വത്തിക്കാന് സിറ്റി: ആശയവിനിമയത്തിനായുള്ള സാങ്കേതികവിദ്യയുടെ വളര്‍ച്ച പൊതുനന്മയ്ക്കായി ഉപയോഗിക്കണമെന്നും സാധാരണ പൗരന്മാരുടെ ആവശ്യങ്ങള്‍ ശ്രവിച്ചുകൊണ്ടാവണമെന്നും വത്തിക്കാന്‍. റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍ നടന്ന, ഐക്യരാഷ്ട്രസഭാ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ സമ്മേളനത്തിലാണ് വത്തിക്കാന്റെ ആഹ്വാനം.
വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ സെക്രട്ടറി ജനറല്‍ സിസ്റ്റര്‍ റാഫേല്ല പെട്രിനി, ഡിക്കാസ്റ്ററി ഫോര്‍ കമ്മ്യൂണിക്കേഷന്‍ സെക്രട്ടറി ഫാ. ലൂസിയോ അഡ്രിയാന്‍ റൂയിസ് എന്നിവരാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രതിനിധീകരിച്ച് യു.എന്‍ ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ സംഘടിപ്പിച്ച 'പ്ലനിപൊട്ടന്‍ഷ്യറി കോണ്‍ഫറന്‍സില്‍' പങ്കെടുത്തത്. 
സംഭാഷണത്തിന്റെയും നല്ല ആശയവിനിമയത്തിന്റെയും ആദ്യത്തെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് 'കേള്‍ക്കുക' എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും വികലാംഗര്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കി, മനുഷ്യാവകാശങ്ങള്‍, സാംസ്‌കാരിക വൈവിധ്യം, പാരമ്പര്യങ്ങള്‍ എന്നിവയെ ബഹുമാനിച്ചുകൊണ്ട്, എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രാപ്യമായ സാങ്കേതിക വിദ്യ വികസിപ്പിക്കണമെന്നതാണ് വത്തിക്കാന്റെ ആഗ്രഹം. 
സാങ്കേതിക വിദ്യ അനുദിനം വളരുന്ന ലോകത്ത്, മനുഷ്യനെ എപ്പോഴും ബഹുമാനിക്കേണ്ടതിന്റെ  ആവശ്യകത ഇരുവരും ചൂണ്ടിക്കാട്ടി. മൂന്നാം സഹസ്രാബ്ദത്തിലെ ഡിജിറ്റല്‍ മുന്നേറ്റത്തില്‍ വത്തിക്കാന് നിര്‍ണായക പങ്ക് വഹിക്കാനാകും. 
മനുഷ്യജീവനോടുള്ള ബഹുമാനം, ജോലിയുടെ അന്തസ്, ഭൂമിയോടുള്ള കരുതല്‍ തുടങ്ങിയ അടിസ്ഥാന തത്വങ്ങളാല്‍ നയിക്കപ്പെടുന്നതാവണം സാങ്കേതിക മേഖലയിലെ പുതിയ അവസരങ്ങളെന്ന് ഫാ. ലൂസിയോ അഡ്രിയാന്‍ റൂയിസ് പറഞ്ഞു. 
ആശയവിനിമയരംഗത്തെ സാങ്കേതികവിദ്യയുടെ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന ഏകോപനത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സമിതി ആണ് ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍. അന്തര്‍ദേശീയ റേഡിയോ സ്പെക്ട്രത്തിന്റെ ഏകോപനം, ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തില്‍ എല്ലാ രാജ്യങ്ങളുടെയും സഹകരണം, വികസ്വര രാജ്യങ്ങളില്‍ വിവരസാങ്കേതിക രംഗത്തിന്റെ അടിസ്ഥാന വികസനം എന്നിവ ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്റെ കര്‍ത്തവ്യങ്ങളാണ്. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയാണ് ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്റെ ആസ്ഥാനം. വത്തിക്കാന്‍ ഉള്‍പ്പെടെ ഇതില്‍ 193 അംഗരാജ്യങ്ങളുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.