ബൊഗോട്ട: കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ കനത്ത മഴയെ അവഗണിച്ചും നൂറുകണക്കിന് പുരുഷന്മാരുടെ ജപമാല അർപ്പണം. ലോകമെമ്പാടും വിജയകരമായി മുന്നേറുന്ന ‘പുരുഷന്‍മാരുടെ ജപമാല’യുടെ ചുവടുപിടിച്ചാണ് ബൊഗോട്ടയിലെ ഔവർ ലേഡി ഓഫ് ലൂർദ് ബസിലിക്കയ്ക്ക് മുന്നിൽ വെല്ലുവിളിയായി എത്തിയ മഴയെ അവഗണിച്ച് വിശ്വാസീഗണം ഒന്നടങ്കം പൊതുനിരത്തിൽ മുട്ടുകുത്തി ജപമാല അർപ്പിച്ചത്.
ബൊഗോട്ടക്ക് പുറമേ, കാലി, ബുക്കാരമാങ്കാ, ബാരന്‍ക്വില്ല, സാന്താ മാര്‍ട്ടാ എന്നീ നഗരങ്ങളിലും ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് 'മെന്‍സ് റോസറി' സംഘടിപ്പിച്ചിരുന്നു. ബൊഗോട്ടയില്‍ നടന്ന മെന്‍സ് റോസറിയില്‍ പുരുഷന്‍മാര്‍ക്ക് പുറമേ ചില സ്ത്രീകളും പങ്കെടുത്തു. ലൂര്‍ദ്ദ് മാതാവിന്റെ ബസിലിക്കക്ക് ഒപ്പം, പ്ലാസാ ഡി ബൊളിവറിലും ജപമാല പ്രാര്‍ത്ഥന നടന്നു.
ബൊഗോട്ടയില്‍ നടന്ന മെന്‍സ് റോസറിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. ജപമാല തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും മഴ പെയ്യുന്നതും, മഴ നനഞ്ഞുകൊണ്ട് തന്നെ പുരുഷന്‍മാര്‍ മുട്ടിന്‍മേല്‍ നിന്ന് ജപമാല ചൊല്ലുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ചിലരുടെ പക്കല്‍ കുടയുണ്ടായിരുന്നെങ്കിലും ഭൂരിഭാഗം പേരും മഴനനഞ്ഞുകൊണ്ടാണ് ജപമാലയില്‍ പങ്കെടുത്തത്.
ജീവന്റെ സംസ്‌ക്കാരത്തിനു നേർക്കുള്ള കടന്നുകയറ്റങ്ങൾ പ്രബലപ്പെടുമ്പോൾ, അതിനെതിരെ ആത്മീയ പ്രതിരോധം തീർക്കുന്നത് നിയോഗമായി സമർപ്പിച്ചുകൊണ്ടാണ് ആഗോള വ്യാപകമായി പുരുഷന്മാരുടെ ജപമാല സഖ്യം ക്രമീകരിച്ചത്. ജപമാലയുടെ രഹസ്യങ്ങളെ കുറിച്ചുള്ള വിചിന്തനത്തിനിടയില്‍ ഭ്രൂണഹത്യ ചെയ്യപ്പെട്ട കുരുന്നു ജീവനുകള്‍ക്കും, അവരുടെ കുടുംബങ്ങള്‍ക്കും, അധികാരികള്‍ക്കും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.
കാത്തലിക് സോളിഡാരിറ്റി, മിഷന്‍ ഫോര്‍ ദി ലവ് ഓഫ് ഗോഡ് ത്രൂഔട്ട് ദി വേള്‍ഡ്, ലാസോസ് ഡെ അമോര്‍ മരിയാനോ, റെഗ്നം ക്രിസ്റ്റി പോലെയുള്ള അത്മായ സംഘടനകളുടെ സഹകരണത്തോടെ ‘റൊസാരിയോ ഡെ സാന്‍ ജോസ്’ എന്ന സംഘടനയാണ് ലൂര്‍ദ്ദ് മാതാവിന്റെ ബസിലിക്കക്ക് മുന്നില്‍ നടന്ന മെന്‍സ് റോസറി സംഘടിപ്പിച്ചത്.
കൊളംബിയക്ക് പുറമേ, വേറേയും നിരവധി രാജ്യങ്ങളില്‍ അന്നേ ദിവസം മെന്‍സ് റോസറി സംഘടിപ്പിച്ചിരുന്നു. 2018-ൽ പോളണ്ടിലും അയർലൻഡിലും ആരംഭിച്ച മെൻസ് റോസറി ഏതാനും വർഷങ്ങൾക്കുള്ളിൽ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഭൂമിയിലെ ഏതെങ്കിലും നഗരത്തിൽ 24 മണിക്കൂറും ജപമാല ചൊല്ലുക എന്നതായിരുന്നു ലക്ഷ്യം.
