ലണ്ടൻ: ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ 7 വർഷം മുൻപ് എംപി പോലും അല്ലാതിരുന്ന ഇന്ത്യൻ വംശജനായ റിഷി സുനക് രാജ്യത്തെ ഏറ്റവും ഉന്നത പദവിയായ പ്രധാനമന്ത്രിയിലേക്ക് എത്തുമ്പോൾ കൈവരിച്ചിരിക്കുന്നത് സ്വപ്നസമാനമായ രാഷ്ട്രീയവളർച്ചയാണെന്ന് ഉറപ്പിച്ച് പറയാം. സുനകിന്റെ വളർച്ച നിരവധി കാരണങ്ങളാൽ ശ്രദ്ധേയമാണ്.
ബ്രിട്ടന്റെ ആധുനിക രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സുനക് എന്നത് അതിൽ ഒന്ന് മാത്രമാണ്. രണ്ട് നൂറ്റാണ്ടുകൾക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന പ്രായം കുറഞ്ഞ നേതാവാണ് 42 കാരനായ സുനക്.
1997-ൽ പ്രധാനമന്ത്രിയായപ്പോൾ ടോണി ബ്ലെയറിന് ഉണ്ടായിരുന്ന പ്രായത്തെക്കാൾ ഒരു വയസ് കുറവാണ് റിഷി സുനകിന്. 2010ൽ ബ്രിട്ടന്റെ ഭരണ സിരാകേന്ദ്രമായ ഡൗണിംഗ് സ്ട്രീറ്റിൽ പ്രവേശിച്ച ഡേവിഡ് കാമറൂണിന് അന്ന് ബ്ലയറിനേക്കാൾ മാസങ്ങളുടെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കാമറൂൺ ആയിരുന്നു ഇതുവരെയും ബ്രിട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന ഖ്യാതി സ്വന്തമാക്കിയിരുന്നത്.
1783 ൽ 24 ആം വയസ്സിൽ പ്രധാനമന്ത്രിയായ വില്യം പിറ്റ് ആണ് ബ്രിട്ടന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ ആ സ്ഥാനം വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന പേര് നിലനിർത്തിയിട്ടുള്ളത്. പിന്നീട് 18-ാം നൂറ്റാണ്ടിൽ മുപ്പതാം വയസിൽ പല രാഷ്ട്രീയക്കാരും രാജ്യത്തിന്റെ പരമോന്നത പദവി ഏറ്റെടുത്തിരുന്നു.
എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ നിന്ന് വെറും ഏഴ് വർഷങ്ങൾക്കിപ്പുറമാണ് സുനക് പ്രധാനമന്ത്രിയാകുന്നത്. ആധുനിക യുഗത്തിൽ ഏറ്റവും വേഗത്തിൽ ഉയർച്ച കൈവരിച്ച പ്രധാനമന്ത്രിയാണ് അദ്ദേഹം. ഡേവിഡ് കാമറൂൺ എംപിയായി തിരഞ്ഞെടുക്കപ്പെട്ട് ഒൻപതാം വർഷമാണ് ഈ പദവിയിലെത്തിയത്. എന്നാൽ വില്യം പിറ്റ് വീണ്ടും ആ റെക്കോഡ് മറികടക്കുന്നു. അദ്ദേഹം എംപിയായി തിരഞ്ഞെടുക്കപ്പെട്ട് വെറും രണ്ട് വർഷം കൊണ്ട് പ്രധാനമന്ത്രി പദം സ്വന്തമാക്കി.
കൂടാതെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യന്‍ വംശജൻ എന്ന പ്രത്യേകത കൂടിയുണ്ട് റിഷി സുനകിന്റെ പുതിയ വിജയത്തിന്. അവിഭക്ത ഇന്ത്യയിലെ പഞ്ചാബിൽ ജനിച്ച്, ആദ്യം കിഴക്കൻ ആഫ്രിക്കയിലേക്കും തുടർന്ന് 1960കളിൽ ബ്രിട്ടനിലേക്കും കുടിയേറിയവരാണു റിഷിയുടെ പൂർവികർ.
