മപ്പണ്ണ മല്ലികാര്‍ജുന ഖാര്‍ഗെ... നെഹ്‌റു കുടുംബത്തിന്റെ ഉത്തമ വിശ്വസ്തന്‍; വീരപ്പനോട് മുട്ടിയ ആഭ്യന്തര മന്ത്രി

മപ്പണ്ണ മല്ലികാര്‍ജുന ഖാര്‍ഗെ... നെഹ്‌റു കുടുംബത്തിന്റെ ഉത്തമ വിശ്വസ്തന്‍; വീരപ്പനോട് മുട്ടിയ ആഭ്യന്തര മന്ത്രി

കൊച്ചി: മപ്പണ്ണ മല്ലികാര്‍ജുന ഖാര്‍ഗെ... രാഷ്ട്രീയത്തില്‍ അര നൂറ്റാണ്ടിലേറെ പ്രവര്‍ത്തി പരിചയം... ഇക്കാലമത്രയും നെഹ്‌റു കുടുംബത്തിന്റെ ഉത്തമ വിശ്വസ്തന്‍... എസ്.നിചലിംഗപ്പയ്ക്ക് ശേഷം കര്‍ണാടകയില്‍ നിന്ന് എഐസിസി അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യ നേതാവ്... ജഗ്ജീവന്‍ റാമിന് ശേഷം നേതൃ പദവിയിലെത്തുന്ന ആദ്യ ദലിത് നേതാവ്... ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് പൊതുവേ മിതഭാഷി എന്നറിയപ്പെടുന്ന മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക്.

ഇന്നത്തെ കല്‍ബുര്‍ഗി ജില്ലയായ ഗുല്‍ബര്‍ഗയില്‍ നിന്നായിരുന്നു ഖാര്‍ഗെയുടെ തുടക്കം. 'ഹോം ടൗണില്‍' ട്രെയ്ഡ് യൂണിയനിലൂടെ രാഷ്ട്രീയ പ്രവേശനം. 1969 ല്‍ കോണ്‍ഗ്രസിലെത്തി. ഗുല്‍ബര്‍ഗ സിറ്റി കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് പദവിയായിരുന്നു ആദ്യ നേതൃസ്ഥാനം. പിന്നീട് പടിപടിയായി ഉയര്‍ച്ച. ഗുര്‍മിത്കാലില്‍ നിന്ന് ഒമ്പത് തവണ നിയമസഭയിലെത്തി.

മോഡി തരംഗം ആഞ്ഞടിച്ച 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടക ബിജെപി തൂത്തുവാരിയപ്പോഴും ഗുല്‍ബര്‍ഗയില്‍ ഖാര്‍ഗെ ആടിയുലയാതെ നിന്നു. വിജയം 74,000 വോട്ടിന്. തോല്‍പ്പിക്കാന്‍ കഴിയാത്ത നേതാവ് എന്നൊരു വിശേഷണമുണ്ടായിരുന്നു കര്‍ണാടകയില്‍ ഖാര്‍ഗെയ്ക്ക്. പക്ഷേ, 2019 ല്‍ ഖാര്‍ഗെയ്ക്ക് അടിതെറ്റി. ഗുല്‍ബര്‍ഗയില്‍ ബിജെപിയുടെ ഉമേഷ് ജാദവിനോട് തോറ്റു. അങ്ങനെ അമ്പത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യത്തെ പരാജയം ഏറ്റു വാങ്ങി.

കര്‍ണാടക കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റിയുടെ പ്രസിഡന്റായും നിയമസഭയില്‍ പ്രതിപക്ഷ നേതാവും പ്രവര്‍ത്തിച്ചു. 2014 ല്‍ ലോക്സഭയില്‍ പ്രതിപക്ഷ നേതാവായി. മുമ്പ് മന്‍മോഹന്‍ സിങ് മന്ത്രിസഭകളില്‍ തൊഴില്‍, റെയില്‍വെ, സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു.

കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി വീരപ്പന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ സമയത്ത് എസ്.എം കൃഷ്ണ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു ഖാര്‍ഗെ. തമിഴ്നാടുമായി കാവേരി ജല തര്‍ക്കത്തില്‍ കര്‍ണാടക കത്തിയപ്പോഴും ഖാര്‍ഗെയായിരുന്നു ആഭ്യന്തര മന്ത്രി. അപ്പോഴെല്ലാം സമചിത്തതയോടെ വിഷയങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രി പദം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടപ്പോഴും നെഹ്റു കുടുംബം പറഞ്ഞ വാക്കിന് അപ്പുറം കടക്കാതെ നിന്നു ഖാര്‍ഗെ. കര്‍ണാടകയില്‍ ദലിത് മുഖ്യമന്ത്രിയെ നഷ്ടമായെന്ന തരത്തില്‍ പ്രചാരണം വന്നപ്പോഴൊക്കെയും ഖാര്‍ഗെ വിമര്‍ശകരെ തിരുത്തി. ദലിത് എന്ന് എപ്പോഴും പറയേണ്ടതില്ലെന്നും തന്നെ കോണ്‍ഗ്രസുകാരന്‍ എന്ന വിളിച്ചാല്‍ മതിയെന്നുമായിരുന്നു പ്രതികരണം.

2020 ല്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതായി രാജ്യസഭ അംഗത്വം ഒഴിയുന്നതുവരെ പ്രതിപക്ഷ നേതാവായി തുടര്‍ന്നു.

1942 ജൂലൈ 21 ന് ബിദാര്‍ ജില്ലയിലെ വരവട്ടിയിലെ ദലിത് കുടുംബത്തിലാണ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ ജനനം. കല്‍ബുര്‍ഗിയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് കുറച്ചുനാള്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു. ബുദ്ധിസം പിന്തുടരുന്ന ഖാര്‍ഗെ, രാധാഭായ് ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളും മൂന്ന് ആണ്‍മക്കളുമുണ്ട്. ഒരു മകന്‍ പ്രിയങ്ക് ഖാര്‍ഗെ അച്ഛന്റെ രാഷ്ട്രീയം പിന്തുടര്‍ന്ന് എംഎല്‍എയും മന്ത്രിയുമായി.

എഐസിസി പ്രസിഡന്റ് ആയി ചുമതലയേല്‍ക്കുന്ന ഖാര്‍ഗെയ്ക്ക് മുന്നിലുളള പ്രഥമ ദൗത്യം തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുക്കിയിറക്കുക എന്നതാണ്. നെഹ്റു കുടുംബത്തിന്റെ വിശ്വസ്തന്‍ എന്നത് പാര്‍ട്ടിക്കകത്ത് ഖാര്‍ഗെയ്ക്ക് സ്വീകാര്യത വര്‍ധിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.