വത്തിക്കാന്‍ സിറ്റി: സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോള മെത്രാന്‍ സിനഡ് 2024 ലേക്കു നീട്ടിയതായി ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. രണ്ടു ഘട്ടങ്ങളായി തിരിക്കുന്ന സിനഡിന്റെ ആദ്യ സമ്മേളനം അടുത്ത വര്‍ഷം ഒക്ടോബറിലും രണ്ടാമത്തേത് 2024 ഒക്ടോബറിലും നടത്തും. ഞായറാഴ്ചത്തെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ മദ്ധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കിടെ തീര്‍ഥാടകരെ അഭിസംബോധന ചെയ്യവേയാണ് ഫ്രാന്‍സിസ് പാപ്പാ സിനഡ് നീട്ടിയതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.
സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന് മാര്‍പാപ്പ തുടക്കം കുറിച്ചത് 2021 ഒക്ടോബര്‍ 10 നാണ്. 'ഏകയോഗമായ ഒരു സഭയ്ക്കായി: കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും' എന്നതാണു പ്രമേയം. സാധാരണ മൂന്ന് ഘട്ടങ്ങളായി രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന സിനഡല്‍ സമ്മേളനങ്ങളാണ് ഇക്കുറി മൂന്നാം വര്‍ഷത്തിലേക്കു നീട്ടിയത്.
ആരാധനയിലും പ്രാര്‍ത്ഥനയിലും ദൈവവചനവുമായുള്ള സംഭാഷണത്തിലും നടക്കുന്ന ആത്മീയ വിവേചനത്തിന്റെ ഒരു യാത്രയായിട്ടാണ് സിനഡിനെ മാര്‍പാപ്പ വിശേഷിപ്പിച്ചത്. കൂട്ടായ്മ (ശ്രവിക്കല്‍, വിവേചനാധികാരം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ആദ്യ സിനഡ്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സിനഡില്‍നിന്ന് ഇതിനകം നിരവധി സദ്ഫലങ്ങള്‍ ഉണ്ടായതായി മാര്‍പാപ്പ പറഞ്ഞു. എന്നാല്‍ അവ പൂര്‍ണമായും വിവേചിച്ചറിയാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു. ഈ തീരുമാനം സിനഡാലിറ്റിയെ കൂടുതല്‍ മനസിലാക്കുന്നതിന് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മാര്‍പാപ്പ പറഞ്ഞു. സുവിശേഷത്തിന്റെ സന്തോഷം സഹോദരീസഹോദരന്മാരെന്ന നിലയില്‍ പ്രഘോഷിക്കാന്‍ എല്ലാവരെയും ഇത് സഹായിക്കുമെന്നും പാപ്പ പറഞ്ഞു.
മാര്‍പാപ്പയുടെ പ്രഖ്യാപനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിശദീകരിച്ച് സിനഡ് ജനറല്‍ സെക്രട്ടേറിയറ്റ് പത്രക്കുറിപ്പ് പുറത്തിറക്കി. ഒരേ സിനഡില്‍ ഒന്നിലധികം സെഷനുകള്‍ക്കുള്ള സാധ്യതയെ അപ്പസ്‌തോലിക ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് അതില്‍ വ്യക്തമാക്കി.
സിനഡ് പ്രമേയത്തിന്റെ വിശാലതയും പ്രാധാന്യവും നിമിത്തം സിനഡല്‍ അസംബ്ലിയിലെ അംഗങ്ങള്‍ക്കു മാത്രമല്ല, മുഴുവന്‍ സഭയ്ക്കും ഇത് സുദീര്‍ഘമായ വിവേചന വിഷയമായിരിക്കണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ഈ തീരുമാനം ഉടലെടുത്തതെന്നും സന്ദേശത്തില്‍ പറയുന്നു.
ഈ തീരുമാനം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സിനഡിന് ഏറ്റവും അനുയോജ്യമാണെന്ന് സിനഡ് സെക്രട്ടേറിയറ്റ് പറഞ്ഞു. പരിശുദ്ധാത്മാവ് എന്താണെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നതിലേക്ക് ഒരുമിച്ച് നടക്കാന്‍ മുഴുവന്‍ ദൈവജനത്തെയും വിളിക്കുന്ന ഒരു പ്രക്രിയയാണിത്.
ഒരു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന സെഷനുകളിലൂടെ കൂടുതല്‍ പക്വമായ പ്രതിഫലനം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ഒരേ വഴിയില്‍ ഒരുമിച്ച് നടക്കുക എന്നതാകണം സിനഡിന്റെ ആത്യന്തിക ലക്ഷ്യം എന്ന ആഹ്വാനമാണ് പാപ്പ പങ്കുവെച്ചത്.
ബിഷപ്പുമാരുടെ സിനഡിന്റെ 16-ാമത് ഓര്‍ഡിനറി ജനറല്‍ അസംബ്ലിയുടെ രണ്ട് സെഷനുകള്‍ 2023 ഒക്ടോബര്‍ 4 മുതല്‍ 29 വരെ നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.