ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്നും കേന്ദ്രം പിന്‍മാറണം; മോഡിക്ക് കത്തയച്ച് സ്റ്റാലിന്‍

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്നും കേന്ദ്രം പിന്‍മാറണം; മോഡിക്ക് കത്തയച്ച് സ്റ്റാലിന്‍

ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സ്റ്റാലിന്‍ കത്തയച്ചു. ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ ശ്രമമാണ് നടക്കുന്നതെന്നും സംസ്ഥാനങ്ങളുടെ ന്യായമായ ഭയവും അതൃപ്തിയും കേന്ദ്രം പരിഗണിക്കണമെന്നും സ്റ്റാലിന്‍ കത്തില്‍ ആവശ്യപ്പെട്ടു.

1965ല്‍ ഒട്ടേറെ യുവാക്കള്‍ ജീവന്‍ ബലികൊടുത്ത ഭാഷാ സമരത്തെപ്പറ്റിയും സ്റ്റാലിന്‍ കത്തില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അപ്രായോഗികവും രാജ്യത്തെ ഭിന്നിപ്പിക്കുന്നതുമാണ്. ഇന്ത്യയുടെ ബഹുഭാഷാ സംസ്‌കാരം ജനാധിപത്യത്തിന്റെ ഉജ്ജ്വല മാതൃകയാണ്.

വ്യതിരിക്തതകളെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണം. എല്ലാ ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കും തുല്യാവസരം കിട്ടണം. എട്ടാം ഷെഡ്യൂളിലെ എല്ലാ ഭാഷകളേയും ഔദ്യോഗിക ഭാഷകളായി അംഗീകരിക്കണം. ഇംഗ്ലീഷിന്റെ ഔദ്യോഗിക ഉപയോഗം ഉറപ്പാക്കുമെന്ന മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഉറപ്പ് പാലിക്കണമെന്നും സ്റ്റാലിന്‍ കത്തില്‍ ആവശ്യപ്പെട്ടു.

ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ഉദയനിധി സ്റ്റാലിനും രംഗത്തെത്തി. ഡിഎംകെ എന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ ചെറുത്തിട്ടുണ്ടെന്നും അത് പാര്‍ട്ടിയുടെ പ്രധാന തത്വങ്ങളിലൊന്നാണെന്നും അദ്ദേഹം വിശദീകരിച്ചു. തമിഴ്‌നാട് ഒരിക്കലും ഈ നീക്കത്തെ അംഗീകരിക്കില്ലെന്നും ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കി.

ഹിന്ദി ഭാഷ വിഷയത്തില്‍ നേരത്തെ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി ഭാഷയിലെ പ്രാവീണ്യം നിര്‍ബന്ധമാക്കണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കത്തയച്ചത്.

ഹിന്ദി ഏക അധ്യയന ഭാഷയാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും അധ്യയന മാധ്യമമായി ഹിന്ദി ഭാഷയെ അടിച്ചേല്‍പ്പിക്കുന്ന എല്ലാ ശ്രമങ്ങളും ജനങ്ങളിലും തൊഴില്‍ അന്വേഷകരിലും ആശങ്കയുണ്ടാക്കുന്നതാണെന്നും പിണറായി കത്തില്‍ ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട എല്ലാ ഭാഷകളിലും ചോദ്യ പേപ്പര്‍ നല്‍കേണ്ടതുണ്ടെന്നും മറിച്ചുള്ള ശ്രമങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം വിഷയത്തില്‍ ഇടപെട്ട് ആശങ്ക പരിഹരിക്കണമെന്നും തിരുത്തല്‍ നടപടികള്‍ എടുക്കണമെന്നും പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.