വയോജനങ്ങളിൽ നിന്നും പ്രബുദ്ധരാവുക, സമാധാനത്തിന്റെ പ്രതിപുരുഷരാവുക; യുവജനങ്ങളോട് മാർപാപ്പ

വയോജനങ്ങളിൽ നിന്നും പ്രബുദ്ധരാവുക, സമാധാനത്തിന്റെ പ്രതിപുരുഷരാവുക; യുവജനങ്ങളോട് മാർപാപ്പ

വത്തിക്കാൻ സിറ്റി: വിഘടിച്ചു നിൽക്കുന്ന ലോകത്തിൽ സമാധാനത്തിന്റെ പ്രതിപുരുഷന്മാരായിത്തീരുകയെന്ന് ബെൽജിയത്തിൽ നിന്നുള്ള 300 യുവജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. പ്രതിസന്ധികളെയും പ്രയാസങ്ങളെയും അഭിമുഖീകരിക്കുമ്പോൾ ക്രിയാത്മകമായി പ്രവർത്തിച്ചുകൊണ്ട് തങ്ങളുടെ വിശ്വാസം നിലനിറുത്താൻ പാപ്പ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സാഹോദര്യം, സമാധാനം, അനുരഞ്ജനം എന്നിവയുടെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലോകം കെട്ടിപ്പടുക്കാൻ സഭയ്ക്ക് അവരുടെ ഉത്സാഹത്തോടെയുള്ള പരിശ്രമങ്ങൾ ആവശ്യമാണെന്നും ഒക്ടോബർ പത്താം തിയതി വത്തിക്കാനിൽ നടത്തിയ കൂടികാഴ്ചയിൽ പാപ്പ പറഞ്ഞു. കൂടാതെ എപ്പോഴും യേശുവിൽ വിശ്വാസം അർപ്പിക്കുകയും മുതിർന്നവരുടെ അനുഭവത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ സ്വയം അനുവദിക്കുകയും ചെയ്യണമെന്നും നിർദ്ദേശിച്ചു.

ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന മതേതരവും സംഘർഷഭരിതവുമായ സമൂഹത്തിൽ ബെൽജിയത്തിൽ നിന്നുള്ള യുവ തീർത്ഥാടകരുടെ പ്രതിബദ്ധതയെയും ക്രൈസ്തവ സാക്ഷ്യത്തെയും മാർപാപ്പ പ്രശംസിക്കുകയും ചെയ്തു. കൂടുതൽ മികച്ചതും സമാധാനപൂർണ്ണവുമായ ഒരു ലോകം കെട്ടിപ്പടുക്കാൻ സഭയ്ക്ക് അവരുടെ ഉത്സാഹവും ഔദാര്യപൂർണ്ണമായ മനോഭാവവും ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു.

സഭയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്

നിങ്ങൾ സഭയുടെ ഭാവി മാത്രമല്ല അതിലുപരിയായി അവളുടെ വർത്തമാനവുമാണെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു. സഭയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്. കാരണം സഭ ചെറുപ്പമാണ്. സാഹോദര്യം, സമാധാനം, അനുരഞ്ജനം എന്നീ മൂല്യങ്ങളാൽ സമ്പന്നമായ മറ്റൊരു ലോകം കെട്ടിപ്പടുക്കാനുള്ള നിങ്ങളുടെ ഇച്ഛാശക്തിയും ആവശ്യമാണെന്നും ഫ്രാൻസിസ് പാപ്പ വിശദീകരിച്ചു.

പ്രതിസന്ധികളെയും പ്രയാസങ്ങളെയും അഭിമുഖീകരിക്കുന്നത് നമ്മെ കൂടുതൽ വളരാൻ സഹായിക്കുമെന്നും പാപ്പ അഭിപ്രായപ്പെട്ടു. ഒരിക്കലും നിരാശനാകാത്ത വിശ്വസ്തനായ സുഹൃത്തായ ക്രിസ്തുവുമായി ഒരു ദൃഢമായ ബന്ധം വളർത്തിയെടുക്കാനും അദ്ദേഹം പറഞ്ഞു.

ക്രിസ്തുവുമായുള്ള ബന്ധം നമ്മുടെ സ്വന്തം ബലഹീനതയെ എളിമയോടും ഭയമില്ലാതെയും സ്വീകരിക്കാൻ സഹായിക്കും. നിങ്ങൾ സൂപ്പർ ഹീറോകളാകേണ്ടതില്ല മറിച്ച് ആത്മാർത്ഥതയുള്ളവരു സത്യസന്ധരും സ്വതന്ത്രരുമായ വ്യക്തികളായാണ് മാറേണ്ടതെന്നും മാർപാപ്പ ചൂണ്ടിക്കാണിച്ചു.

