ചൈനയില്‍ ചരിത്രമെഴുതി ഷി ജിന്‍പിങ്; മൂന്നാം തവണയും അധികാരത്തില്‍; പ്രസിഡന്റായും പാര്‍ട്ടി സെക്രട്ടറിയായും തുടരും

ചൈനയില്‍ ചരിത്രമെഴുതി ഷി ജിന്‍പിങ്; മൂന്നാം തവണയും അധികാരത്തില്‍; പ്രസിഡന്റായും പാര്‍ട്ടി സെക്രട്ടറിയായും തുടരും

ബീജിങ്: തുടര്‍ച്ചയായ മൂന്നാം തവണയും ചൈനീസ് പ്രസിഡന്റായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സിപിസി) ജനറല്‍ സെക്രട്ടറിയായും ചരിത്രത്തിലിടം നേടി ഷി ജിന്‍പിങ്. ഷി ജിന്‍പിങ്ങിനെ അനന്തകാലത്തേക്ക് അധികാരത്തിലിരിക്കാനും പാര്‍ട്ടിയില്‍ സ്വാധീനമുറപ്പിക്കാനുമുള്ള ഔദ്യോഗിക തീരുമാനത്തിന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് അംഗീകാരം നല്‍കിയത്. പാര്‍ട്ടി സ്ഥാപക നേതാവ് മാവോയ്ക്ക് ശേഷം തുടര്‍ച്ചയായി രണ്ടിലധികം തവണ ജനറല്‍ സെക്രട്ടറിയാകുന്ന ആദ്യ നേതാവാണ് ഷി. പ്രസിഡന്റിന്റെ വിശ്വസ്തനായ ലി ക്വിയാങ് ആണ് പുതിയ പ്രധാനമന്ത്രി.

ഞായറാഴ്ച ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയുടെ ആദ്യ സമ്പൂര്‍ണ യോഗത്തിലാണ് പൊളിറ്റ് ബ്യൂറോയെയും ജനറല്‍ സെക്രട്ടറിയെയും തെരഞ്ഞെടുത്തത്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് പാര്‍ട്ടിയെ നയിക്കാനുള്ള കേന്ദ്ര കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. 205 പൂര്‍ണ സമയ അംഗങ്ങളും 171 അള്‍ട്ടര്‍നേറ്റ് അംഗങ്ങളും ഉള്‍പ്പെടെ 376 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്.

ശനിയാഴ്ച 69 വയസുകാരനായ ഷിയെ കേന്ദ്ര കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തിരുന്നു. നിലവില്‍ 68 വയസായിരുന്നു പാര്‍ട്ടി അംഗമാകാനുള്ള പ്രായപരിധി. ഇതോടെ ഷി ജിന്‍പിങ് ആജീവനാന്തം അധികാരക്കസേരയില്‍ തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ തലവനായും ഷി തുടരും.

ചൈനയെ നയിക്കാന്‍ തന്നില്‍ വിശ്വാസമേല്‍പിച്ചതിന് നന്ദിയെന്നായിരുന്നു ഷിയുടെ പ്രതികരണം. ലോകത്തിന്റെ പിന്തുണയില്ലാതെ ചൈനക്ക് നിലനില്‍പില്ല, ലോകത്തിന് ചൈനയും അനിവാര്യമാണ്. 40 വര്‍ഷത്തെ കഠിന ശ്രമങ്ങള്‍ക്കു ശേഷം സമ്പദ് രംഗത്ത് വലിയ പുരോഗതിയും ദീര്‍ഘകാല സാമൂഹിക സുസ്ഥിരതയും നമ്മള്‍ കൈവരിച്ചിരിക്കുന്നു. -ഷി കൂട്ടിച്ചേര്‍ത്തു.

അഞ്ചു വര്‍ഷം വീതമുള്ള രണ്ടു ടേം പൂര്‍ത്തിയാകുമ്പോള്‍ പ്രസിഡന്റ് സ്ഥാനമൊഴിയുന്നതാണ് മാവോയ്ക്കു ശേഷം ചൈനയിലെ കീഴ്‌വഴക്കം. ഇതനുസരിച്ച് 10 വര്‍ഷം പൂര്‍ത്തിയാക്കിയ മറ്റ് മന്ത്രിമാരെ ഒഴിവാക്കിയപ്പോഴാണ് ഷി ചിന്‍പിങ്ങിനെ പാര്‍ട്ടി പരമാധികാരിയായി നിയമിച്ചത്. ഇതിന് അവസരമൊരുക്കുന്നതടക്കമുള്ള പാര്‍ട്ടി ഭരണഘടന ഭേദഗതികള്‍ ശനിയാഴ്ച സമാപിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നു.

മൂന്നാം തവണയും ഷി ഏകാധിപത്യം തുടരുമ്പോള്‍ ബീജിങ്ങില്‍ ഉള്‍പ്പെടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രസിഡന്റിനെതിരെ പോസ്റ്റര്‍, ബാനര്‍ പ്രതിഷേധമുള്‍പ്പെടെ ഉയര്‍ന്ന സാഹചര്യത്തിലാണിത്. ചോദ്യം ചെയ്യാന്‍ കഴിയാത്ത നേതാവായി ചൈനയിലും പാര്‍ട്ടി കോണ്‍ഗ്രസിലും ആധിപത്യം ഉറപ്പിക്കുകയാണ് ഷിയുടെ ലക്ഷ്യം.

ചൈനയുടെ മുന്‍ പ്രസിഡന്റായ ആയ ഹൂ ജിന്റാവോയെ പാര്‍ട്ടി കോണ്‍ഗ്രസിനിടെ ബലംപ്രയോഗിച്ച് പുറത്താക്കിയത് ഉള്‍പ്പെടെ ഇക്കാര്യത്തെ സാധൂകരിക്കുന്നതായി ഗാര്‍ഡിയന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന സെഷനില്‍ ഹൂ ജിന്റാവോയെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പിടിച്ചുകൊണ്ടുപോകുന്നത്. ഷിയുടെ തൊട്ടപ്പുറത്തായിരുന്നു അദ്ദേഹം ഇരുന്നിരുന്നത്. ബലംപ്രയോഗിച്ച് വേദിക്ക് പുറത്തേക്ക് എത്തിച്ച സംഭവത്തിന് പിന്നില്‍ വിവാദമുയര്‍ന്നതോടെ ന്യായീകരണവുമായി അധികൃതര്‍ എത്തുകയും ചെയ്തു. ചില ശാരീരിക പ്രശ്നങ്ങള്‍ ഹൂവിന് ഉണ്ടായിരുന്നതായും അതിനാലാണ് വേദിയില്‍ നിന്ന് മാറ്റിയതെന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.