അതേസമയം സുനക് രാജ്യത്തെ ആദ്യത്തെ ന്യൂനപക്ഷ വംശീയ പ്രധാനമന്ത്രിയാണെന്ന് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ആ പദവി ടോറി ബെഞ്ചമിൻ ഡിസ്രേലിയുടെതാണ്. അദ്ദേഹം ജൂത വംശജനായിരുന്നു. ചാൾസ് മൂന്നാമൻ രാജാവ് ബക്കിംഗ്ഹാം കൊട്ടാരത്തിൽ വെച്ച് റിഷി സുനകിനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിച്ചതോടെ അദ്ദേഹം രാജ്യത്തെ ആദ്യത്തെ ഹിന്ദു മതവിശ്വാസിയായ പ്രധാനമന്ത്രിയാകും.
പക്ഷേ സുനക് തന്റെ മതത്തെക്കുറിച്ച് വളരെ അപൂർവമായി മാത്രമേ സംസാരിക്കാറുള്ളു. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ നമ്പർ 11 ഡൗണിന് സ്ട്രറ്റിലെ വസതിയിൽ അദ്ദേഹം ദീപാവലി ദീപങ്ങൾ തെളിയിച്ചിരുന്നു.
യോർക്ക്ഷയർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആദ്യ പ്രധാനമന്ത്രിയാകും സുനക്. 2015 ല്‍ നോർത്ത് യോർക്ക്ഷെയറിലെ റിച്ച്മണ്ടിനുള്ള ഹൗസ് ഓഫ് കോമൺസിലേക്ക് സുനക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. മുൻ കൺസർവേറ്റീവ് പാർട്ടി നേതാവ് വില്യം ഹേഗ് കൈവശം വച്ചിരുന്ന മണ്ഡലമായിരുന്നു ഇത്.
കൂടാതെ 1980 മെയ് 12 ന് ജനിച്ച സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദവി വഹിക്കുന്ന ഏറ്റവും വലിയ ധനികൻ കൂടിയാണ്. 2022 ലെ കണക്കനുസരിച്ച് 730 മില്യൺ പൗണ്ടിന്‍റെ ആസ്തിയാണ് സുനകിനും ഭാര്യയും ഇൻഫോസിസ് സ്ഥാപിച്ച ഇന്ത്യൻ കോടീശ്വരനായ വ്യവസായി എൻ.ആർ. നാരായണ മൂർത്തിയുടെ മകളുമായ അക്ഷത മൂർത്തിക്കുമുള്ളത്. കണക്കുകള്‍ പ്രകാരം ബ്രിട്ടനിലെ 222 -ാമത്തെ ധനികരാണ് ഇരുവരും.
8 വർഷം മുൻപായിരുന്നു സുനകിന്റെ രാഷ്ട്രീയ പ്രവേശനം. പടിപടിയായി വളർച്ച. പിന്നീട് രാജ്യത്തിന്റെ ധനകാര്യ മന്ത്രിയായിരിക്കെ രണ്ടു മാസം മുൻപ് പ്രധാനമന്ത്രിപദത്തിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ലിസ് ട്രസിനോട് പരാജയം.
പിന്നാലെ റിഷി സുനകിന് മന്ത്രിസ്ഥാനം നഷ്ടമായി. എന്നാൽ പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് അക്ഷരാർഥത്തിൽ തെളിയിച്ച് 50 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രിപദത്തിലേക്ക് അദ്ദേഹം കാലെടുത്ത് വെക്കുമ്പോൾ ഇന്ത്യക്കാർക്കും ഏറെ അഭിമാന നിമിഷമാണ് കൈവരുന്നത്.
കാലത്തിന്റെ കാവ്യനീതി എന്ന് പറയുംപോലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദം റിഷി സുനകിന്റെ കൈകളിലേക്കെത്തുന്നത്. 200 വർഷക്കാലം ഇന്ത്യയെ ഭരിച്ച ബ്രിട്ടനെ നയിക്കാൻ, കൊവിഡും യുക്രൈൻ യുദ്ധവും തകർത്ത ആ രാജ്യത്തിന്റെ സാമ്പത്തിക നില തിരിച്ചുപിടിക്കാൻ, ഒടുക്കം ഒരു ഇന്ത്യൻ വംശജൻ തന്നെ പ്രധാനമന്ത്രിയായെത്തുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.