യുജിസി ചട്ടലംഘനം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നാല് വി.സിമാരുടെ കൂടി ഭാവി തുലാസില്‍

യുജിസി ചട്ടലംഘനം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നാല് വി.സിമാരുടെ കൂടി ഭാവി തുലാസില്‍

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാല് സർവകലാശാല വി.സിമാരുടെ കൂടി ഭാവി തുലാസില്‍.

നിയമം നടപ്പിലാക്കുന്നതിൽ സർക്കാരിനു പറ്റിയ വീഴ്ചയാണ് സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം റദ്ദാക്കിയതിലേക്ക് നയിച്ചതെങ്കിൽ സമാന സാഹചര്യത്തിൽ നിയമിക്കപ്പെട്ട മറ്റു നാലു വി.സിമാരുടെ നിയമനങ്ങൾ നിയമപരമായി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്.

സുപ്രീംകോടതി വിധിയിലൂടെ ഒരു വി.സി പുറത്താകുന്ന ചരിത്രവും കേരളത്തിൽ ആദ്യമാണ്. പുതിയ വിസിയെ തിരഞ്ഞെടുക്കാന്‍ ഗവർണർ സേർച് കമ്മിറ്റി രൂപീകരിക്കണം. അതുവരെ താൽക്കാലികമായി ആർക്കെങ്കിലും ചുമതല നൽകും. മറ്റു വിസിമാർക്കോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ സർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഗവർണർക്ക് താൽക്കാലിക നിയമനം നൽകാം. 

സാങ്കേതിക സർവകലാശാലയിലും കാർഷിക സർവകലാശാലയിലും മാത്രമാണ് സർക്കാർ ശുപാർശയുടെ അടിസ്ഥാനത്തിൽ ഗവർണർ നിയമനം നൽകുന്നത്. മറ്റുള്ള സർവകലാശാലകളിൽ യോഗ്യരായവരുടെ പട്ടിക സമർപ്പിക്കാൻ നിർദേശിച്ചശേഷം അതിൽനിന്ന് ഗവർണറാണ് നിയമനം നടത്തുന്നത്.

യു.ജി.സി നിയമം അനുസരിച്ചു മാത്രമേ വി.സിമാരെ നിയമിക്കാവൂ എന്ന 2016ലെ സുപ്രീംകോടതി വിധി ലംഘിച്ചതാണ് സർക്കാരിനു തിരിച്ചടിയായത്. യു.ജി.സി ചട്ടങ്ങൾക്ക് അനുസരിച്ച് സർവകലാശാല ചട്ടങ്ങൾ ഭേദഗതി ചെയ്തില്ലെങ്കിൽ യു.ജി.സി നിയമം നടപ്പിലാക്കിയതായി കണക്കാക്കണമെന്ന് 2016ലെ വിധിയിലുണ്ട്. 

സർവകലാശാല നിയമം അനുസരിച്ചാണ് സാങ്കേതിക സർവകലാശാലയിലേക്കു വി.സിയെ നിയമിച്ചതെന്നാണ് സർക്കാർ വാദം. എന്നാൽ സർവകലാശാല നിയമം അനുസരിച്ചും കാര്യങ്ങൾ നടത്തിയില്ല. സർവകലാശാല നിയമം അനുസരിച്ച് മൂന്നു മുതൽ അഞ്ചുവരെയുള്ള പാനലാണ് ഗവർണർക്ക് നൽകേണ്ടത്. ആ പാനലിൽനിന്ന് ആളെ തിരഞ്ഞെടുക്കണം.

സാങ്കേതിക സർവകലാശാലയിൽ ആറു പേരെ അഭിമുഖം നടത്തി ഒരാളുടെ പേര് ഗവർണറായിരുന്ന പി.സദാശിവത്തിനു നൽകുകയായിരുന്നു. യു.ജി.സി പ്രതിനിധിയാണ് വി.സിയെ തിരഞ്ഞെടുക്കാനുള്ള സേർച് കമ്മിറ്റിയിൽ വേണ്ടത്. അതിനു പകരം എ.ഐ.സി.ടി.ഇ (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ) പ്രതിനിധിയെയാണ് വച്ചത്. പാനലിൽ മൂന്നു പേരുടെ പേരെങ്കിലും ഉൾപ്പെടുത്തിയിരുന്നെങ്കിൽ കോടതിയെ സമീപിച്ച കുസാറ്റിലെ പ്രഫസറും മുൻ ഐ.എച്ച്.ആർ.ഡി ഡയറക്ടറുമായിരുന്ന ഡോ.ശ്രീജിത്തിന്റെ പേരും വരുമായിരുന്നു എന്നാണ് വിദ്യാഭ്യാസ വിദഗ്ധർ പറയുന്നത്. പാനലിൽ ഉൾപ്പെട്ടിരുന്നെങ്കിൽ തനിക്ക് അവസരം ലഭിക്കുമായിരുന്നു എന്നാണ് ഡോ.ശ്രീജിത്തിന്റെ വാദം.

ഇതേ കാര്യമാണ് സംസ്കൃത സർവകലാശാലയിലും നടന്നത്. അഭിമുഖം നടത്തി ഒറ്റപേരാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറിയത്. യോഗ്യനായ ഒരാളുടെ പേരുമാത്രമേ നൽകാനുള്ളോ എന്നും മറ്റുള്ള സർവകലാശാലകളിൽ ഒഴിവു വന്നാല്‍ എന്തു ചെയ്യുമെന്നും ഗവർണർ ചോദിച്ചിരുന്നു. സർക്കാർ അഭ്യര്‍ഥിച്ചപ്പോൾ രണ്ടു മാസത്തിനുശേഷം ഗവർണർ അംഗീകാരം നൽകി. ഫിഷറീസ് സർവകലാശാലയിലെ വി.സി നിയമന കേസ് അടുത്തയാഴ്ച കോടതിയുടെ പരിഗണനയ്ക്കു വരികയാണ്. അവിടെയും ഒരാളുടെ പേരാണ് ഗവർണർക്കു നൽകിയത്.

സർക്കാർ അഭ്യർഥിച്ചതിനെ തുടർന്ന് കണ്ണൂർ വി.സിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുനർനിയമനം കൊടുത്തിരുന്നു. കണ്ണൂർ വി.സിയെ നിയമിക്കുമ്പോഴും ഒറ്റപേരാണ് ഗവർണർക്കു കൊടുത്തത്. എം.ജി സർവകലാശാല വി.സിയെയും കേരള സർവകലാശാല വി.സിയെയും നിയമിക്കുന്നതിനും ഒറ്റ പേരാണ് നൽകിയത്. സുപ്രീംകോടതി ജസ്റ്റിസായിരുന്ന പി.സദാശിവമാണ് സാങ്കേതിക സർവകലാശാല വി.സിയെ നിയമിച്ചതെന്നും നിയമപരമായ പ്രശ്നം പ്രഥമ ദൃഷ്ട്യാ കാണുന്നില്ലെന്നുമായിരുന്നു ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.