യുവാക്കളോട് പ്രത്യേകിച്ച് അപകടകരമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവരോടും, കുടിയേറ്റക്കാരോടും അഭയാർഥികളോടും, തെരുവിൽ ജീവിക്കുന്ന യുവജനങ്ങളോടും, അതുപോലെ ഏകാന്തതയും ദുഃഖവും അനുഭവിക്കുന്നവരുമായും അടുപ്പം വളർത്തിയെടുക്കാനും ഫ്രാൻസിസ് പാപ്പ അവരോട് ആഹ്വാനം ചെയ്തു.

വയോജനങ്ങളിൽ നിന്നും പ്രബുദ്ധരാവുക

പ്രായമായവരോടുള്ള സംവാദങ്ങൾ ഗുണം ചെയ്യുമെന്നും പാപ്പ പറഞ്ഞു. സന്തോഷം നിറയുന്ന ഒരു ക്രൈസ്‌തവ സമൂഹത്തിന് സംഭാവന നൽകുവാൻ നമ്മുടെ വേരുകൾ ആയ വയോജനങ്ങളുടെ ഉപദേശവും സാക്ഷ്യവും വഴി യുവാക്കൾ അറിവ് നേടണം.

പ്രായമായവരുമായുള്ള സംവാദങ്ങൾ നമ്മുടെ ദൈനംദിന പോരാട്ടങ്ങൾക്ക് ഉറച്ച വ്യക്തിത്വം രൂപപ്പെടുത്താൻ സഹായിക്കും. മുതിർന്നവർ തങ്ങളുടെ വിശ്വാസവും മതപരമായ ബോധ്യങ്ങളും കൂടി നമ്മിലേക്ക് പകർന്നു നല്കുന്നെവെന്നും പാപ്പ വിശദീകരിച്ചു.

സമാധാനത്തിന്റെ ദൂതരാകാൻ

മനുഷ്യരാശിയുടെ ഇന്നത്തെ ദുഷ്‌കരമായ കാലഘത്തിൽ പ്രധാനമായ ബലപരീക്ഷണങ്ങളിലൊന്നാണ് സമാധാനം. എന്നിരുന്നാലും സമൂഹത്തിൽ ക്രൈസ്തവ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ സമാധാനം നമുക്ക് കൈവരിക്കാൻ കഴിയുമെന്ന് പാപ്പാ വ്യക്തമാക്കി.

നിങ്ങൾക്ക് ചുറ്റും നിങ്ങളുടെ ഉള്ളിലും സമാധാനത്തിന്റെ വിദഗ്ധരായ കൈത്തൊഴിലാളിയാവുക. സമാധാനത്തിന്റെ പ്രതിപുരുഷന്മാരായിരിക്കുക. അങ്ങനെ ലോകം സ്നേഹത്തിന്റെയും സഹവാസത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും സൗന്ദര്യം വീണ്ടെടുക്കുമെന്നും ഫ്രാൻസിസ് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.

ബെൽജിയത്തു നിന്ന് വന്ന യുവ തീർത്ഥാടകരോടു വെല്ലുവിളികളെ ഭയപ്പെടരുതെന്നും അവർ എവിടെ പോയാലും സുവിശേഷത്തിന്റെ വാഹകരായിരിക്കുന്നതിൽ ഒരിക്കലും തളരരുതെന്നും പാപ്പാ ആവശ്യപ്പെട്ടു. ജീവിതത്തിന്റെ വിവിധ നിസ്സാരതകളാൽ ഏകാഗ്രത നശിപ്പിക്കാതെ യേശുക്രിസ്തുവുമായുള്ള സൗഹൃദത്തിൽ നിന്ന് വരുന്ന അത്യാവശ്യമായ വകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പാപ്പാ ആവശ്യപ്പെട്ടു.

അവസാനമായി ക്രൈസ്തവരുടെ പ്രാർത്ഥനയുടെയും ജീവിതത്തിന്റെയും വിദ്യാലയമായ ജപമാല സമർപ്പണത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞ ഫ്രാൻസിസ് മാർപാപ്പ ബെൽജിയത്തിൽ നിന്നും എത്തിയ യുവ ജനങ്ങളെ പരിശുദ്ധ കന്യാമറിയത്തിന്റെ മാതൃ സംരക്ഷണത്തിനായി ഏൽപ്പിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.