ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ ഒപി
മെല്‍ബണ്‍: ഉന്നത പദവി നിലനിര്‍ത്താന്‍ വേണ്ടി തന്റെ ക്രൈസ്തവ മൂല്യങ്ങള്‍ ബലികഴിക്കാതിരുന്ന ഓസ്‌ട്രേലിയയിലെ പ്രശസ്തമായ ഫൂട്ടി ക്ലബ്ബിന്റെ മുന്‍ സി.ഇ.ഒ ആന്‍ഡ്രൂ തോര്‍ബേണ് സമൂഹത്തിന്റെ നാനാതുറകളില്‍നിന്നും പിന്തുണ. കായിക ക്ലബ്ബില്‍നിന്നു കടുത്ത സമ്മര്‍ദമുണ്ടായിട്ടും നിലപാടുകളില്‍ വിട്ടുവീഴ്ച്ചയ്ക്കു വഴങ്ങാതിരിക്കുകയും വിശ്വാസം മുറുകെ പിടിക്കുകയും ചെയ്ത ആന്‍ഡ്രൂ തോര്‍ബേണിനെ സിഡ്നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ ഒപി അഭിനന്ദിച്ചു.
'ഒരു കാലത്ത് നമ്മുടെ രാജ്യത്തെ ഏകീകരിക്കുന്ന മഹത്തായ ഘടകമായിരുന്നു സ്‌പോര്‍ട്‌സ്. എന്നാല്‍ ഇപ്പോഴത് ക്രിസ്ത്യാനികള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയുടെയും പാര്‍ശ്വവല്‍ക്കരണത്തിന്റെയും ഉദാഹരണമായി മാറി. വിശ്വാസത്തിന്റെ പേരില്‍ ബലിയാടാക്കപ്പെട്ടത് ആന്‍ഡ്രൂ തോര്‍ബേണ്‍ മാത്രമല്ല. ഇസ്രയേല്‍ ഫോളോ, മാന്‍ലി സെവന്‍ എന്നറിയപ്പെടുന്ന കളിക്കാരും മതപരമായ വിവേചനത്തിന്റെ ഇരകളാണെന്ന് ആര്‍ച്ച് ബിഷപ്പ് ഫിഷര്‍ പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.
മതവിശ്വാസത്തിന്റെ പേരിലാണ് അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ ആന്‍ഡ്രൂ തോര്‍ബേണിന് എ.എഫ്.എല്‍ എസന്‍ഡണ്‍ ക്ലബിന്റെ തലപ്പത്തുനിന്ന് അപ്രതീക്ഷിതമായി രാജിവയ്ക്കേണ്ടി വന്നത്. സി.ഇ.ഒ പദവി ഏറ്റെടുത്ത് 30 മണിക്കൂറിനകമായരുന്നു രാജി. സ്വവര്‍ഗാനുരാഗം, ഭ്രൂണഹത്യ എന്നിവയെ ശക്തമായി എതിര്‍ക്കുന്നയാളാണ് ആന്‍ഡ്രൂ തോര്‍ബേണ്‍. ഒന്നുകില്‍ ക്ലബ് സി.ഇ.ഒ സ്ഥാനം അല്ലെങ്കില്‍ പെന്തക്കോസ്ത് സഭയുടെ ചെയര്‍മാന്‍ സ്ഥാനം ഇതിലേതെങ്കിലും ഒന്നില്‍ തുടരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വിശ്വാസത്തിനു വേണ്ടി തെരഞ്ഞെടുപ്പു നടത്തിയതാണ് തോര്‍ബേണിനെ വ്യത്യസ്തനാക്കുന്നത്.
ആന്‍ഡ്രൂ തോര്‍ബേണ്‍
സ്വവര്‍ഗരതിയെ എതിര്‍ത്തതിന്റെ പേരിലാണ് കായിക താരമായ ഇസ്രയേല്‍ ഫോളോയുമായുള്ള കരാര്‍ റഗ്ബി ഓസ്ട്രേലിയ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ അവസാനിപ്പിച്ചത്. ഈ സംഭവം രാജ്യത്ത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
ഓസ്ട്രേലിയയിലെ പ്രൊഫഷണല്‍ റഗ്ബി ക്ലബ്ബായ മാന്‍ലി സീ ഈഗിള്‍സിലെ ഏഴു കളിക്കാര്‍ എല്‍ജിബിടി സമൂഹത്തെ പിന്തുണയ്ക്കുന്ന മഴവില്‍ വര്‍ണങ്ങളുള്ള ജഴ്‌സി അണിയാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയതും വിവാദമായിരുന്നു. ജഴ്‌സി അടിച്ചേല്‍പ്പിക്കാന്‍ ക്ലബ്ബ് അധികാരികള്‍ ശ്രമിച്ചതിന്റെ പേരിലാണ് കളിക്കാര്‍ പ്രതിഷേധിച്ചത്.
