ഏഷ്യൻ മെത്രാൻ സമിതിയുടെ 50-ാം വാർഷിക കോണ്‍ഫറന്‍സ് ബാങ്കോക്കിൽ; സഭയ്ക്ക് പുതിയ ദിശാബോധം നൽകുമെന്ന് മെത്രാൻ സമിതി

ഏഷ്യൻ മെത്രാൻ സമിതിയുടെ  50-ാം വാർഷിക കോണ്‍ഫറന്‍സ് ബാങ്കോക്കിൽ; സഭയ്ക്ക് പുതിയ ദിശാബോധം നൽകുമെന്ന് മെത്രാൻ സമിതി

ബാങ്കോക്ക്: ഏഷ്യയിലെ മെത്രാന്മാരുടെ സമിതിയായ ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ (എഫ്‌എബിസി) 50-ാം വാർഷികം ആഘോഷിക്കുന്നു. തായ്ലന്ഡിലെ ബാങ്കോക്കിൽ ഒക്ടോബർ 12 ന് ആരംഭിച്ച പൊതുസമ്മേളനം 30 വരെ നീളും. സമ്മേളനത്തിൽ 270 കത്തോലിക്ക മെത്രാന്മാരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കുന്നുണ്ട്. ബാങ്കോക്കിനോട് ചേർന്നുള്ള നഖോൺ പാത്തോമിലെ സാം ഫ്രാൻ ജില്ലയിലെ ബാൻ ഫുവാനിലുള്ള ബാൻ ഫു വാൻ പാസ്റ്ററൽ ട്രെയിനിംഗ് സെന്ററിലാണ് യോഗം നടക്കുന്നത്.


"പിന്നെ അവർ മറ്റൊരു വഴിയെ സ്വദേശത്തേക്ക് പോയി" (മത്തായി 2:12) എന്ന തിരുവെഴുത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഏഷ്യയിലെ ജനങ്ങൾ എന്ന നിലയിൽ ഒരുമിച്ചുള്ള യാത്ര എന്ന ലക്ഷ്യത്തോടെ ഏഷ്യയിലെ കത്തോലിക്കാ സഭയെ വീണ്ടും സ്ഥിരീകരിക്കുക, നവീകരിക്കുക, പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രധാന ഉദ്ദേശം.

ഏഷ്യ ഭൂഖണ്ഡത്തിലെ 29 അംഗരാജ്യങ്ങളിൽ നിന്നുള്ള 17 കർദ്ദിനാൾമാരും 200 ലേറെ മെത്രാന്മാരും പങ്കെടുക്കുന്നുണ്ട്. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് (ബോംബൈ അതിരൂപത), കർദിനാൾ ടെലിസ്‌ഫോർ പി ടോപ്പോ (റാഞ്ചി അതിരൂപത) എന്നീ നാല് കർദിനാൾമാർ ഇന്ത്യയിൽ നിന്നും പങ്കെടുക്കുന്നുണ്ട്.

അതോടൊപ്പം കേരളത്തിൽ നിന്നും തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാർ മാത്യു മൂലക്കാട്ട്, ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവരെ കൂടാതെ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് റവ. ഡോ. തോമസ് ജെ നെറ്റോയും സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്.


എഫ്‌എബിസി പ്രസിഡന്റ് കർദ്ദിനാൾ ചാൾസ് മുവാങ് ബോ ആണ് സമ്മേളനത്തിന്റെ അധ്യക്ഷൻ. തായ്‌ലൻഡ് സാംസ്‌കാരിക മന്ത്രി ഇത്തിഫോൾ കുൻപ്ലോം, ബാങ്കോക്ക് ആർച്ച് ബിഷപ്പ് കർദിനാൾ ഫ്രാൻസിസ് ക്രീങ്‌സാക് കോവിറ്റ്‌വാനിച്ച്, തായ്‌ലൻഡ് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് പ്രസിഡന്റ് ബിഷപ്പ് ജോസഫ് ചുസാക് സിരിസുത്ത് എന്നിവർ സമ്മേളനത്തിന്റെ ആദ്യദിനം പങ്കെടുത്തിരുന്നു.

ഏഷ്യയിലെ സഭയിൽ പ്രത്യക്ഷപ്പെടുന്നതും ഉയർന്നുവരുന്നതുമായ വെല്ലുവിളികളെയും യാഥാർത്ഥ്യങ്ങളെയും കുറിച്ച് ചിന്തിപ്പിക്കുന്നതിനാണ് ഈ പ്രസ്ഥാനം എന്നതാണ് സമ്മേളനത്തിന്റെ 50-ാം വാർഷികം ഓർമ്മപ്പെടുത്തുന്നത്. സഭയെ ചുറ്റിപ്പറ്റി ഏഷ്യയിൽ ആവിര്‍ഭവിക്കുന്ന ഒട്ടേറെ യാഥാർത്ഥ്യങ്ങളെയും വെല്ലുവിളികളെയും മിഷൻ ചർച്ച് എന്നതിൽ നിന്ന് "മിഷനറി ചർച്ച്" എന്നതിലേക്ക് തിരിയുമ്പോൾ സഭയ്ക്ക് അഭിമുഖീകരിക്കേണ്ടിയതായി വരുന്നുവെന്ന് എഫ്‌എബിസി വ്യക്തമാക്കുന്നു.

