അടിമുടി രൂപമാറ്റം; തീ തുപ്പും കാറിന് 44,250 രൂപ പിഴ

അടിമുടി രൂപമാറ്റം; തീ തുപ്പും കാറിന് 44,250 രൂപ പിഴ

മലപ്പുറം: തീ പാറുന്ന കാറുമായി റോഡിലിറങ്ങിയ യുവാവിനെതിരെ ഗതാഗതവകുപ്പ് നടപടി. അനധികൃത മോഡികൂട്ടലിനാണ് വെന്നിയൂര്‍ സ്വദേശിയായ വാഹന ഉടമയില്‍ നിന്നും മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്മെന്റ് വിഭാഗം അധികൃതര്‍ പിഴ ഈടാക്കിയത്. കാറിന്റെ പുകക്കുഴലില്‍ തീ വരുന്ന സംവിധാനം ചേര്‍ത്തതിന് 44,250 രൂപ എംവിഡി പിഴയിട്ടു.

നിരത്തിലെ മറ്റ് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും സുരക്ഷാ ഭീഷണിയുണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഹോണ്ട സിറ്റി കാറിന്റെ പുകക്കുഴലില്‍ നിന്നും തീ വരുന്ന രീതിയില്‍ വാഹനത്തിന്റെ ഇസിയുവിലാണ് മാറ്റം വരുത്തിയത്. വാഹനത്തില്‍ നിന്നും വരുന്ന തീ ഉപയോഗിച്ച് വിറക്, പേപ്പര്‍ എന്നിവ കത്തിക്കുന്നതും റോഡിലൂടെ പോകുമ്പോള്‍ തീ പാറിക്കുന്നതും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

വാഹനത്തിന്റെ ഉയരം കൂട്ടാനും കുറയ്ക്കാനുമുള്ള സംവിധാനങ്ങള്‍, തീവ്രത കൂടിയ ഹെഡ് ലൈറ്റ് എന്നിവയും കാറില്‍ അനധികൃതമായി ഘടിപ്പിച്ചതായി കണ്ടെത്തി. വാഹനത്തിന്റെ ടയര്‍, സൈലന്‍സര്‍, ബോഡി തുടങ്ങിയവയിലും മാറ്റം വരുത്തിയിരുന്നു.

ഏഴ് ദിവസത്തിനുള്ളില്‍ വാഹനം യഥാര്‍ത്ഥ രൂപത്തിലാക്കിയതിനു ശേഷം പരിശോധനയ്ക്ക് ഹാജരാക്കിയില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഉടമയ്ക്ക് താക്കീതും നൽകിയിട്ടുണ്ട്.

മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എംവിഐകെഎം അസൈനാര്‍, എഎംവിഐ മാരായ പി ബോണി, വി വിജീഷ് എന്നിവരുടെ നേതൃത്വത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിച്ചും വഴി കണ്ടെത്തിയുമാണ് വാഹനത്തിനെതിരെ നടപടി എടുത്തത്. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.