിച്ച് ഉയർപ്പിക്കപ്പെട്ട ക്രിസ്തുവിന്റെ "എന്നെ പിന്തുടരുക" എന്ന വിളികേൾക്കുവാനും നമ്മുടെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും അവനിൽ കണ്ടെത്തുവാനും നമുക്ക് സാധിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

കൂടെയായിരുന്നുകൊണ്ട് നോക്കിക്കാണുക

സഭയെ നോക്കുന്നതിനുള്ള രണ്ടാമത്തെ മാർഗം ഇതാണ്. കൂടെ ആയിരുന്നുകൊണ്ട് നാം സഭയെ നോക്കികാണണം. എന്റെ ആടുകളെ നയിക്കുക എന്ന കൽപ്പനയിലൂടെ പത്രോസിൽനിന്നുള്ള സ്നേഹമാണ് യേശു ആഗ്രഹിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. മത്സ്യബന്ധനം നടത്തിയിരുന്ന അവനെ യേശു മനുഷ്യരെ പിടിക്കുന്നവനാക്കി മാറ്റി. തനിക്കുവേണ്ടി മത്സ്യങ്ങളെ പിടിക്കുക എന്നതിനേക്കാൾ കൂടെയായിരുന്ന്, മുൻപേ നടന്ന് ആടുകളെ മേയ്ക്കുന്നവനാകുവാൻ വേണ്ടിയാണ് പത്രോസിനെ ഇടയനാക്കി യേശു മാറ്റുന്നത്.

ഇപ്രകാരം, മറ്റുള്ളവരുടെ മുകളിൽ നിൽക്കാൻ പരിശ്രമിക്കാതെ അവരോടൊപ്പം അവരുടെ ഇടയിൽ ആയിരുന്നുകൊണ്ട് ഏവരെയും നോക്കിക്കാണുക എന്നതാണ് രണ്ടാമതായി യേശു നമ്മിൽനിന്ന് ആഗ്രഹിക്കുന്നത്. ആടുകളെ വളർത്തുകയും നയിക്കുകയും ചെയ്യുന്നതിന് പകരം അവയെ ഇല്ലാതാക്കുന്നത് പാപമാണ്. അതുകൊണ്ടുത്തന്നെ ആളുകളുടെ കൂടെയായിരിക്കുന്നതിനു പകരം അവരുടെ മുകളിൽ നിന്നുകൊണ്ട് അവരെ നോക്കുവാൻ പരിശ്രമിക്കരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

രണ്ടാം വത്തിക്കാൻ കൗൺസിൽ എത്ര സമയോചിതമാണെന്ന് പറഞ്ഞ ഫ്രാൻസിസ് മാർപാപ്പ നമ്മുടെ സ്വന്തം സുഖസൗകര്യങ്ങളുടെയും ബോധ്യങ്ങളുടെയും പരിധിക്കുള്ളിൽ നമ്മെത്തന്നെ തളച്ചിടാനുള്ള പ്രലോഭനത്തെ നിരസിക്കാൻ കൗൺസിൽ നമ്മെ സഹായിക്കുന്നുവെന്നും വ്യക്തമാക്കി.

സ്നേഹിക്കാനായി സ്ഥാപിക്കപ്പെട്ട സഭ

പരിശുദ്ധ ത്രിത്വത്തിന്റെ ഹൃദയത്തിൽ നിന്ന് പുറപ്പെട്ട സഭ സ്നേഹത്തിനു വേണ്ടിയാണ് നിലനിൽക്കേണ്ടത്. തന്നെത്തന്നെ നോക്കി അഭിമാനിക്കുവാൻ വേണ്ടിയല്ല സഭ കൗൺസിൽ വിളിച്ചു ചേർത്തത്. മറിച്ച് സ്വയം ദാനമായി നൽകാനാണ്.

