സിഡ്‌നി: ഇസ്രായേല്‍ തലസ്ഥാനമായി പടിഞ്ഞാറന്‍ ജറുസലേമിനെ അംഗീകരിച്ച മുന്‍ സഖ്യസര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുമെന്ന് വിദേശകാര്യ മന്ത്രി പെന്നി വോങ്. ജറുസലേമിനെ അംഗീകരിക്കുക എന്നത് ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ പിന്തുണ നേടാനായി ലിബറല്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച വിചിത്ര തന്ത്രമായിരുന്നു എന്ന് പെന്നി വോങ് കുറ്റപ്പെടുത്തി.
അതേസമയം, ജറുസലേമിനെ രാജ്യത്തിന്റെ തലസ്ഥാനമായി അംഗീകരിച്ചത് പിന്‍വലിക്കാനുള്ള ഓസ്ട്രേലിയയുടെ തീരുമാനത്തെ ഇസ്രായേല്‍ സര്‍ക്കാര്‍ വിമര്‍ശിച്ചു. ഓസ്ട്രേലിയയുടെ അംബാസഡറെ വിളിച്ചുവരുത്തി പരാതി നല്‍കുകയും ഓസ്ട്രേലിയന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ പ്രഖ്യാപനം ബാലിശമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി യെയര്‍ ലാപിഡ് ഈ നീക്കത്തെ വിമര്‍ശിച്ചു. ജറുസലേം ഇസ്രായേലിന്റെ ശാശ്വതമായ തലസ്ഥാനമാണ്. അതിന് ഒരിക്കലും മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ മാത്രമാണ് ഓസ്ട്രേലിയന്‍ കാബിനറ്റ് ഈ വിഷയത്തില്‍ ഔപചാരിക തീരുമാനമെടുത്തതെങ്കിലും, ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുള്ള മുന്‍ സര്‍ക്കാരിന്റെ പരാമര്‍ശങ്ങള്‍ വിദേശകാര്യവകുപ്പ് ഇതിനകം ഇല്ലാതാക്കിയിരുന്നു.
ചൊവ്വാഴ്ചത്തെ കാബിനറ്റ് യോഗത്തിനു ശേഷം സംസാരിച്ച വിദേശകാര്യ മന്ത്രി പെന്നിവോങ്, ഓസ്ട്രേലിയ ഇസ്രായേലിന്റെ ഉറച്ച സുഹൃത്തും പലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്നുവെന്നും പറഞ്ഞു. ഇസ്രയേലും പലസ്തീന്‍ ജനതയും തമ്മിലുള്ള സമാധാന ചര്‍ച്ചകളിലൂടെ ജറുസലേമിന്റെ പദവി സംബന്ധിച്ച് തീരുമാനം ഉണ്ടാകണം. ഓസ്ട്രേലിയയുടെ ദീര്‍ഘകാലത്തെ നിലപാട് അനുസരിച്ച് ജറുസലേമിന്റെ പദവി ഒരു തര്‍ക്കവിഷയമാണ്. ഓസ്ട്രേലിയയുടെ എംബസി എല്ലായ്‌പ്പോഴും ടെല്‍ അവീവിലായിരുന്നു. അത് അവിടെ തന്നെ നിലനില്‍ക്കുമെന്നും അവര്‍ അസന്നിഗ്ദ്ധമായി പ്രസ്താവിച്ചു.
2018 അവസാനത്തോടെ, ടെല്‍ അവീവില്‍ നിന്ന് പടിഞ്ഞാറന്‍ ജറുസലേമിലേക്ക് അമേരിക്കന്‍ എംബസി മാറ്റാനുള്ള മുന്‍ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെത്തുടര്‍ന്ന്, പടിഞ്ഞാറന്‍ ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കാന്‍ അന്നത്തെ മോറിസണ്‍ സര്‍ക്കാര്‍ തയാറായി. പിന്നീട് ഓസ്ട്രേലിയയില്‍ അധികാരത്തില്‍ വന്ന ലിബറല്‍ പാര്‍ട്ടി ഇസ്രായേല്‍ അനുകൂല തീരുമാനത്തില്‍ നിന്നും പിന്നോക്കം പോകുകയാണ് ഉണ്ടായത്. സ്‌കോട്ട് മോറിസണ്‍ രാഷ്ട്രീയം കളിച്ചതിനാലാണ് കഴിഞ്ഞ സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടതെന്ന് വോങ് ആരോപിച്ചു. 2018ലെ തീരുമാനം നിമിത്തം ഓസ്ട്രേലിയയെ അന്താരാഷ്ട്ര സമൂഹത്തില്‍ അസ്വീകാര്യരാക്കിയെന്ന് അവര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ വെന്റ്വര്‍ത്ത് സീറ്റും ഉപതിരഞ്ഞെടുപ്പും നേടാനുള്ള വിചിത്രമായ, വിജയിക്കാത്ത, നാടകമായിരുന്നു ഇതെന്ന് വോങ് ആക്ഷേപിച്ചു. ജൂത വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തത് എന്ന ആരോപണം മോറിസണ്‍ അന്നേ നിഷേധിച്ചിരുന്നു.
ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കാത്ത സര്‍ക്കാരിന്റെ നിലപാടിനെ പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍ നിശിതമായി വിമര്‍ശിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ ഈ വിഷയം മുന്നോട്ടു വയ്ക്കും എന്ന് അദ്ദേഹം സൂചിപ്പിച്ചു.
2017 ഡിസംബര്‍ 6-ന് അന്നത്തെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി യുഎസ് അംഗീകരിക്കുമെന്ന് നടത്തിയ പ്രഖ്യാപനം അറബ് രാജ്യങ്ങളുടെ എതിര്‍പ്പിന് ഇടയാക്കിരുന്നു. ഇത്തരം എതിര്‍പ്പുകള്‍ വകവയ്ക്കാതെ ട്രംപ് സര്‍ക്കാര്‍ 2018 മെയ് 14 ന് യുഎസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റി. യൂറോപ്യന്‍ യൂണിയനും ഈ തീരുമാനത്തെ അനുകൂലിച്ചിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.