ടെഹ്‌റാൻ: രാജ്യത്തെ വിദ്യാർത്ഥികളുടെ മരണത്തിലും തടങ്കലിലും പ്രതിഷേധിച്ച് കോർഡിനേറ്റിംഗ് കൗൺസിൽ ഓഫ് ഇറാനിയൻ ടീച്ചേഴ്സ് ട്രേഡ് അസോസിയേഷൻസ് (സി.സി.ഐ.ടി.ടി.എ) രാജ്യവ്യാപകമായി അധ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു.
ഞായർ, തിങ്കൾ ദിവസങ്ങളിൽ അധ്യാപകർ തൊഴില്‍ ചെയ്തുകൊണ്ട് സർക്കാരിനെതിരെയുള്ള ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കാനാണ് ആഹ്വാനം. അതിന് പുറമെ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ മരണത്തിൽ കൗൺസിൽ പൊതു ദുഃഖാചരണവും പ്രഖ്യാപിച്ചിരുന്നു.
സുരക്ഷാ, സ്വകാര്യ സേനകളും സൈന്യവും സ്കൂളുകളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വകാര്യതയിലേക്ക് കടന്നുകയറുകയാണ്. ഈ വ്യവസ്ഥാപിത അടിച്ചമർത്തൽ നടപ്പിലാക്കുമ്പോൾ അവർ നിരവധി വിദ്യാർത്ഥികളുടെ ജീവൻ ഏറ്റവും ക്രൂരമായി അപഹരിച്ചുവെന്നും ടെലഗ്രാമിലൂടെ സി.സി.ഐ.ടി.ടി.എ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
ഇറാനിയൻ അധ്യാപകരുടെ കൂട്ടായ്മ ഈ അതിക്രമങ്ങളും ക്രൂരതകളും വെച്ചുപൊറുപ്പിക്കില്ലെന്ന് ഭരണാധികാരികൾ അറിയണമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 16 ന് ടെഹ്റാനിൽ വെച്ച് സദാചാര പോലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനിയെന്ന യുവതിയുടെ മരണത്തെ തുടർന്ന് ഇറാൻ തെരുവുകളിൽ ആരംഭിച്ച പ്രതിഷേധത്തിൽ 27 കുട്ടികൾ കൊല്ലപ്പെട്ടതായി നോർവേ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് തിങ്കളാഴ്ച പറഞ്ഞിരുന്നു.
കൊല്ലപ്പെട്ടവരുടെ യഥാർത്ഥ എണ്ണം ഇതിലും തീർച്ചയായും കൂടുതലാണെന്നും സംഘടന അന്വേഷണം തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ആംനസ്റ്റി ഇന്റർനാഷണൽ കഴിഞ്ഞയാഴ്ച പുറത്ത് വിട്ട റിപ്പോർട്ടുകളിൽ സെപ്തംബർ 20 നും സെപ്റ്റംബർ 30 നും ഇടയിൽ ഇറാനില്‍ നടന്ന പ്രതിഷേധങ്ങളില്‍ ചുരുങ്ങിയത് 23 കുട്ടികള്‍ കൊല്ലപ്പെട്ടതായി കാണിക്കുന്നു.
11നും 17നും ഇടയില്‍ പ്രായമുള്ള 20 ആണ്‍കുട്ടികളും 11 നും 17നും പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്. രണ്ട് ആൺകുട്ടികൾ വെടിയേറ്റ് മരിക്കുകയായിരുന്നു. കൂടാതെ മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയും സുരക്ഷാ സേനയുടെ മാരകമായ മർദനത്തിലാണ് മരിച്ചതെന്നും ആംനസ്റ്റിയുടെ റിപ്പോർട്ട് പറയുന്നു.
കുട്ടികളെക്കൂടാതെ പ്രതിഷേധിച്ച നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടതായും ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ വിശദമാക്കുന്നു. രാഷ്ട്രീയപരമായ അടിച്ചമര്‍ത്തലുകളില്ലാത്ത ഭാവിക്ക് വേണ്ടി ധൈര്യപൂര്‍വ്വം തെരുവിലിറങ്ങിയ കുട്ടികളെ ഇസ്ലാമിക ഭരണകൂടം ക്രൂരമായി അടിച്ചമര്‍ത്തിയെന്നാണ് ആംനസ്റ്റിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്. പ്രതിഷേധക്കാരുടെ ഊര്‍ജ്ജം തകര്‍ക്കാനുള്ള സേനയുടെ ശ്രമത്തിന്‍റെ ശ്രമമായിരുന്നു കണ്ണില്ലാത്ത അടിച്ചമര്‍ത്തലെന്നും ആംനസ്റ്റി കൂട്ടിച്ചേര്‍ത്തു.
അതിനിടെ മഷാദിൽ നിന്നുള്ള ഹൈസ്കൂളിലെ വിദ്യാർത്ഥിയായ അബോൾഫസൽ അഡിനെസാഡെ ഒക്ടോബർ 8 ന് സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി സി.സി.ഐ.ടി.ടി.എയുടെ പ്രത്യേക പ്രസ്താവനയിൽ പറയുന്നു.
അഡിനെസാദിന്റെ പിതാവാണെന്ന് വ്യക്തമാക്കി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വ്യക്തി തന്റെ മകന്റെ അടിവയറ്റിൽ നിന്നും 24 പെല്ലറ്റുകൾ കണ്ടെടുത്തുവെന്ന് പറഞ്ഞു. എന്തിനാണ് എന്റെ മകന്റെ വയറ്റിലേക്ക് 24 തവണ വെടി ഉതിർത്തതെന്നും അയാൾ വികാരാധീതനായി ചോദിച്ചു.
മഷാദിലെ ഫെർദൗസി യൂണിവേഴ്സിറ്റിക്ക് മുന്നിൽ വെച്ച് വെടിയേറ്റ അഡിനെസാദിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഒരു മണിക്കൂറിന് ശേഷം കുട്ടി മരിക്കുകയായിരുന്നുവെന്ന് സിസിഐടിഎയുടെ പ്രത്യേക പ്രസ്താവനയിൽ പറയുന്നു.
അതേസമയം കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബാംഗങ്ങൾക്ക് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയിരുന്നുവെന്നും കുട്ടിയുടെ സംസ്കാര ചടങ്ങിൽ സാധാരണ വസ്ത്രത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നുവെന്നും ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.