ആശങ്കയായി എബോള വ്യാപനം; ഉഗാണ്ടയില്‍ ലോക്ഡൗണ്‍

ആശങ്കയായി എബോള വ്യാപനം; ഉഗാണ്ടയില്‍ ലോക്ഡൗണ്‍

കംപാല: എബോള പിടിമുറുക്കിയതോടെ രണ്ട് ജില്ലകളില്‍ മൂന്നാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട. മുബെന്‍ഡെ, കസന്‍ഡ എന്നീ ജില്ലകളിലാണ് ലോക്ഡൗണ്‍. ആരാധനാലയങ്ങളും വിനോദ കേന്ദ്രങ്ങളും ഉള്‍പ്പെടെ അടച്ചിടും. നിരോധനാജ്ഞ ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്. ഇത്തരം നടപടികള്‍ സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് മുന്‍ നിലപാടില്‍ നിന്ന് പിന്നാക്കം പോയിരിക്കുകയാണ് ഉഗാണ്ട പ്രസിഡന്റ് യൊവേരി മുസെവേനി.

എബോള ബാധിച്ച രണ്ട് ജില്ലകളിലേക്കും പുറത്തേക്കും 21 ദിവസത്തേക്ക് സഞ്ചാരം നിയന്ത്രിച്ചതായി പ്രസിഡന്റ് അറിയിച്ചു. രണ്ടു ജില്ലകളില്‍ രോഗം പടരുന്നത് തടയാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മുസെവേനി വ്യക്തമാക്കി. എബോള വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള താല്‍ക്കാലിക നടപടികള്‍ മാത്രമാണ് ഇവയെല്ലാമെന്നും എല്ലാവരും അധികാരികളുമായി സഹകരിക്കണമെന്നും സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഈ സാഹചര്യം അവസാനിപ്പിക്കുമെന്നും യോവേരി മുസെവേനി പറഞ്ഞു.

വായുവിലൂടെ പകരുന്ന രോഗമല്ല എബോള എന്നതിനാല്‍ കൊവിഡിന് സമാനമായ നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു പ്രസിഡന്റ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, ശനിയാഴ്ചയോടെ അദ്ദേഹം നിലപാടില്‍ മാറ്റം വരുത്തുകയും മുബെന്‍ഡെയിലും കസന്‍ഡയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമായിരുന്നു. ഇത്തവണ സ്ഥിരീകരിച്ച 58 എബോള കേസുകളില്‍ 19 പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ മരണപ്പെട്ടവരുടെയും രോഗബാധിതരുടെയും യഥാര്‍ഥ എണ്ണം ഇതിനെക്കാളൊക്കെ എത്രയോ അധികമാണെന്നാണ് സൂചന. തലസ്ഥാനമായ കമ്പാലയ്ക്ക് 80 കിലോമീറ്റര്‍ അകലെയുള്ള മുബെന്‍ഡെയിലാണ് കഴിഞ്ഞ മാസം എബോള പൊട്ടിപ്പുറപ്പെട്ടത്.


എന്താണ് എബോള?

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്ന ഒരു രോഗമാണ് ഇത്. എബോള വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ രണ്ടു ദിവസം മുതല്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. രോഗബാധിത ജീവിയുടെ ശരീരദ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പടരുന്നത്. എബോളബാധിച്ച മനുഷ്യന്റെ രക്തം നേരിട്ട് സ്പര്‍ശിക്കുന്നതിലൂടെയും മനുഷ്യരില്‍ ഈ രോഗം പടരുന്നു. എബോള വൈറസ് മനുഷ്യനിലെത്തുന്നത് മൃഗങ്ങളിലൂടെയാണ്. രോഗം ബാധിച്ച ചിമ്പാന്‍സി, കുരങ്ങ്, ഗറില്ല, പന്നി, വവ്വാല്‍ എന്നിവയുടെ ശരീരത്തിലെ എല്ലാത്തരം സ്രവങ്ങളിലും എബോള വൈറസ് ഉണ്ടാകാം. ഇവയുടെ രക്തം, മൂത്രം, കാഷ്ഠം എന്നിവയുടെ സ്പര്‍ശനത്തിലൂടെയും രോഗാണുക്കള്‍ പകരാം. ശരീരത്തിലെ മുറിവുകള്‍, വായ്, ത്വക്ക് എന്നിവയിലൂടെ വൈറസിന് മനുഷ്യശരീരത്തിലെത്താനാകും.

പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചിലപ്പോള്‍ ഛര്‍ദ്ദി, തൊലിയിലെ തിണര്‍പ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരില്‍ രോഗാവസ്ഥ കുറച്ചു ദിവസങ്ങള്‍കൊണ്ട് തനിയെ മാറുന്നു. എന്നാല്‍ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരില്‍ ക്രമേണ കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.