ഓരോ രാജ്യത്തും കൂടുതൽ സമാധാനപരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് ഒരു പുതിയ കാഴ്ചപ്പാട് ഏഷ്യയിലെ കത്തോലിക്കാ സഭ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ സമ്മേളനം ചർച്ചകൾ സംഘടിപ്പിക്കുന്നതെന്നും എഫ്‌എബിസി വിശദീകരിക്കുന്നു.

എന്താണ് എഫ്എബിസി?

കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ സമിതികൾ എല്ലാ തലങ്ങളിലും രൂപീകരിച്ചിട്ടുണ്ട്. കേരളത്തിലെ മെത്രാന്മാരുടെ സമിതിയായ കെസിബിസിയും ഭാരതത്തിലെ മെത്രാന്മാരുടെ സമിതിയായ സിബിസിഐയും ഉദാഹരണങ്ങളാണ്. ഇത്തരത്തിൽ ഏഷ്യന്‍ ഭൂഖണ്ഡത്തിലെ മെത്രാന്മാരുടെ സമിതിയാണ് ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ്.

1970 ലാണ് ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് നിലവിൽ വന്നത്. അന്ന് ഏഷ്യയിലെ 180 കത്തോലിക്കാ മെത്രാന്മാർ ഒരാഴ്ചക്കാലം ഫിലിപ്പീൻസിലെ മനിലയിലാണ് ഒന്നിച്ചു ചേരുകയായിരുന്നു. വിശുദ്ധ പോൾ ആറാമൻ മാർപാപ്പയും സമ്മേളനത്തിന്റെ അവസാന ഭാഗങ്ങളിൽ സന്നിഹിതനായിരുന്നു.

ഈ സമ്മേളനത്തിൽ വെച്ച് ഏഷ്യ ഭൂഖണ്ഡത്തിലെ സഭയുടെ ഒത്തോരുമ ശക്തിപ്പെടുത്താനുള്ള ആഗ്രഹവും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആത്മാവിൽ "ഏഷ്യയിലെ സഭ" എന്നതിന്റെ അർത്ഥം എന്താണെന്ന് നിർവചിക്കുകയും ആവിഷ്കരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് എഫ്എബിസിക്ക് തുടക്കമിട്ടത്.

യോഗത്തിൽ പങ്കെടുത്ത 180 മെത്രാന്മാരും ഏഷ്യയിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസുകൾക്ക് സ്ഥിരമായ ഒരു ഘടന ഉണ്ടെന്ന് അംഗീകരിക്കുകയും ആ ഘടനയ്ക്കുള്ള പ്രമേയങ്ങൾ അംഗീകരിക്കുകയും ചെയ്തു. ഏഷ്യയിലെ സഭ എന്ന നിലയിൽ കൂട്ടായി ആശയവിനിമയം നടത്തുക, സഹകരിക്കുക, സഹായിക്കുക എന്നതും എഫ്എബിസി ലക്ഷ്യങ്ങളിൽ ഒന്നാണ്.ഇത്തരം ഒരു സംഘടന രൂപീകരിക്കുന്നത് സഭയുടെ പ്രവർത്തനങ്ങൾ പ്രത്യേകിച്ച് സുവിശേഷവൽക്കരണത്തിലും സാമൂഹിക വികസനത്തിലും ഏകോപിപ്പിക്കാൻ സഹായിക്കുമെന്നും അവർ വിലയിരുത്തി.

നാല് വർഷത്തിൽ ഒരിക്കലാണ് ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് സമ്മേളിക്കുന്നത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ബ്രൂണൈ, കംബോഡിയ, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, കസാക്കിസ്ഥാൻ, കൊറിയ, കിർഗിസ്ഥാൻ, ലാവോസ്, മലേഷ്യ, മംഗോളിയ, മ്യാൻമർ, നേപ്പാൾ, പാകിസ്താൻ, ഫിലിപ്പീൻസ്, തായ്വാൻ, സിംഗപ്പൂർ, ശ്രീലങ്ക, തിമോർ-ലെസ്റ്റെ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം, തായ്ലൻഡ്, ചൈന, അതിന്റെ പ്രത്യേക അഡ്മിനിസ്ട്രേറ്റീവ് മേഖലകളായ മക്കാവോ, ഹോങ്കോംഗ് എന്നിവയാണ് എഫ്എബിസി അംഗങ്ങൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.