ന്യൂഡല്‍ഹി: സംസ്ഥാന സര്‍വീസിലുള്ള മുഴുവന്‍ കരാര്‍ജീവനക്കാരെയും സ്ഥിരപ്പെടുത്തി ഒഡിഷയിലെ നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബി.ജെ.ഡി. സര്‍ക്കാര്‍. 57,000 ത്തോളം വരുന്ന കരാർ ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തിയത്. ഇനി കരാറടിസ്ഥാനത്തില്‍ നിയമനം നടത്തില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ജനങ്ങള്‍ക്ക് ദീപാവലി സമ്മാനമെന്ന രീതിയിലാണ് പദ്ധതി അവതരിപ്പിച്ചത്. നേരത്തേ പഞ്ചാബിലും കരാര്‍ അധ്യാപകരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ മുഴുവന്‍ കരാര്‍ജീവനക്കാരെയും സ്ഥിരപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ഒഡിഷയാണ്.
ഒഡിഷ ഗ്രൂപ്പ് ബി, സി, ഡി തസ്തിക നിയമം-2022 എന്ന പേരിലാണ് ഇത് നടപ്പാക്കുക. സ്ഥിരപ്പെടുത്തുന്ന ജീവനക്കാരുടെ ശമ്പളം കരാര്‍നിയമന തീയതി പരിഗണിച്ച് നിജപ്പെടുത്തും.
സ്ഥാനക്കയറ്റമടക്കം മുന്‍കാല പ്രാബല്യത്തോടെയുള്ള ആനുകൂല്യങ്ങളും അനുവദിച്ചാണ് ശമ്പളം തീരുമാനിക്കുക. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്ത കാലയളവ് പരിഗണിച്ച് അര്‍ഹതയുള്ള മുന്‍ഗണന നല്‍കും. ഇതുവഴി പ്രതിവര്‍ഷം 1300 കോടി രൂപയാണ് അധികച്ചെലവ് ഉണ്ടാകുമെന്നു സർക്കാർ കണക്കാക്കുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം 2013-ലാണ് ഒഡിഷയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമനം ആരംഭിച്ചത്.
ഒഡിഷയില്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടെന്നും കരാര്‍നിയമന യുഗം അവസാനിച്ചതായി പട്നായിക് പറഞ്ഞു. പല സംസ്ഥാന സര്‍ക്കാരുകളും സ്ഥിരനിയമനം പൂര്‍ണമായും നിര്‍ത്തിയ സാഹചര്യത്തില്‍ ഈ തീരുമാനം ഒഡിഷയുടെ ചരിത്രത്തിലെ സുവര്‍ണനിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.
കരാര്‍നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്ന പ്രഖ്യാപനം വന്നതോടെ അത് ആഘോഷമാക്കി ഒഡിഷയിലെ താത്കാലിക ജീവനക്കാര്‍. പടക്കംപൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണംചെയ്തും നൃത്തം ചെയ്തും സംസ്ഥാനമൊട്ടാകെ പ്രഖ്യാപനം ആഘോഷിക്കപ്പെട്ടു. കരാര്‍സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബറില്‍ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.