ലണ്ടൻ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് ബ്രിട്ടന്റെ 57 മത് പ്രധാനമന്ത്രി റിഷി സുനക്. ലിസ് ട്രസ് സര്‍ക്കാരിന്‌റെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകള്‍ തിരുത്താനാണ് താന്‍ പ്രധാനമന്ത്രിയായതെന്നും പ്രഥമ പ്രസംഗത്തിൽ സുനക് പറഞ്ഞു.
ബക്കിങ്ങാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമൻ രാജാവിനെ കണ്ട് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി ചുമതലയേറ്റെടുത്ത ശേഷമാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്. കൊട്ടാരത്തിന്റെ 1844ാം മുറിയിൽ വച്ചായിരുന്നു ചടങ്ങ്. ഔദ്യോഗിക വസതിയായ പത്താം നമ്പർ ഡൗണിങ് സ്ട്രീറ്റിലെത്തിയാണ് സുനക് രാജ്യത്തെ അഭിസംബോധന ചെയ്തത്.
രാജ്യത്തെ വളര്‍ച്ചയിലേക്ക് നയിക്കണമെന്ന ലിസ് ട്രസിന്‌റെ ആശയം തെറ്റായിരുന്നില്ലെന്ന് പറഞ്ഞ സുനക് മാറ്റം കൊണ്ടുവരാനുളള അവരുടെ കഠിന ശ്രമങ്ങളെ അഭിനന്ദിച്ചു. എന്നാല്‍ ചില പിഴവുകള്‍ സംഭവിച്ചു. അവ ഒരിക്കലും ദുരുദ്ദേശ്യം കൊണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിസങ്കീര്‍ണമായ സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യം. കോവിഡ് സൃഷ്ടിച്ച പ്രകമ്പനങ്ങൾ ഇപ്പോഴും തുടരുകയാണ്. തിരുത്തല്‍ നടപടികൾ ഉടന്‍ ആരംഭിക്കുമെന്നും സുനക് വിശദീകരിച്ചു.

സാമ്പത്തിക സ്ഥിരതയും ആത്മവിശ്വാസവുമാണ് സര്‍ക്കാരിന്‌റെ മുഖ്യ അജണ്ട. അതിനര്‍ഥം കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകും എന്നാണ്. ചാൻസലറായിരിക്കെ ജനങ്ങളെയും വ്യവസായങ്ങളെയും സംരക്ഷിക്കാൻ ചെയ്തത് ഇനിയും തുടരും. കോവിഡ് കാലത്ത് നിങ്ങളെന്നെ കണ്ടതാണ്. രാജ്യത്തെ ജനങ്ങളെയും വാണിജ്യമേഖലയെയും സംരക്ഷിക്കാന്‍ എന്നാലാകുന്നത് എല്ലാം ചെയ്തു. മുൻപുണ്ടായിരുന്ന അതേ ഉത്തരവാദിത്വത്തോടെ പ്രതിസന്ധികളെ ഇല്ലാതാക്കുമെന്നും സുനക് പറഞ്ഞു.
യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധം ലോകമെമ്പാടുമുള്ള ഊർജ്ജ വിതരണ ശൃംഖലയെ അസ്ഥിരപ്പെടുത്തിയെന്നും സുനക് പറഞ്ഞു. രാജ്യത്ത് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കും. വരും തലമുറയെ കടങ്ങളിലേക്ക് തള്ളിവിടില്ലെന്നും സുനക് പ്രഖ്യാപിച്ചു. വാക്കുകളിലല്ല, പ്രവൃത്തികളിലൂടെ രാജ്യത്തെ ഒരുമിപ്പിക്കും. ഇതിനായി രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കും. ഈ സര്‍ക്കാരിന് എല്ലാ തലത്തിലും സമഗ്രതയും പ്രൊഫഷണലിസവും ഉത്തരവാദിത്വവും ഉണ്ടായിരിക്കും.
ബ്രെക്സിറ്റ് അടക്കമുള്ള കാര്യങ്ങളിലെ പാർട്ടി നയം ശക്തമായി നടപ്പിലാക്കും. രാജ്യത്തെ ഏറ്റവും ഉയർന്ന പദവിയിൽ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കും. എല്ലാ പൗരന്മാരുടെയും വിശ്വാസം നേടിയെടുക്കുമെന്നും പ്രധാനമന്ത്രിയായി തന്‌റെ ആദ്യ പ്രസംഗത്തില്‍ ബ്രിട്ടീഷ് ജനതയോട് സുനക് പറഞ്ഞു.

പ്രധാനമന്ത്രി എന്ന നിലയില്‍ ബോറിസ് ജോണ്‍സന്‌റെ നേട്ടങ്ങളെയും പ്രകീര്‍ത്തിച്ച സുനക് എൻഎച്ച്എസ് ആരോഗ്യ സംവിധാനം ശക്തമാക്കുമെന്നും അടിസ്ഥാന-വിദ്യാഭ്യാസ മേഖലയിൽ പുരോഗതി കൈവരിക്കുമെന്നും അവകാശപ്പെട്ടു. 2019 ലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
ഒറ്റക്കെട്ടായി നമുക്ക് മികച്ച നേട്ടങ്ങള്‍ കൈവരിക്കാം. പലരും ചെയ്ത ത്യാഗങ്ങള്‍ക്ക് അനുയോജ്യമായ ഒരു ഭാവി നമ്മൾ സൃഷ്ടിക്കും. നാളെയും അതിന് ശേഷമുള്ള ഓരോ ദിവസവും പ്രതീക്ഷകളാല്‍ നിറയ്ക്കും. രാജ്യത്തെ മികച്ച ഭാവിയിലേക്ക് നയിക്കാനാണ് താന്‍ നില്‍ക്കുന്നതെന്നും പ്രവർത്തിക്കുകയെന്നും സുനക് കൂട്ടിച്ചേർത്തു.
അതിനിടെ ലോക നേതാക്കള്‍ സുനകിന് ആശംസകളര്‍പ്പിച്ച് രംഗത്തെത്തി. ഉക്രെയ്ന്‍- ബ്രിട്ടണ്‍ ബന്ധം ശക്തമായി തുടരുമെന്ന് ഉക്രെയ്ന്‍ പ്രസിഡന്‌റ് വൊളോദ്മര്‍ സെലന്‍സ്‌കി ട്വീറ്റ് ചെയ്തു. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‌റ് ഉറുസുല വോണ്‍ ദെര്‍ ലെയ്ന്‍, ഫ്രഞ്ച് പ്രസിഡന്‌റ് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയവരും ആശംസകളറിയിച്ച് രംഗത്തെത്തി.
കഴിഞ്ഞ ആറുവർഷത്തിനിടെ ബ്രിട്ടനിൽ അധികാരത്തിലെത്തുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയും ഈ വർഷം ബ്രിട്ടന് ലഭിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയുമാണ് റിഷി സുനക്. പ്രധാനമന്ത്രിയായതിനു പിന്നാലെ മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കുന്നതിനുള്ള ചർച്ചയും നടക്കുകയാണ്. ഉടനെ മന്ത്രിസഭാംഗങ്ങളുടെ നിയമനം പ്രതീക്ഷിക്കാം.
ധനം, വിദേശകാര്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളിൽ ആരാണ് ചുമതലയേൽക്കുക എന്നതിലാണ് ജനങ്ങൾ ആകാംക്ഷാപൂർവം നോക്കിയിരിക്കുന്നത്. നിലവിലെ ധനമന്ത്രി ജെറമി ഹണ്ടിന് സ്ഥാനം നഷ്ടമാകുമോ എന്നും ഉറ്റുനോക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.