ഇറ്റലിയിലെ കത്തീഡ്രലിനു മുന്നില്‍ അര്‍ധനഗ്നയായി യുവതിയുടെ ഫോട്ടോഷൂട്ട്; പ്രതിഷേധം ശക്തം

ഇറ്റലിയിലെ കത്തീഡ്രലിനു മുന്നില്‍ അര്‍ധനഗ്നയായി യുവതിയുടെ ഫോട്ടോഷൂട്ട്; പ്രതിഷേധം ശക്തം

റോം: ഇറ്റലിയിലെ അമാല്‍ഫി നഗരത്തിലെ അതിപ്രശസ്തമായ സെന്റ് ആന്‍ഡ്രൂ കത്തീഡ്രലിന്റെ മുന്നില്‍ നിന്നുള്ള വിനോദസഞ്ചാരിയുടെ അര്‍ധനഗ്‌ന ഫോട്ടോ ഷൂട്ട് വ്യാപക പ്രതിഷേധത്തിനിടയാക്കി. പള്ളിയുടെ പ്രവേശന കവാടത്തിനു മുന്നിലുള്ള പടികളില്‍ നില്‍ക്കുന്ന യുവതിയുടെ ഫോട്ടോയാണ് വിമര്‍ശനത്തിന് കാരണമായത്. ഫോട്ടോഷൂട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

യേശുവിന്റെ ഛായാചിത്രത്തിനു മുന്നിലായിരുന്നു ബ്രിട്ടീഷ് യുവതി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ചുവന്ന നിറത്തിലുള്ള നീളന്‍ തുണി മാത്രം ഉപയോഗിച്ചാണ് ശരീരഭാഗങ്ങള്‍ മറച്ചിരിക്കുന്നത്. യുവതിയുടെ സുഹൃത്താണ് ഫോട്ടോ എടുത്തത്. സഹായിക്കാനായി മറ്റൊരു യുവതിയും കൂടെയുണ്ടായിരുന്നു. ബന്ധപ്പെട്ടവരുടെ അനുവാദം വാങ്ങാതെയാണ് ഫോട്ടോഷൂട്ട് നടത്തിയതെന്നും ആരോപണമുണ്ട്.

പള്ളിയില്‍ വച്ചു നടന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ചരിത്രകാരിയും എഴുത്തുകാരിയുമായ ലോറ തായര്‍ അന്താരാഷ്ട്ര മാധ്യമമായ സി.എന്‍.എന്നിനോട് പറഞ്ഞു. ഇവര്‍ അമാല്‍ഫി നഗരത്തില്‍നിന്നുള്ള വ്യക്തി കൂടിയാണ്.

'ഈ കത്തീഡ്രല്‍ ഒരു ആരാധനാലയം മാത്രമല്ല, പ്രദേശവാസികളുടെ ഹൃദയത്തോട് അടുത്തുനില്‍ക്കുന്ന സ്ഥലവുമാണ്. പള്ളിയുടെ വെങ്കല വാതിലുകള്‍ അമാല്‍ഫിയയുടെ ചരിത്രമാണ് പറയുന്നത്. ഘോഷയാത്രകള്‍, വിവാഹങ്ങള്‍, മൃതസംസ്‌കാരം എന്നിവയ്ക്കായി ഈ വാതിലുകള്‍ തുറക്കുന്നു - ലോറ കൂട്ടിച്ചേര്‍ത്തു.

കത്തീഡ്രലിനു മുന്നില്‍ മോശമായി വസ്ത്രം അഴിക്കുന്നത് അസ്വീകാര്യവും ലജ്ജാകരവുമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. 'അപകീര്‍ത്തികരമായ കാര്യം അവര്‍ ഒരു നഗ്‌ന ഫോട്ടോ ഷൂട്ട് നടത്തി എന്നതല്ല, മറിച്ച് വിശുദ്ധ സ്ഥലമായ പള്ളിയുടെ മുന്‍ഭാഗം ലൊക്കേഷനായി തെരഞ്ഞെടുത്തു എന്നതാണ്' - ഇങ്ങനെ പോകുന്നു മറ്റൊരു കമന്റ്.

ഒന്‍പതാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച കത്തീഡ്രല്‍ അപ്പസ്‌തോലനായ വിശുദ്ധ ആന്‍ഡ്രൂസിന്റെ പേരിലുള്ളതാണ്. പള്ളിയില്‍ 1206 മുതല്‍ അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അമാല്‍ഫിയുടെ പ്രതാപകാലത്താണ് ഈ കത്തീഡ്രല്‍ നിര്‍മിച്ചത്. ഇന്ന് ഇതിന്റെ ഇടുങ്ങിയ തെരുവുകള്‍ വിനോദസഞ്ചാരികളാല്‍ നിറഞ്ഞിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.