പട്ന: കാശ്മീരിനെ രാജ്യമാക്കി ബിഹാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ ചോദ്യ പേപ്പര്‍. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഏഴാം ക്ലാസ് ചോദ്യ പേപ്പറിലാണ് കാശ്മീരിനെ പ്രത്യേക രാജ്യമാക്കിയത്.
ചില രാജ്യങ്ങളിലെ ആളുകളെ എന്താണ് വിളിക്കുന്നതെന്നായിരുന്നു ചോദ്യം. ഇന്ത്യ, ഇംഗ്ലണ്ട്, ചൈന, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് കാശ്മീരിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ ഇതാദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്. 2017ലും ഇതേ ചോദ്യം ആവര്‍ത്തിച്ചിട്ടുണ്ട്. അന്നും ഇത് ഏറെ വിവാദമായിരുന്നു. എന്നാല്‍ അധ്യാപകര്‍ക്ക് പറ്റിയ കൈപ്പിഴ എന്നായിരുന്നു അന്ന് ബിഹാര്‍ വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചത്.
വീണ്ടും അതേ സംഭവം ആവര്‍ത്തിച്ചതോടെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. നിതീഷ് കുമാറിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നും കുട്ടികളുടെ ഓര്‍മയില്‍ കാശ്മീരിനെയും ഇന്ത്യയെയും വേര്‍തിരിക്കാനാണ് ശ്രമമെന്നും ബി.ജെ.പി ആരോപിച്ചു.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നല്‍കുന്ന പിന്തുണയുടെ പ്രതിഫലനമാണ് ഇതെന്ന് ബിഹര്‍ ബിജെപി അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍ ആരോപിച്ചു. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്നും ബിഹാര്‍ സര്‍ക്കാരിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
എന്നാല്‍ കഴിഞ്ഞ തവണത്തെ പോലെ അച്ചടി പിശകാണ് ഇതെന്നാണ് ബീഹാര്‍ വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ആരെങ്കിലും ബോധപൂര്‍വ്വമായാണോ ഇത് ചെയ്തതെന്ന് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖര്‍ പറഞ്ഞു.
അബദ്ധത്തില്‍ സംഭവിച്ചതാണെങ്കില്‍ അത് തിരുത്തുകയും മനപ്പൂര്‍വം ചെയ്തതാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും. ഇതില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ല. അതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.