'രേവ്ഡി സംസ്കാരം' അവസാനിപ്പിക്കണം; തിരഞ്ഞെടുപ്പിൽ സൗജന്യങ്ങളും വാഗ്ദാനങ്ങളും വിലക്കാൻ സി.എ.ജി

'രേവ്ഡി  സംസ്കാരം' അവസാനിപ്പിക്കണം; തിരഞ്ഞെടുപ്പിൽ സൗജന്യങ്ങളും വാഗ്ദാനങ്ങളും വിലക്കാൻ സി.എ.ജി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടികളും സ്ഥാനാർഥികളും നൽകുന്ന സൗജന്യങ്ങളും വാഗ്ദാനങ്ങളും വിലക്കാൻ ശുപാർശക്കൊരുങ്ങി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി). ഇത്തരം ഉറപ്പുകൾ നടപ്പാക്കുക വഴി സർക്കാരുകൾക്ക് കടുത്ത സാമ്പത്തിക ബാധ്യത വരുന്നതായ കണ്ടെത്തലിനെ തുടർന്നാണ് നടപടി. തിരഞ്ഞെടുപ്പിൽ സൗജന്യങ്ങളും വാഗ്ദാനങ്ങളും വിലക്കുക എന്ന ബി.ജെ.പി അജണ്ടക്ക് ചുവടുപിടിച്ചാണ് സി.എ.ജിയും രംഗത്ത് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആക്ഷപം ഉന്നയിച്ചു.

സംസ്ഥാനങ്ങളുടെ ധനസുസ്ഥിരത സി.എ.ജിയുടെ കഴിഞ്ഞയാഴ്ചത്തെ ഓഡിറ്റ് ഉപദേശകബോർഡ് ചർച്ച ചെയ്തിരുന്നു. ഇളവുകൾ, എഴുതിത്തള്ളലുകൾ, സബ്സിഡി ഭാരം, ബജറ്റിന് പുറത്തുള്ള കടബാധ്യത എന്നിവ സംസ്ഥാനങ്ങൾക്ക് വലിയ ബാധ്യത ഉണ്ടാക്കിയെന്നു സി.എ.ജി വിലയിരുത്തി. 

കോവിഡിന് ശേഷം എല്ലാ സംസ്ഥാനങ്ങളും റവന്യൂകമ്മിയിലാണെന്നാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഗിരീഷ് ചന്ദ്ര മുർമു തലവനായ 21 അംഗ ബോർഡ് വിലയിരുത്തിയത്. ഇതിന്റെ തുടർച്ചയായാണ് സൗജന്യങ്ങൾക്കും ഇളവുകൾക്കും ചുവപ്പുകൊടി കാട്ടാനുള്ള നടപടികളിലേക്ക് സി.എ.ജി കടക്കുന്നത്. 

സ്വന്തം റവന്യൂ വരുമാനം കൊണ്ട് തീർക്കാവുന്ന ചെലവുകളല്ല സംസ്ഥാനങ്ങൾ ഉണ്ടാക്കുന്നതെന്ന് ബോർഡുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഓരോ സംസ്ഥാനത്തിന്റെയും ബജറ്റിന്റെ പകുതിയിലേറെയും കടം തിരിച്ചടവിന് പോകുകയാണ്. 

ഇത് തുടരാൻ അനുവദിക്കില്ല. ഈ വർഷം മുതൽ കർശനമായി നീങ്ങും. ഈ ശീലം സുസ്ഥിരതക്ക് തടസ്സമാണ്. സംസ്ഥാനങ്ങൾക്ക് പ്രശ്നമായിത്തീരുമെന്നതിനാൽ ചുവപ്പുകൊടി കാണിക്കേണ്ടി വരുമെന്നും അവർ വ്യക്തമാക്കി.

പ്രതിപക്ഷ പാർട്ടികളുടെ 'രേവ്ഡി (സൗജന്യ) സംസ്കാരം' അവസാനിപ്പിക്കണമെന്നും തെരഞ്ഞെടുപ്പിൽ സൗജന്യങ്ങൾ വിലക്കണമെന്നും ആവശ്യപ്പെട്ടതിന് പിറകെ വിഷയത്തിൽ ബി.ജെ.പി നേതാവിന്റെ ഹരജി സുപ്രീംകോടതിയിലെത്തിയിരുന്നു. പ്രധാനമന്ത്രിയുടേതിന് സമാനമായ നിലപാട് കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ എടുക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.