എകെജി സെന്റര്‍ ആക്രമണം: പ്രതി ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

എകെജി സെന്റര്‍ ആക്രമണം: പ്രതി ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ ഒന്നാം പ്രതി ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നേരത്തെ തിരുവനന്തപുരം സെഷന്‍ കോടതി ജിതിന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസില്‍ മൂന്ന് പ്രതികളെ കൂടി പ്രതിചേര്‍ത്തിട്ടുണ്ടെന്നും അതുകൊണ്ട് ഒന്നാം പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. ജിതിന്റെ ഭാഗത്ത് നിന്നുള്ള ചോദ്യം ചെയ്യലും മറ്റും നടപടിക്രമങ്ങളും പൂര്‍ത്തിയായെന്നും ഇനിയും കസ്റ്റഡിയില്‍ ഇരിക്കേണ്ട കാര്യമില്ലെന്നുമുള്ള വിലയിരുത്തലിലാണ് ജാമ്യം അനുവദിച്ചത്.

കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് ഉത്തരവ് പുറത്ത് വന്നാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ.

ആറ്റിപ്ര യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. ഏറെ വിവാദമായ കേസില്‍ രണ്ട് മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ജൂണ്‍ 30ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. പൊലീസ് പ്രത്യേക അന്വേഷ സംഘം രൂപീകരിച്ച് ഒരു മാസത്തിലധികം അന്വേഷിച്ചിട്ടും കേസില്‍ യാതൊരു തുമ്പും കിട്ടിയിരുന്നില്ല. തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു.

സൈബര്‍ സെല്ലിന്റെ അടക്കം സഹായത്തോടെ വിവിധ ഘട്ടങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് പ്രതിയെ കണ്ടെത്തിയത്. ജിതിന്റെ അറസ്റ്റിന് ശേഷം കേസില്‍ മറ്റ് മൂന്നു പേരെ കൂടി ക്രൈംബ്രാഞ് പ്രതി ചേര്‍ത്തിരുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി. നവ്യ, പ്രവര്‍ത്തകനായ സുബീഷ് എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഒളിവില്‍ കഴിയുന്ന ഇവര്‍ക്കെതിരേ ക്രൈംബ്രാഞ്ച് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.

ടി. നവ്യ സ്‌ഫോടകവസ്തു എറിഞ്ഞ ജിതിനെ നേരിട്ട് സഹായിച്ച ആളാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ജിതിന് എകെജി സെന്ററിന് മുന്നിലേക്ക് പോകാന്‍ സ്‌കൂട്ടര്‍ കഴക്കൂട്ടത്തു നിന്ന് ഗൗരീശപട്ടം വരെ എത്തിച്ചു കൊടുത്തത് നവ്യയാണ്. ആക്രമണത്തിന് ശേഷം ജിതിന്‍ തിരിച്ചു വരുന്നതുവരെ ഗൗരീശപട്ടത്ത് കാറില്‍ കാത്തിരിക്കുകയായിരുന്നു നവ്യ. ഇരുവരും ഒരുമിച്ചാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

മറ്റു രണ്ടു പ്രതികളായ സുഹൈല്‍ ഷാജഹാനും സുബീഷും വിദേശത്തേക്ക് കടന്നുവെന്ന സംശയവും ക്രൈംബ്രാഞ്ചിനുണ്ട്. ഒളിവിലുള്ള സുഹൈല്‍ ഷാജഹാനാണ് കേസിന്റെ മുഴുവന്‍ ആസൂത്രണം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. സുഹൈലിന്റെ നിര്‍ദേശപ്രകാരം ജിതിനും നവ്യയും കൃത്യം നടപ്പാക്കിയെന്നാണ് ക്രൈംബ്രാഞ്ച് കേസ്. ആക്രമണത്തിന് ഉപയോഗിച്ച സ്‌കൂട്ടര്‍ സുബീഷിന്റെ ഉടമസ്ഥതയിലുള്ളതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.