കിളികൊല്ലൂര്‍ പൊലീസ് മര്‍ദനം; കേസ് പരിഗണിച്ച മജിസ്‌ട്രേറ്റിനെതിരെയും പരാതി

കിളികൊല്ലൂര്‍ പൊലീസ് മര്‍ദനം; കേസ് പരിഗണിച്ച മജിസ്‌ട്രേറ്റിനെതിരെയും പരാതി

കൊല്ലം: കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും പൊലീസ് മര്‍ദിക്കുകയും കള്ളക്കേസ് എടുക്കുകയും ചെയ്ത സംഭവത്തില്‍ കൊല്ലം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനെതിരെയും പരാതി. പൂര്‍വ്വ സൈനിക സേവാ പരിഷത്താണ് മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്.

പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റെന്ന് മനസിലാക്കിയിട്ടും ചികിത്സ ഉറപ്പാക്കിയില്ലെന്നും പൊലീസ് ആവശ്യപ്പെട്ട പ്രകാരം മജിസ്‌ട്രേറ്റ് ഇരകളെ റിമാന്‍ഡ് ചെയ്‌തെന്നുമാണ് ആക്ഷേപം. സൈനികനും സഹോദരനും മര്‍ദ്ദന വിവരം മജിസ്‌ട്രേറ്റിനോട് പറഞ്ഞെന്ന് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. മജിസ്‌ട്രേറ്റിനെതിരെ ശക്തമായ നടപടി വേണമെന്നാണ് പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ ആവശ്യം.

സംഭവത്തില്‍ വീഴ്ച്ച സമ്മതിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് പരാതിക്കാരനായ വിഘ്നേഷ് പറയുന്നു. സത്യങ്ങള്‍ പുറത്ത് വന്നതോടെ കൂടുതല്‍ ന്യായികരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് വിഘ്നേഷ് പ്രതികരിച്ചു. പുറത്തായ വോയിസില്‍ തന്നെ പറയുന്നു കഴിവും ബലവും പ്രഗോഗിച്ച് കീഴ്പ്പെടുത്തിയെന്ന്. കൈവിലങ്ങിട്ടു കൊണ്ടാണ് അകത്തേക്ക് കൊണ്ടു പോകുന്നത്. ധൈര്യമുണ്ടെങ്കില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ മുഴുവനും പുറത്തുവിടണം. പ്രകാശ് എന്നു പറയുന്ന പൊലീസിന്റെ തലയില്‍ മാത്രം ഇട്ടുകൊടുത്തിട്ട് രക്ഷപ്പെടാനാണ് മറ്റ് പ്രതികള്‍ ശ്രമിക്കുന്നതെന്നും വിഘ്നേഷ് കുറ്റപ്പെടുത്തി.

അതേസമയം സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. പരാതിക്കാരനായ വിഘ്‌നേഷിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതില്‍ ഉള്‍പ്പെടെ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും. കിളികൊല്ലൂര്‍ പൊലീസ് മര്‍ദനത്തില്‍ സൈന്യം അന്വേഷണം തുടങ്ങിയതോടെ ക്രൈംബ്രാഞ്ചും നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.