വിസി നിയമനം ചട്ടവിരുദ്ധമെങ്കില്‍ ഉത്തരവാദി ഗവര്‍ണര്‍: ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്യുന്നു; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് മുഖ്യമന്ത്രി

വിസി നിയമനം ചട്ടവിരുദ്ധമെങ്കില്‍ ഉത്തരവാദി ഗവര്‍ണര്‍: ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്യുന്നു; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് മുഖ്യമന്ത്രി

പാലക്കാട്: ഒന്‍പത് സര്‍വകലാശാലകളിലും നിയമന അധികാരി ഗവര്‍ണറാണെന്നും വിസി നിയമനങ്ങള്‍ ചട്ടവിരുദ്ധമാണെങ്കില്‍ അതിന്റെ പ്രാഥമിക ഉത്തരവാദിത്തം ഗവര്‍ണര്‍ക്കാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെയെങ്കില്‍ ഗവര്‍ണറുടെ യുക്തി പ്രകാരം പദവിയില്‍ നിന്ന് രാജിവയ്‌ക്കേണ്ടത് വിസിമാരോണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. പാലക്കാട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാരോട് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി അസ്വാഭാവിക തിടുക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമവും നീതിയും നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാന തത്വങ്ങളെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മറക്കുകയാണ്. ഇതിന്റെ ഭാഗമായിരുന്നു രാജി ആവശ്യപ്പെട്ടുള്ള ട്വീറ്റ്. ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്യുന്നു. ഇത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന്റെ അന്തസത്തെ നിരാകരിക്കുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെയും അക്കാഡമിക സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളുടെയും അധികാരത്തിലുള്ള കടന്നു കയറ്റമാണിത്. ജനാധിപത്യത്തെ മാനിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള അമിതാധിതകാര പ്രവണതകള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. ഗവര്‍ണര്‍ പദവി സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അധികാരം സര്‍ക്കാരിനെതിരെ നീക്കം നടത്താനും ഉള്ളതല്ല. ഭരണഘടന നല്‍കുന്ന അധികാരങ്ങളും ചുമതലകളും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ഭരണഘടനയുടെയും അന്തസ് കാത്തു സൂക്ഷിക്കാനുളളതാണ്. കെ.ടി.യു വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ മറപിടിച്ചാണ് ഒന്‍പത് വിസിമാരോട് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. അദ്ദേഹം സംഘപരിവാറിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. സര്‍വകലാശാലകള്‍ക്ക് നേരെ നശീകരണ ബുദ്ധിയോടുള്ള യുദ്ധമാണ് അദ്ദേഹം നടത്തുന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

കെ.ടി.യു വിസിയ്ക്ക് അക്കാഡമിക് പദവിയില്ലെന്ന് സുപ്രീം കോടതി വിധിയില്‍ പറയുന്നില്ല. നടപടിക്രമത്തിലെ പ്രശ്‌നം മാത്രമാണ് ചൂണ്ടിക്കാട്ടിയതെന്നും വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കാന്‍ അവസരമുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.