തായ്‌വാന്റെ സ്വാതന്ത്ര്യത്തെ എതിർക്കുന്നത് തുടരും; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് ഉദ്ഘാടനവേളയിൽ ഷി ജിൻപിംങ്

തായ്‌വാന്റെ സ്വാതന്ത്ര്യത്തെ എതിർക്കുന്നത് തുടരും; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് ഉദ്ഘാടനവേളയിൽ ഷി ജിൻപിംങ്

ബീജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായതോടെ അഞ്ച് ദിവസത്തെ സമ്മേളനത്തിന്റെ ആദ്യ സെഷനില്‍ പാര്‍ട്ടി തലവനും ചൈനീസ് പ്രസിഡന്റുമായ ഷി ജിന്‍പിംങ് പ്രസംഗിച്ചു. നിലവിലെ ഭരണത്തെ അദ്ദേഹം പ്രശംസിക്കുകയും രാജ്യത്തിന്റെ കോവിഡ് പ്രതിരോധ നയങ്ങളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

ഹോങ്കോങ്ങിന്‍റെ സമഗ്രമായ നിയന്ത്രണം ചൈന നേടിയെടുത്തുവെന്ന് പ്രസിഡന്റ് ഷീ ജിങ് പിങ് പറഞ്ഞു. 2019 ലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളാൽ നടുങ്ങിയ ഹോങ്കോങ്ങിലെ സാമൂഹിക സ്ഥിരത സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും പാർട്ടിയുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് ഷി തന്റെ പ്രസംഗം ആരംഭിച്ചത്. സത് ഭരണത്തില്‍ മുന്നേറുന്ന ഹോങ്കോങ്ങിനെ ഷി അഭിനന്ദിച്ചു.

കൂടാതെ ചൈന-തായ്‌വാൻ പോരാട്ടത്തില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്നും ഇത് അപലപനീയമാണെന്നും ഷി ജിന്‍പിംങ് ആരോപിച്ചു. തായ്‌വാന്റെ സ്വാതന്ത്ര്യത്തെ ചൈന തുടർന്നും എതിർക്കും. തായ്‌വാനില്‍ വിഘടനവാദത്തിനും ഇടപെടലിനുമെതിരെ ഒരു വലിയ പോരാട്ടം നടത്തുമെന്നും ഷി ജിന്‍പിംങ് വ്യക്തമാക്കി.

രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും കാത്തുസൂക്ഷിക്കാനും തായ്‌വാൻ സ്വാതന്ത്ര്യത്തെ എതിർക്കാനുമുള്ള പാർട്ടിയുടെ ശക്തമായ നിശ്ചയദാർഢ്യവും കഴിവും ഇതിനകം തെളിയിച്ചതായും ഷി വിശദീകരിച്ചതോടെ സമ്മേളനത്തിൽ കൂടിയിരുന്ന പ്രതിനിധികൾ കരഘോഷത്തോടെയാണ് പ്രതികരിച്ചത്.

96 ദശലക്ഷം അംഗങ്ങളുള്ള പാർട്ടി മനുഷ്യചരിത്രത്തിലെ ദാരിദ്ര്യത്തിനെതിരായ ഏറ്റവും വലിയ പോരാട്ടത്തിൽ വിജയിച്ചുവെന്നും ഷി അഭിപ്രായപ്പെട്ടു. ചൈനയുടെ 'പുനരുജ്ജീവനം' സാക്ഷാത്കരിക്കുന്നതിന് സിസിപിയുടെ നവീകരണ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ തന്റെ പാര്‍ട്ടി ശ്രമിക്കുമെന്ന് ഷി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ ഭരണത്തെ അഭിനന്ദിച്ച ഷി പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ചൈനയിലെ ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.

തന്റെ സര്‍ക്കാര്‍ ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഏറ്റവും ഉയര്‍ന്ന തലത്തില്‍ സംരക്ഷിച്ചുവെന്നും പകര്‍ച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും സാമൂഹികവും സാമ്പത്തികവുമായ വികസനവും ഏകോപിപ്പിക്കുന്നതില്‍ സാധ്യമായതെല്ലാം ചെയ്തുവെന്നും അതിന് മികച്ച ഫലങ്ങളുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ഷി ജിന്‍പിംങ്ങിന്റെ അധികാരം കൂടുതല്‍ ശക്തമാക്കുന്നതിന് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയാകും. ഷിയുടെ അധികാരങ്ങള്‍ ഉറപ്പിക്കുന്ന തരത്തില്‍ പാര്‍ട്ടി ഭരണ ഘടന ഭേദഗതിയും സമ്മേളനം ചര്‍ച്ച ചെയ്യും. ഇന്ത്യയും തായ്‌വാനും അടക്കമുള്ള അയല്‍ രാജ്യങ്ങളോടുള്ള ചൈനയുടെ സമീപനവും കോണ്‍ഗ്രസില്‍ ചര്‍ച്ചയാകും. രാജ്യം കൂടുതല്‍ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതിനെതിരെ ചൈനയില്‍ പ്രതിഷേധവും ശക്തമാവുകയാണ്.