തന്റെ പുത്രനായ യേശു ക്രിസ്തുവിന്റെ ഇഷ്ടം തന്നെയായ മാതാവിന്റെ അഭീഷ്ടം നിറവേറ്റുകയാണ് മെന്‍സ് റോസറിയുടെ പ്രധാന ലക്ഷ്യമെന്നു മെന്‍സ് റോസറിക്ക് തുടക്കം കുറിച്ചവരുടെ വെബ്സൈറ്റില്‍ പറയുന്നു. ഈ ഭൂമിയില്‍ നമുക്കായി നല്കപ്പെട്ടിരിക്കുന്നവരുടെ നിത്യജീവനെ സംരക്ഷിക്കുക എന്നതാണ് ദൈവീക പദ്ധതിയില്‍ പുരുഷന്‍മാര്‍ക്കുള്ള പങ്കെന്നും സൈറ്റില്‍ വിവരിക്കുന്നുണ്ട്.
വിശുദ്ധ യൗസേപ്പ് പിതാവ് തിരു കുടുംബത്തിന്റെ ഭൂമിയിലെ സംരക്ഷകനായിരുന്നതുപോലെ, നമ്മുടെ കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വിശുദ്ധി സംരക്ഷിക്കുക എന്ന കടമയും പുരുഷന്മാരിലും അധിഷ്ടിതമാണ്. ഉത്തരവാദിത്വങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഈ ഐക്യം പുരുഷ സ്വത്വത്തെയും പുരുഷ ഗുണങ്ങളെയും ശക്തിപ്പെടുത്തുന്നുവെന്നും പുരുഷ ജപമാലയുടെ സംഘാടകർ വിശദീകരിക്കുന്നു.
ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്ക് ഒക്ടോബർ മാസം പരിശുദ്ധ ജപമാലയുടെ മാസമാണ്. ജപമാല പുരുഷന്മാരുടെ ശക്തമായ ആയുധമാണ്. ലോകത്തിൽ നന്മയും തിന്മയും തമ്മിലുള്ള യുദ്ധം നടത്തുന്നത് പരിശുദ്ധ അമ്മയുടെ നിർദ്ദേശത്തിൻ കീഴിലാണ്. ഇതിനാലാണ് ഒക്ടോബർ മാസം ലോകമാസകലമായി ജപമാല പ്രാർത്ഥന നടത്താനായി തിരഞ്ഞെടുത്തിരിക്കുന്നത്.
അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള പുരുഷന്മാർ ഒക്ടോബർ എട്ടാം തീയതി 24 മണിക്കൂർ ജപമാല പ്രാർത്ഥനകൾ സമർപ്പിച്ചു. മരിയൻ വണക്കത്തിന് പേരുകേട്ട ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ തന്നെയായിരുന്നു പങ്കാളിത്തത്തിൽ മുന്നിട്ടുനിന്നത്. കൊളംബിയ, വെനിസ്വേല, പരാഗ്വേ, ചിലി, പെറു, ഡൊമിനിക്കൻ റിപ്പബ്ലിക്, കോസ്റ്റാറിക്ക, അർജന്റീന, മെക്‌സിക്കോ, ഇക്വഡോർ, പനാമ, പ്യൂർട്ടോ റിക്കോ, ഗ്വാട്ടിമാല, നിക്കരാഗ്വ, എൽ സാൽവഡോർ എന്നിവിടങ്ങളിലെ നിരവധി നഗരങ്ങൾ ഇദംപ്രഥമമായി സംഘടിപ്പിച്ച പ്രാർത്ഥനാ യജ്ഞത്തിന് സാക്ഷ്യം വഹിച്ചു.
ഇറ്റലി, ചെക്ക് റിപ്പബ്ലിക്, അയർലൻഡ്, പോളണ്ട്, നെതർലാൻഡ്‌സ്, ക്രൊയേഷ്യ, സ്‌പെയിൻ, ലക്‌സംബർഗ്, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് യൂറോപ്പിൽനിന്ന് അണിചേർന്നത്. നോർത്ത് അമേരിക്കൻ രാജ്യങ്ങളുടെയും സാന്നിധ്യമുണ്ടായിരുന്നു. ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്ന് ലെബനൻ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള പുരുഷന്മാരും പ്രധാന നഗരങ്ങളിൽ ആയിരുന്നുകൊണ്ട് ഈ പ്രാർത്ഥനായജ്ഞത്തിന്റെ ഭാഗമായി. ഓഷ്യാനിയയെ പ്രതിനിധീകരിച്ച് ഓസ്‌ട്രേലിയയും ആഫ്രിക്കയെ പ്രതിനിധീകരിച്ച് സാംബിയയും പ്രാർത്ഥനാ യജ്ഞത്തിൽ അണിചേർന്നു.
വാരാന്ത്യമായിരുന്നിട്ടും അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ പ്രാർത്ഥനാ യജ്ഞത്തിൽ മൂവായിരത്തിൽപ്പരം പുരുഷന്മാർ അണിചേർന്നെന്ന് സംഘാടകരിലൊരാളായ സെഗുണ്ടോ കരാഫി സാക്ഷ്യപ്പെടുത്തുന്നു. മെൻസ് റോസറിയിൽ പങ്കെടുക്കാനെത്തുന്നവർക്ക് കുമ്പസാരിക്കാനുള്ള സൗകര്യം പലസ്ഥലങ്ങളിലും ഒരുക്കിയതും ശ്രദ്ധേയമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.