ലീഗിലെ അസംതൃപ്തര്‍ പുതിയ കൂട്ടായ്മ രൂപീകരിച്ചു; മുഈനലി തങ്ങള്‍ ചെയര്‍മാന്‍

 ലീഗിലെ അസംതൃപ്തര്‍ പുതിയ കൂട്ടായ്മ രൂപീകരിച്ചു; മുഈനലി തങ്ങള്‍ ചെയര്‍മാന്‍

കോഴിക്കോട്: മുസ്ലിം ലീഗിലെ വിമതര്‍ പുതിയ കൂട്ടായ്മക്ക് രൂപം നല്‍കി. പാണക്കാട് ഹൈദരലി തങ്ങള്‍ ഫൗണ്ടേഷന്‍ എന്നു പേരിട്ട കൂട്ടായ്മയുടെ പ്രഥമയോഗം കോഴിക്കോട്ട് ചേര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹൈദരലി തങ്ങളുടെ മകനും യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി തങ്ങളാണ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍.

ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസയാണ് ജനറല്‍ കണ്‍വീനര്‍. മികച്ച സാമൂഹിക പ്രവര്‍ത്തകക്കുള്ള ഫൗണ്ടേഷന്റെ പ്രഥമ ഹൈദരലി തങ്ങള്‍ ദേശീയ പുരസ്‌കാരം ദയാബായിക്ക് നല്‍കാന്‍ യോഗം തീരുമാനിച്ചു.

മുസ്ലിം ലീഗിലും എം.എസ്.എഫിലും അച്ചടക്ക നടപടിക്ക് വിധേയരായവരും ഔദ്യോഗിക നേതൃത്വത്തിന്റെ നടപടികളില്‍ നീരസമുള്ളവരുമായ വിവിധ ജില്ലകളില്‍ നിന്നുള്ള ലീഗ് ഭാരവാഹികളും പ്രവര്‍ത്തകരുമാണ് കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന കൂട്ടായ്മയില്‍ പങ്കെടുത്തത്. എം.എസ്.എഫ് മുന്‍ നേതാക്കളായ ലത്തീഫ് തുറയൂര്‍, പി.പി. ഷൈജല്‍, എ.പി. അബ്ദുസ്സമദ് തുടങ്ങിയവരുമുണ്ടായിരുന്നു.

ഇത് വിമതരുടെ യോഗമല്ലെന്നും ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണ നിലനിര്‍ത്താന്‍ രൂപവത്കരിക്കുന്ന കൂട്ടായ്മയാണെന്നും നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫൗണ്ടേഷന്റെ ജില്ല ചാപ്റ്ററുകള്‍ ഉടന്‍ നിലവില്‍വരും. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനവും പദ്ധതിയിലുണ്ടെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.