ഉയരങ്ങളിൽ ആയിരിക്കാതെ താഴ്വാരങ്ങളിൽ കാരുണ്യത്തിന്റെ നീർച്ചാലാകാനാണ് സഭ ശ്രമിക്കേണ്ടത്. ദൈവജനമെന്ന നിലയിൽ നാം ഒരു ഇടയജനമാണ്. ദൈവജനം തങ്ങളെത്തന്നെ മേയ്ക്കാനല്ല മറിച്ച് തന്നെപോലെതന്നെ സ്നേഹത്തോടെ എല്ലാവരെയും പരിപാലിക്കാനാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

എല്ലാവർക്കുമായി സ്ഥാപിക്കപ്പെട്ട സഭ

സഭയിലെ ഐക്യത്തിനായുള്ള വികാരാധീനമായ അഭ്യർത്ഥനയോടെയാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. എല്ലാവർക്കും വേണ്ടിയാണ് സഭ സ്ഥാപിക്കപ്പെട്ടതെന്നും നമ്മൾ സഭയെ ആ വിധത്തിൽ നോക്കികാണാമെന്നും പപ്പാ പറഞ്ഞു. അതാണ് സഭയെ നോക്കി കാണാനുള്ള മൂന്നാമത്തെ മാർഗം.

കുറച്ചുപേർക്കുവേണ്ടി മാത്രമായല്ല സഭ സ്ഥാപിക്കപ്പെട്ടത്. തന്റെ അജഗണം മുഴുവനും ഒരുമിച്ചു നിൽക്കുന്നത് കാണാനാണ് നല്ലിടയനായ ദൈവം ഇടയന്മാരെ തിരഞ്ഞെടുത്തത്. അങ്ങനെ എല്ലാവരെയും ഒരുമിച്ച് കാണുവാൻ സാധിക്കുകയെന്നതാണ് യേശു ആഗ്രഹിക്കുന്ന മൂന്നാമത്തെ കാര്യം. പരിശുദ്ധ ത്രിത്വത്തിന്റെ മാതൃകയിൽ സഭ കൂട്ടായ്മയാണെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ ഓർമ്മിപ്പിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പാ എടുത്തുപറഞ്ഞു.

സഭയിൽ ധ്രുവീകരണത്തിനുള്ള പ്രലോഭനങ്ങൾക്ക് നാം വഴങ്ങരുതെന്ന് പാപ്പാ ആവശ്യപ്പെട്ടു. കൗൺസിലിന് ശേഷവും നിരവധി തവണ സഭാമക്കൾ വിവിധ ചേരിതിരിവുകൾ സൃഷ്ടിച്ച് സഭാമാതാവിന്റെ ഹൃദയത്തെ മുറിപ്പെടുത്തിയിട്ടുണ്ട്. എത്രയോ തവണ എല്ലാവരുടെയും സേവകരാകുക എന്നതിനേക്കാൾ തങ്ങളുടെ സമൂഹത്തെ മാത്രം പിന്തുണയ്ക്കുന്നവരായി സഭംഗങ്ങൾ ചുരുങ്ങി.

നാമെല്ലാവരും ദൈവത്തിന്റെ മക്കളാണ്, നാമെല്ലാവരും സഭയിൽ സഹോദരങ്ങളാണ്, നാമെല്ലാവരും സഭയാണെന്നും പാപ്പാ വ്യക്തമാക്കി. ഒന്നിച്ചായിരിക്കുമ്പോഴാണ് നാം ദൈവത്തിന്റെ അജഗണമാകുന്നത്, കാരണം ദൈവം ഇതാണ് ആഗ്രഹിക്കുന്നത്. നമുക്കായി ജീവൻ നൽകുന്നതിന് മുൻപ് യേശു പ്രാർത്ഥിച്ചതുപോലെ നാമെല്ലാവരും "ഒന്നായിരിക്കുന്നതിനുവേണ്ടി" ധ്രുവീകരണങ്ങളെ അതിജീവിക്കുകയും ഐക്യത്തെ സംരക്ഷിക്കുകയും ചെയ്യാമെന്ന് ഫ്രാൻസിസ് മാർപാപ്പാ കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.