ഗവര്‍ണറുടെ അന്ത്യശാസനം തള്ളി കേരള വി.സി; നവംബര്‍ നാലിന് സ്പെഷ്യല്‍ സെനറ്റ്

 ഗവര്‍ണറുടെ അന്ത്യശാസനം തള്ളി കേരള വി.സി; നവംബര്‍ നാലിന് സ്പെഷ്യല്‍ സെനറ്റ്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച് സ്‌പെഷ്യല്‍ സെനറ്റ് വിളിച്ച് കേരള സര്‍വ്വകലാശാല വി.സി. നവംബര്‍ നാലിനാണ് സ്പെഷ്യല്‍ സെനറ്റ് വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ഒരു സിപിഎം സെനറ്റ് അംഗം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. ഗവര്‍ണര്‍ പുറത്താക്കിയ 15 പേര്‍ക്കും യോഗത്തില്‍ പങ്കെടുക്കാന്‍ വൈസ് ചാന്‍സലര്‍ നോട്ടീസ് നല്‍കി.

സെനറ്റ് അംഗങ്ങളെ നീക്കം ചെയ്ത ഉത്തരവ് ചട്ടവിരുദ്ധമാണെന്നും നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് വി.സി ഇന്നലെ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാനായിരുന്നു ഗവര്‍ണറുടെ മറുപടി. ഇതിന് പിന്നാലെയാണ് വി.സി സ്പെഷല്‍ സെനറ്റ് വിളിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്.

വൈസ് ചാന്‍സലര്‍ നിയമനത്തിനുളള സെര്‍ച്ച് കമ്മറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് വിട്ടുനിന്ന 15 പേരെയാണ് ഗവര്‍ണര്‍ തന്റെ അധികാരം ഉപയോഗിച്ച് പുറത്താക്കിയത്. സര്‍ക്കാര്‍ താല്‍പര്യം സംരക്ഷിക്കാനായിരുന്നു ഇവര്‍ വിട്ടു നിന്നത്. സിന്‍ഡിക്കേറ്റ് അംഗങ്ങളായ രണ്ട് സിപിഎംകാരും ഇതില്‍ ഉള്‍പ്പെടും. ചാന്‍സലര്‍ എന്ന നിലയില്‍ നാമനിര്‍ദേശം ചെയ്ത പ്രതിനിധികളെ പിന്‍വലിക്കാന്‍ അധികാരം നല്‍കുന്ന സര്‍വ്വകലാശാലാചട്ടം അനുസരിച്ചാണ് ഗവര്‍ണര്‍ ഇവരെ പുറത്താക്കിയത്.

നവംബര്‍ നാലിന് സെനറ്റ് യോഗം ചേര്‍ന്ന് സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും പ്രഖ്യാപിച്ചിരുന്നു.

ഗവര്‍ണര്‍ ഏകപക്ഷീയമായി സെനറ്റ് പ്രതിനിധി കൂടാതെ സെര്‍ച്ച് കമ്മിറ്റി വിളിച്ചു കൂട്ടിയ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റില്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ പ്രമേയം പാസാക്കിയിരുന്നു. ഈ തീരുമാനം പുനപരിശോധിക്കണമെങ്കില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം ആവശ്യമാണെന്നും അതിനുവേണ്ടി യോഗം ചേരുന്നുവെന്നുമാണ് സെനറ്റ് അംഗങ്ങള്‍ക്ക് നല്‍കിയ നോട്ടീസില്‍ അറിയിച്ചിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.