തെക്കൻ ഉക്രെയ്‌നിൽ അണക്കെട്ട് തകർക്കാൻ റഷ്യയുടെ പദ്ധതി; ഭീകരാക്രമണം തടയാൻ ലോകരാജ്യങ്ങളോട് അടിയന്തരമായി ഇടപെടണമെന്ന് സെലെൻസ്‌കി

തെക്കൻ ഉക്രെയ്‌നിൽ അണക്കെട്ട് തകർക്കാൻ റഷ്യയുടെ പദ്ധതി; ഭീകരാക്രമണം തടയാൻ ലോകരാജ്യങ്ങളോട് അടിയന്തരമായി ഇടപെടണമെന്ന് സെലെൻസ്‌കി

കീവ്: തെക്കൻ ഉക്രെയ്‌നിലെ ഖേഴ്‌സണില്‍ നിപ്രോ നദിയിലുള്ള നോവ കഖോവ്ക ജലവൈദ്യുത അണക്കെട്ട് തകർക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറാൻ പാശ്ചാത്യ രാജ്യങ്ങൾ റഷ്യയോട് ആവശ്യപ്പെടണമെന്ന് ഉക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ അഭ്യർത്ഥന. ലോകരാജ്യങ്ങള്‍ അടിയന്തരമായി റഷ്യയുടെ ഭീകരാക്രമണം തടയാന്‍ ഇടപെടണം.

അണക്കെട്ട് തകര്‍ക്കുന്നത് വലിയ രീതിയിലുള്ള നഷ്ടമുണ്ടാക്കുമെന്നാണ് പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കി വിശദീകരിക്കുന്നത്. ഖേഴ്‌സൺ ഉൾപ്പെടെ 80 പട്ടണങ്ങളും ഗ്രാമങ്ങളും നഗരങ്ങളും വെള്ളപ്പൊക്കത്തിൽ മുങ്ങാൻ സാധ്യതയുണ്ട്.

പ്ലാന്റിൽ ഒരു അന്താരാഷ്ട്ര നിരീക്ഷണ സംഘത്തെ നിയോഗിക്കണമെന്നും ഒരു ദുരന്തം തടയാൻ അത് അത്യന്താപേക്ഷിതമാണെന്ന് സെലൻസ്കി പറഞ്ഞു. ടിവിയിലെ പ്രഭാഷണത്തിലൂടെയാണ് വ്ളോഡിമിർ സെലെൻസ്കി അഭ്യര്‍ത്ഥന മുന്നോട്ട് വച്ചത്.

ഖേഴ്‌സൺ നഗരം തിരിച്ചു പിടിക്കാനുള്ള ഉക്രെയ്‌ൻ സേനയുടെ മുന്നേറ്റത്തെ തടയാനുള്ള റഷ്യയുടെ ശ്രമമാണ് നോവ കഖോവ്ക അണക്കെട്ടിനു ഭീഷണിയാകുന്നതെന്നാണ് വിലയിരുത്തൽ. അണക്കെട്ട് തകർന്നാൽ 2014 ൽ റഷ്യ പിടിച്ച ക്രൈമിയ ഉൾപ്പെടെ തെക്കൻ ഉക്രെയ്‌നിന്റെ വലിയൊരു ഭാഗം വെള്ളത്തിനടിയിലാകും.

വൻ ദുരന്തത്തിനിടയാക്കുന്ന ഈ ഭീകരപ്രവർത്തനത്തിൽ നിന്ന് റഷ്യ പിന്മാറണമെന്നും സെലെൻസ്കി അഭ്യർഥിച്ചു. കൂടാതെ ഡാമിനോട് ചേര്‍ന്ന വൈദ്യുത നിലയം തകര്‍ന്നാല്‍ അത് ഉക്രെയ്‌നിന്റെ ഊര്‍ജ സംവിധാനങ്ങളെയും കാര്യമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

30 മീറ്റര്‍ ഉയരവും 3.2 കിലോമീറ്റര്‍ നീളവും ഉള്ള നോവ കഖോവ്ക ജലവൈദ്യുത അണക്കെട്ട് 1956 ലാണ് നിര്‍മ്മിച്ചത്. ക്രൈമിയ, സെപൊറീഷ്യ ആണവനിലയങ്ങളിലേക്കും ഈ അണക്കെട്ടിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്.

അതേസമയം റഷ്യ ആരോപണം നിഷേധിച്ചു. ഉക്രെയ്‌നാണ് ഡാം തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും റഷ്യ ആരോപിച്ചു. മോസ്കോയുടെ പിന്തുണയുള്ള ഖേഴ്‌സൺ പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവർണറായ കിറിൽ സ്ട്രെമോസോവ്, സെലെൻസ്‌കിയെ "ഒരു നുണയൻ" എന്ന് വിളിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ അവകാശവാദങ്ങളെ നിരസിച്ചത്.

ഡാമിനെ യു.എസ് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ഉക്രെയ്‌ന്‍ പദ്ധതിയിടുന്നതായി ഉക്രെയ്‌നിലെ റഷ്യന്‍ സേനയുടെ കമാന്‍ഡറായ സെര്‍ജി സുറൊവികിന്‍ മുമ്പ് ആരോപിച്ചിരുന്നു. എന്നാല്‍ ഡാം തകര്‍ത്ത് തങ്ങള്‍ക്ക് മേല്‍ കുറ്റം ആരോപിക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന് ഉക്രെയ്‌ന്‍ മറുപടി നല്‍കി.

പിന്നാലെ ഡാമില്‍ റഷ്യ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചെന്നും ഡാം തകര്‍ന്നാല്‍ വന്‍ ദുരന്തമുണ്ടാകുമെന്നും സെലെന്‍സ്‌കി മുന്നറിയിപ്പ് നല്‍കുകയായിരുന്നു. എന്നാല്‍ ഡാമില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചെന്ന ആരോപണം ഖേഴ്‌സണില്‍ റഷ്യ സ്ഥാപിച്ച പ്രാദേശിക ഭരണകൂടം തള്ളി.

കഴിഞ്ഞ മാസങ്ങളിൽ ഉക്രെയ്‌ൻ പാശ്ചാത്യ ആയുധ സഹായത്തോടെ കനത്ത തിരിച്ചടി നൽകിത്തുടങ്ങിയതോടെയാണ് റഷ്യയും ആക്രമണം കടുപ്പിച്ചത്. ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും റഷ്യ മിസൈൽ ആക്രമണം ശക്തമായി തുടരുകയാണ്.

ക്രൂസ് മിസൈലുകളും ഇറാൻ നിർമിത ഡ്രോണുകളും ഉപയോഗിച്ച് ഉക്രെയ്‌ൻ നഗരങ്ങളിൽ തുടർച്ചയായ ആക്രമണമാണ് നടക്കുന്നത്. ഉക്രെയ്‌നിന്റെ വൈദ്യുതി വിതരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഒട്ടേറെ ആക്രമണം ഉണ്ടായി. കീവ് ഉൾപ്പെടെ പലയിടങ്ങളിലും വൈദ്യുതിയില്ലാതെ ജനം ദുരിതത്തിലാണ്. രാജ്യത്തെ തുടച്ചുമാറ്റാനുള്ള ശ്രമമെന്നാണ് സെലെൻസ്കി റഷ്യയുടെ ആക്രമണങ്ങളേക്കുറിച്ച് പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.