നയ്പിഡോ: മ്യാന്മറില്‍ സംഗീത പരിപാടിക്കിടെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ സംഗീതഞ്ജര്‍ ഉള്‍പ്പെടെ അൻപതോളം പേര്‍ കൊല്ലപ്പെട്ടു. 100 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. മ്യാൻമറിലെ വ്യോമാക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ ഐക്യരാഷ്ട്രസഭ "അഗാധമായ ഉത്കണ്ഠയും ദുഃഖവും" അറിയിച്ചു.
രാജ്യത്തെ ന്യൂനപക്ഷമായ കച്ചിന്‍ വിഭാഗത്തിന്റെ രാഷ്ട്രീയ സംഘടനയായ കച്ചിൻ ഇൻഡിപെൻഡൻസ് ഓർഗനൈസേഷൻ (കെഐഒ) സ്ഥാപിതമായതിന്റെ 62-ാം വാര്‍ഷിക ആഘോഷത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മ്യാന്മറില്‍ വര്‍ധിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്‍ഡോനേഷ്യയില്‍ ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുടെ യോഗം ചേരാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് ആക്രമണം.
രാജ്യത്ത് സൈന്യം അധികാരം പിടിച്ചെടുത്ത ശേഷം ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്ന വ്യോമാക്രമണം കൂടിയാണിത്. രണ്ട് മ്യാൻമർ സൈനിക ജെറ്റുകൾ വ്യോമാക്രമണം നടത്താൻ ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, സൈനിക ഭരണകൂടം റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടില്ല.
2021-ൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നാഷണൽ ലീഗ് ഫോർ ഡെമോക്രസി ഗവൺമെന്റിനെ അട്ടിമറിച്ച് അധികാരം കൈയാളിയ സൈനിക ഭരണകൂടമാണ് നിലവിൽ മ്യാൻമർ ഭരിക്കുന്നത്. നിരായുധരായ സാധാരണ പൗരന്മാരുടെ നേരെ സുരക്ഷാ സേന നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അസ്വീകാര്യമാണെന്നും ഉത്തരവാദിത്തപ്പെട്ടവർ കണക്ക് പറയേണ്ടിവരുമെന്നും ഐക്യരാഷ്ടസഭ വ്യക്തമാക്കിയിട്ടുണ്ട്.
ഔറലി, ഗലൗ യവ് ലുവി എന്നിവരുൾപ്പെടെ പ്രശസ്ത കച്ചിൻ സംഗീതജ്ഞരുടെ പ്രകടനങ്ങൾ ഫെസ്റ്റിവലിൽ ഉണ്ടായിരുന്നു. ഗായകൻ ഔറലി പരിപാടി അവതരിപ്പിക്കുന്നതിനിടെ പ്രധാന വേദിക്ക് സമീപം ബോംബുകളിലൊന്ന് പൊട്ടിത്തെറിക്കുകയും അപ്പോൾ തന്നെ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഗായകൻ യാവ് ലുവിയും കീബോർഡ് പ്ലെയർ കോ കിങ്ങും കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നും അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ ഈ മേഖലയിലെ ആശയവിനിമയ നിയന്ത്രണങ്ങൾ മൂലം ഔദ്യോഗിക റിപ്പോർട്ടുകൾ ലഭ്യമല്ല. ആക്രമണത്തെക്കുറിച്ചുള്ള സ്വതന്ത്ര റിപ്പോർട്ടുകളും ഇതുവരെ പുറത്ത് വന്നിട്ടില്ല. മരണസംഖ്യ ഇനിയും വർദ്ധിച്ചേക്കാം.
ആക്രമണ ശേഷമുള്ള പ്രദേശത്തിന്റെ വിവിധ ദൃശ്യങ്ങള്‍ ചില മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. തകര്‍ന്ന വാഹനങ്ങള്‍, തടികൊണ്ട് നിർമ്മിച്ച വീടുകൾ, പ്ലാസ്റ്റിക് കസേരകള്‍, മറ്റ് തടി ഉപകരണങ്ങള്‍ ഉള്‍പ്പെടെ കാണിക്കുന്ന ദൃശ്യങ്ങളില്‍ ആക്രമണത്തിന്റെ തീവ്രത വ്യക്തമാണ്.
സ്വയംഭരണാവകാശം ആവശ്യപ്പെടുന്ന വംശീയ ന്യൂനപക്ഷങ്ങളുടെ സായുധ മുന്നേറ്റങ്ങള്‍ മ്യാന്മറിലെ രാഷ്ട്രീയ കാലാവസ്ഥയെ പതിറ്റാണ്ടുകളോളം കലുഷിതമാക്കിയിരുന്നു. എന്നാല്‍, ജനാധിപത്യവാദ പ്രസ്ഥാനങ്ങള്‍ സായുധമായി സംഘടിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.
അട്ടിമറിയിലൂടെ മ്യാൻമറിന്റെ നിയന്ത്രണം കൈക്കലാക്കിയ പട്ടാളസംഘം രാജ്യം കീഴടക്കിയതിനുശേഷം കുറഞ്ഞത് 2,370 പേർ കൊല്ലപ്പെടുകയും 15,900 ലധികം പേർ അറസ്റ്റിലാവുകയും ചെയ്തതായി രാഷ്ട്രീയ തടവുകാർക്കുള്ള അസിസ്റ്റൻസ് അസോസിയേഷന്റെ കണക്കുകളിൽ വ്യക്തമാകുന്നു. കഴിഞ്ഞവര്‍ഷം ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ട് സൈന്യം അധികാരം പിടിച്ചപ്പോള്‍ മുതല്‍ ജനാധിപത്യവാദ പ്രസ്ഥാനങ്ങള്‍ സമരരംഗത്തുണ്ട്.
https://twitter.com/i/status/1584462193877463041
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.