എറണാകുളം: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയാൽ എംഎൽഎയുടെ അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
എംഎൽഎ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒളിവിൽ തുടരുകയാണ്. പറവൂർ സ്വദേശിയും തിരുവനന്തപുരം പേട്ടയിൽ താമസിക്കുകയും ചെയ്യുന്ന യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയാണ് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയ്‌ക്കെതിരെയുള്ളത്.
ജൂലൈ മുതൽ പലപ്പോഴായി പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും പരാതി നൽകിയ ശേഷം പലതരത്തിൽ ഭീഷണിപ്പെടുത്തിയതിനാൽ ജാമ്യം നൽകുന്നത് പരാതിക്കാരിയുടെ ജീവൻപോലും അപകടത്തിലാക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. ബലാത്സംഗകുറ്റം ചുമത്തിയിട്ടുണ്ടെന്നും അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ വാദിക്കും.
കോടതി ജാമ്യാപേക്ഷ തള്ളുകയോ അറസ്റ്റ് തടയാതിരിക്കുകയോ ചെയ്താൽ എൽദോസിനെ കസ്റ്റഡിയിലെടുക്കും. എംഎൽഎയുടെ ഒളിത്താവളം കണ്ടെത്താൻ ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധന അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്.
എന്നാൽ പണം തട്ടിയെടുക്കാനായാണ് യുവതി തന്നെ സമീപിച്ചതെന്നും കെട്ടിച്ചമച്ച കേസാണ് ഇതെന്നുമാണ് എൽദോസിന്റെ വാദം. പരാതിക്കാരിയുടെ പശ്ചാത്തലവും ഇതിന്റെ ഭാഗമായി ഉയർത്തിക്കാട്ടുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.