പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കേരളാ ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് തടത്തില്‍ അന്തരിച്ചു

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കേരളാ ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് തടത്തില്‍ അന്തരിച്ചു

ന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കേരളാ ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് തടത്തില്‍ അന്തരിച്ചു. ഇന്ന് രാവിലെയാണ് വീട്ടില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. രാവിലെ നേരം വൈകിയും ഉണരാത്തതിനെത്തുടര്‍ന്ന് മക്കള്‍ വന്നു വിളിച്ചപ്പോള്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.

കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വരുന്നതിനിടെ അദ്ദേഹം യാത്ര ചെയ്തിരുന്ന കാര്‍ അപകടത്തില്‍ പെട്ടിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിസ്സാര പരുക്കുകളായിരുന്നതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെയെത്തിയിരുന്നു.

ഇതിനു മുന്‍പ് നിരവധി തവണ മരണത്തില്‍ നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുള്ള വ്യക്തിയാണ് ഫ്രാന്‍സിസ് തടത്തില്‍. രക്താര്‍ബുധം പിടിപെട്ടതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം മനോധൈര്യം ഒന്നുകൊണ്ടു മാത്രം അസുഖത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് വരികയായിരുന്നു.

27 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുള്ള ഫ്രാന്‍സിസ് തടത്തില്‍ പതിനൊന്നര വര്‍ഷത്തെ സജീവ പത്രപ്രവര്‍ത്തനത്തിനു ശേഷം 2006 ജനുവരിയിലാണ് അമേരിക്കയിലേക്കു കുടിയേറിയത്. അമേരിക്കയില്‍ എത്തിയതിനു ശേഷം നിരവധി പത്രങ്ങളില്‍ ഫ്രീലാന്‍സായി മാധ്യമപ്രവര്‍ത്തനം നടത്തി. നിലവില്‍ കേരളാ ടൈംസിന്റെ ചീഫ് എഡിറ്ററായി ജോലി ചെയ്ത് വരികെയാണ് മരണം സംഭവിച്ചത്.

ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറില്‍ താമസിക്കുന്ന ഫ്രാന്‍സിസ് കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായിരുന്ന പരേതനായ ടി.കെ. മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും 11 മക്കളില്‍ പത്താമനാണ്. ഭാര്യ: നെസ്സി തടത്തില്‍ (അക്യൂട്ട് കെയര്‍ നേഴ്‌സ് പ്രാക്ടീഷണര്‍). മക്കള്‍: ഐറീന്‍ എലിസബത്ത് തടത്തില്‍, ഐസക്ക് ഇമ്മാനുവേല്‍ തടത്തില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.