നിലവില്‍ വഹിക്കുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തും സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തും ഷി ജിന്‍പിംങ് തന്നെ തുടര്‍ന്നക്കും. ടിയാനന്‍ മെന്‍ സ്‌ക്വയറിലെ ഗ്രെയ്റ്റ് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ 2300 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. മാവോ സേതുങ്ങിന് ശേഷം ഏറ്റവും ശക്തനായ നേതാവായി ഷി ജിന്‍പിംങ്ങിനെ വിദഗ്ധര്‍ കണക്കാക്കുന്നു.

69 കാരനായ ഷി തന്റെ പത്തുവർഷത്തെ ഭരണത്തിനിടയിൽ സുരക്ഷ, പൊതു അഭിവൃദ്ധിയുടെ പേരിൽ സമ്പദ് വ്യവസ്ഥയുടെ മേലുള്ള നിയന്ത്രണം, കൂടുതൽ ദൃഢമായ നയതന്ത്രം, തായ്‌വാൻ പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിയ സ്വേച്ഛാധിപത്യത്തിലേക്കുള്ള പാതയിലൂടെയാണ് ചൈനയെ നയിച്ചത്.

മാത്രമല്ല വ്യാപകമായ സാമ്പത്തിക നഷ്ടത്തിന് കാരണമായ നയം ബീജിംഗ് അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന ഒട്ടേറെ ചൈനീസ് പൗരന്മാർക്കിടയിലും നിക്ഷേപകരിലും ഉണ്ടായിരുന്ന പ്രതീക്ഷകൾ തകർത്തുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ ഷീയുടെ സീറോ-കോവിഡ് പദ്ധതിയോടുള്ള പ്രതിബദ്ധത ചൈന വീണ്ടും സ്ഥിരീകരിക്കുകയും ചെയ്തു.

കോവിഡ് നയത്തിന് കീഴിൽ അടിക്കടി പ്രഖ്യാപിക്കുന്ന ലോക്ക്ഡൗണുകളും റിയൽ എസ്റ്റേറ്റ് വിപണിയിലെ പ്രതിസന്ധിയും ഒരിക്കൽ സ്വതന്ത്രമായിരുന്ന പ്ലാറ്റ്‌ഫോം സമ്പദ്വ്യവസ്ഥയിൽ 2021-ൽ അദ്ദേഹം നടത്തിയ അടിച്ചമർത്തലിന്റെ അനന്തരഫലങ്ങളും ബാഹ്യ സമ്മർദ്ദങ്ങളും കാരണം ഒരു വർഷത്തിനിടയിൽ ചൈനയുടെ സമ്പദ്‌വ്യവസ്ഥ നാടകീയമായി മന്ദഗതിയിലായിട്ടും അവയൊന്നും ഷിയുടെ ശക്തിയെ ബാധിച്ചിട്ടില്ല.

റഷ്യയുടെ വ്‌ളാഡിമിർ പുടിനെ ഷി പിന്തുണച്ചതോടെ പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധം വലിയരീതിയിൽ വഷളായതായും വിമർശകർ വിലയിരുത്തുന്നു. എന്തുതന്നെയായാലും ശനിയാഴ്ച കോൺഗ്രസ് അവസാനിക്കുന്നതിന്റെ പിറ്റേന്ന് ഷി തന്റെ പുതിയ ഏഴംഗ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമാവധി രണ്ട് ടേം സേവനമനുഷ്ഠിച്ച ശേഷം മാർച്ചിൽ ലീ കെക്വിയാങ് ആ പദവിയിൽ നിന്ന് പടിയിറങ്ങുമ്പോൾ ലീയുടെ പകരക്കാരനായി പ്രധാനമന്ത്രിയാകുന്ന വ്യക്തി ഇതിൽ ഉൾപ്പെടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.