'ഒരു കാലത്ത് നമ്മുടെ രാജ്യത്തിന്റെ ഗുണങ്ങളായിരുന്ന പരസ്പര ബഹുമാനവും സമത്വവും ഇപ്പോള്‍ എല്ലാ വിഭാഗത്തിനും ലഭിക്കാത്ത ഒന്നായി മാറുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സഹിഷ്ണുത, ഉള്‍ക്കൊള്ളല്‍, വൈവിധ്യം എന്നിവയൊക്കെ കൊട്ടിഘോഷിക്കുന്ന ക്ലബ്ബുകളാണ് മതപരമായ വിശ്വാസത്തിന്റെ പേരില്‍ ആളുകളെ ഒഴിവാക്കുന്നതെന്ന് ഓര്‍ക്കണം. കടുത്ത സമ്മര്‍ദത്തിനിടയിലും തന്റെ വിശ്വാസം തള്ളിപ്പറയാതിരുന്ന ആന്‍ഡ്രൂ തോര്‍ബേണിന്റെ ആര്‍ജവത്തെ താന്‍ അഭിനന്ദിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
'അതേസമയം, ആന്‍ഡ്രൂ തോര്‍ബേണിന്റേത് ഒറ്റപ്പെട്ട സംഭവമല്ല. അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് കാണുന്ന ദശലക്ഷക്കണക്കിന് സാധാരണ ഓസ്ട്രേലിയന്‍ ക്രിസ്ത്യാനികള്‍ ഒരു തെരഞ്ഞെപ്പിനു നിര്‍ബന്ധിക്കപ്പെടുമോ എന്ന ആശങ്കയിലാണ്. തങ്ങളുടെ മതവിശ്വാസവും ഉപജീനമാര്‍ഗവും ഒരുമിച്ചുകൊണ്ടു പോകാന്‍ കഴിയുമോ എന്നാണ് അവരുടെ ആശങ്ക.
കായികം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം, രാഷ്ട്രീയം എന്നീ മേഖലകളില്‍ വിശ്വാസികളായ ആളുകള്‍ നമ്മുടെ രാജ്യത്തിന് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇപ്പോഴുമത് തുടരുന്നു. അതിനാല്‍ മതവിശ്വാസികളും എല്ലാ മേഖലയിലും ഉള്‍പ്പെടാന്‍ അര്‍ഹരാണെന്ന് ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
സ്വവര്‍ഗാനുരാഗം, ഭ്രൂണഹത്യ എന്നിവയെ എതിര്‍ക്കുന്ന തോര്‍ബേണിന്റെ നിലപാട് എ.എഫ്.എല്‍ എസന്‍ഡണ്‍ ക്ലബ്ബിന്റെ നിലപാടിനോട് യോജിക്കുന്നതല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് രാജിസമ്മര്‍ദമുണ്ടായത്.
ഒരാളുടെ മതവിശാസത്തിന്റെ പേരില്‍ നിയമനം റദ്ദാക്കുന്നത് കടുത്ത അനീതിയാണെന്ന് സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ആന്‍ഡ്രൂ തോര്‍ബേണിന്റെ നിര്‍ബന്ധിത രാജിയില്‍ ഓസ്ട്രേലിയയിലെ ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുകയാണ്. സി.ഇ.ഒ പദവി രാജിവച്ച ഉടനെ പെന്തക്കോസ്ത് സഭാംഗമായ തോര്‍ബേണിനെ പിന്തുണച്ച് മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ കോമെന്‍സോളി രംഗത്തുവന്നിരുന്നു.
മതപരമായ വിവേചന നിയന്ത്രണ ബില്‍ നടപ്പാക്കണം: ആംഗ്ലിക്കന്‍ ബിഷപ്പ്
ഈ കേസ് ഫെഡറല്‍ മതപരമായ വിവേചന നിയന്ത്രണ ബില്‍ അടിയന്തരമായി നടപ്പാക്കുന്നതിന്റെ ആവശ്യകതയെയാണ് സൂചിപ്പിക്കുന്നതെന്ന് സൗത്ത് സിഡ്‌നിയിലെ ആംഗ്ലിക്കന്‍ ബിഷപ്പും ക്രിസ്ത്യന്‍ ലീഗല്‍ തിങ്ക് ടാങ്ക് ഫ്രീഡം ഫോര്‍ ഫെയ്ത്ത് ചെയര്‍മാനുമായ മൈക്കല്‍ സ്റ്റെഡ് പ്രസ്താവനയില്‍ പറഞ്ഞു.
ആംഗ്ലിക്കന്‍ ബിഷപ്പ് മൈക്കല്‍ സ്റ്റെഡ്
നാഷണല്‍ ഓസ്ട്രേലിയ ബാങ്ക് മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ തോര്‍ബേണ്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍ സ്വവര്‍ഗാനുരാഗിയോ ലെസ്ബിയനോ അല്ലെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്തിയവരോ ആയ ആരോടും വിവേചനം കാണിച്ചതായി ആരും ആരോപിച്ചിട്ടില്ല. തന്റെ കരിയറില്‍ ഉടനീളം അദ്ദേഹം സി.ഇ.ഒ പദവികളിലിരുന്ന് സ്ത്യുതര്‍ഹമായ നിലയില്‍ നിരവധി വലിയ സംഘടനകളെ നയിച്ചിട്ടുണ്ട്.
അനേകം മതവിശ്വാസികള്‍ ആശങ്കയിലാണ്. എന്റെ വിശ്വാസങ്ങള്‍ക്ക് എന്ത് സംഭവിക്കും എന്നോര്‍ത്ത് - ബിഷപ്പ് മൈക്കല്‍ സ്റ്റെഡ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.